എഡിറ്റര്‍
എഡിറ്റര്‍
പെന്‍ഷന്‍ പ്രായ വര്‍ധന: മുഖ്യമന്ത്രിക്ക് കരിങ്കൊടി
എഡിറ്റര്‍
Monday 19th March 2012 9:13pm

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കിളിമാനൂരില്‍ രാജാരവിവര്‍മ സ്മാരകം ഉദ്ഘാടനം ചെയ്യവെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഉമ്മന്‍ ചാണ്ടി ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റപ്പോള്‍ സദസില്‍ ഇരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് എഴുന്നേല്‍ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് കാരണമായി. കസേരകള്‍ വലിച്ചെറിഞ്ഞും മറ്റും ഇരുകൂട്ടരും ഏറ്റുമുട്ടി. പോലീസ് ലാത്തി വീശി ഇവരെ നേരിട്ടു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കീഴടക്കി കൊണ്ടു പോകുകയായിരുന്നു. പതിനഞ്ചോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റ വേദിക്ക് കേവലം പത്തു മീറ്റര്‍ അകലെയായിരുന്നു സംഭവങ്ങള്‍ നടന്നത്. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഡി.വൈ.എഫ്.ഐക്കാര്‍ പ്രതിഷേധിക്കാനിടയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കനത്ത പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാണ് സദസിലേക്ക് ആളുകളെ കടത്തി വിട്ടിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തുള്ളപ്പോള്‍ നടന്ന അനിഷ്ട സംഭവം വന്‍ സുരക്ഷാ പാളിച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു.

Malayalam news

Kerala news in English

Advertisement