ബാംഗ്ലൂര്‍: ഡി.വൈ.എഫ്.ഐയുടെ അംഗസംഖ്യയില്‍ ചരിത്രത്തിലില്ലാത്ത വിധം വന്‍ ഇടിവെന്ന് സംഘടനാ റിപ്പോര്‍ട്ട്. അഖിലേന്ത്യാ സമ്മേളനത്തില്‍ ബുധനാഴ്ച അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണിത് പറയുന്നത്. ഡി.വൈ.എഫ്.ഐ ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ബംഗാളിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. ബംഗാളില്‍ 2010ല്‍ 84,92,180 ആയിരുന്ന അംഗസംഖ്യ , 2011 ല്‍ 57,50,002 ആയിട്ടാണ് കുറഞ്ഞത്. ഒരു വര്‍ഷത്തിനിടെ ബംഗാളില്‍ കുറഞ്ഞത് 27,42,178 അംഗങ്ങളാണ്. കേരളത്തിലും സ്ഥിതി ആശാവഹമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ 2010ല്‍ 49, 41,618 ആയിരുന്ന അംഗസംഖ്യ 2011ല്‍ 48,20,290 ആയി. 1,21,328 അംഗങ്ങളുടെ കുറവാണ് വന്നത്.

Ads By Google

2010-11 വര്‍ഷങ്ങള്‍ താരതമ്യം ചെയ്ത കണക്കാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് ബംഗാളില്‍ വന്‍തകര്‍ച്ച ഉണ്ടാകാന്‍ കാരണമായി പറയുന്നത്. വീടുവീടാന്തരം നടന്ന് അംഗങ്ങളെ ചേര്‍ക്കാനുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം നടത്താത്തതാണ് കേരളത്തിലെ മെമ്പര്‍ഷിപ്പിലുള്ള ഇടിവിന് ഒരു പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഘടനയ്ക്ക് ശക്തിയുള്ള സംസ്ഥാനക്കമ്മിറ്റികള്‍ അനാവശ്യമായ ഫെഡറല്‍ പ്രവണത കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയോ അത് ലംഘിക്കുകയോ ചെയ്യുന്നുവെന്നാണ് കേരളം, ബംഗാള്‍ കമ്മിറ്റികള്‍ക്കെതിരെയുള്ള വിമര്‍ശം.

പുതിയ തൊഴിലിടങ്ങള്‍ കണ്ടെത്തി ആ മേഖലയിലെ യുവജനങ്ങളെ സംഘടിപ്പിക്കാനും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഡി.വൈ.എഫ്.ഐ. ഒരുങ്ങുകയാണ്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. പ്രവര്‍ത്തന ശൈലിയിലും സംഘടനയിലും കാതലായ മാറ്റങ്ങള്‍ വരുത്താനും തീരുമാനമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസംഘടനകളുമായി കൈകോര്‍ത്ത് അവര്‍ക്ക് ഡി.വൈ.എഫ്.ഐ.യില്‍ അഫിലിയേഷന്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുന്ന തീരുമാനമായതുകൊണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ ഇക്കാര്യം നടപ്പാവൂ.

ബുധനാഴ്ച രാവിലെയാണ് ടൗണ്‍ഹാളിലെ രവീന്ദ്രനാഥ ടാഗോര്‍ നഗറില്‍ പ്രതിനിധി സമ്മേളനം തുടങ്ങിയത്. രാവിലെ സംസ്ഥാന തല ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം വൈകിട്ട് പൊതുചര്‍ച്ച തുടങ്ങി.

ഇന്ന് വൈകിട്ട് വിവിധ ഇടത് യുവജന സംഘടനകളുടെ സോളിഡാരിറ്റി യോഗവും, നാളെ ഇന്റര്‍നാഷണല്‍ യുവജന സംഘടനാ പ്രതിനിധിയോഗവും നടക്കും. ബംഗ്ലാദേശ്, ശ്രീലങ്ക, സിറിയ, ലബനന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി 25 ഓളം പ്രതിനിധികള്‍ എത്തിയിട്ടുണ്ട്.