എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്ര ഡി.വൈ.എഫ്.ഐ സെക്രട്ടറിയായി മലയാളി യുവതിയെ തിരഞ്ഞെടുത്തു
എഡിറ്റര്‍
Tuesday 28th August 2012 11:36am

മുംബൈ: ആഗസ്റ്റ് 24 മുതല്‍ മൂന്നു ദിവസങ്ങളായി നന്ദേഡ് ജില്ലയിലെ മാഹുരില്‍ നടന്ന ഡി.വൈ.എഫ്.ഐയുടെ സംസ്ഥാനസമ്മേളനം സമാപിച്ചു. ഔറംഗാബാദ് സ്വദേശി അഡ്വ. ഭഗവന്‍ ഭോജ്‌ഗെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മുംബൈ മലയാളിയായ പ്രീതി ശേഖറാണ് പുതിയ സെക്രട്ടറി.

കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് പ്രീതി. കോട്ടയം ബസേലിയസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ചന്ദ്രശേഖരന്റെ മകളാണ് പ്രീതി. ഭര്‍ത്താവ് കെ.കെ. പ്രകാശ്. മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയായ പ്രീതി വസായിയില്‍ ആണ് താമസം.മുംബൈ യൂനിവേര്‍സിറ്റിയില്‍ ഗവേഷക കൂടിയാണ് പ്രീതി. പ്രീതിക്ക് പുറമേ മുംബൈയില്‍ നിന്നുള്ള കെ.എസ് രഘു, നാസിക്കില്‍ നിന്നുള്ള ഫ്രാന്‍സിസ് ചാക്കോ എന്നീ മലയാളികളും സംസ്ഥാന സമിതിയിലുണ്ട്.

ഭാസ്‌കര്‍ പാട്ടീലിനെ പുതിയ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. 35 അംഗ സംസ്ഥാന കമ്മിറ്റിക്ക് പുറമേ 13 അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ആരോഗ്യ,വിദ്യാഭ്യാസ മേഖലകളില്‍ നിന്നും പൂര്‍ണ്ണമായും പിന്തിരിയുകയും കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സര്‍ക്കാറിനെ സമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. പൊതുസ്വകാര്യ പങ്കാളിത്തം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലത്തില്‍ സാധാരണക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും അത്തരം നയങ്ങള്‍ക്കെതിരായ ശക്തമായ യുവജനപ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കുമെന്നും പ്രമേയത്തില്‍ പറയുന്നു.

നവ ഉദാരവദ്ക്കരണത്തന്റെ ഭാഗമായി അഴിമതിയുടെ രൂപവും ആഴവും മാറുകയാണെന്നും കോര്‍പ്പറേറ്റുകളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിശാലമായ ലോക്പാല്‍ അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി.

പെണ്‍ഭ്രൂണഹത്യ, ലിംഗ വിവേചനം എന്നവക്കെതിരെ നിയമനടപടി കര്‍ശനമാക്കുക, സമ്പൂര്‍ണ്ണ യുവജനകായിക നയം പ്രഖ്യാപിക്കുക,സ്വകാര്യമേഖലയിലും ദലിത്ആദിവാസി സംവരണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

24ന് അഖിലേന്ത്യാ സെക്രട്ടറി തപന്‍ സിന്‍ഹ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ 16 ജില്ലകളില്‍ നിന്നായി ഒരു ലക്ഷത്തില്‍പ്പരം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പേര്‍ പങ്കെടുത്തു. സമാപന സമ്മേളനം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഡി.വൈ.എഫ്.ഐ സ്ഥാപക സെക്രട്ടറിയുമായ മഹേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു.

Advertisement