Categories

ഹരിയാനയില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നേരിടുന്നത് കടുത്ത ദുരിതത്തില്‍; കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും സഹായം നല്‍കാനുറച്ച് ഡി.വൈ.എഫ്.ഐ

 

ഫരീദാബാദ്: മ്യാന്‍മറില്‍ നിന്ന് പുറത്താക്കപ്പെട്ട് ഹരിയാനയിലെ ഫരീദാബാദില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ കടുത്ത മുഷ്യാവകാശ ലംഘനം നേരിടുന്നതായി ഡി.വെ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് റിയാസ് അഭയാര്‍ത്ഥികള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നതായി വ്യക്തമാക്കിയത്.


Also read ‘ഇത് ക്രൈം ആണ് ജേര്‍ണലിസമല്ല, മംഗളം ടി.വിയ്‌ക്കെതിരെ കേസെടുക്കണം’; മംഗളം ടി.വിയുടെ ആദ്യവാര്‍ത്തയെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു 


മ്യാന്‍മാറില്‍ നിന്നും പുറത്താക്കപ്പെട്ട് അഭയത്തിനായി ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ജീവിതം തീര്‍ത്തും ദുരിത പൂര്‍ണമാണെന്ന് സന്ദര്‍ശനത്തിന് ശേഷം മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഓള്‍ഡ് ഫരീദാബാദിനു സമീപമുള്ള അഭയാര്‍ഥി ക്യാമ്പില്‍ മാത്രം മുപ്പത്തിയേഴ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വരെയില്ലാതെയാണ് ഇവര്‍ ജീവിക്കുന്നതെന്നും സംഘം പറയുന്നു.

കഴിഞ്ഞ ദിവസം ഉണ്ടായ അഗ്‌നി ബാധയില്‍ എട്ട് കുടിലുകള്‍ കത്തിപ്പോയി. പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ക്യമ്പിലെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. ഗര്‍ഭിണികളും ശിശുക്കളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിക്കുന്നതെന്നും സംഘം വ്യക്തമാക്കി.

പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത വളരെ വലുതാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാതെ പൊതു സമൂഹത്തിന്റെ കരുണ കാത്ത് കഴിയുകയാണിവരെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനു പരമാവധി സഹായം നല്‍കാനുള്ള പദ്ധതിക്ക് ഡി.വൈ.എഫ്.ഐ രൂപം നല്‍കുമെന്നും പി.എ മുഹമ്മദ് റിയാസും ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും പറഞ്ഞു.

പി.എ മുഹമ്മദ് റിയാസ് അവോയ് മുഖര്‍ജി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു കണ്ടക്കൈ, നിതിന്‍ കാണിച്ചേരി, എ. എ റഹിം എന്നിവര്‍ക്ക് പുറമേ ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ ജുനൈദ് അലിയും, കെ എം അഖിലും സംഘത്തിനൊപ്പമുണ്ടായിരുന്നു.

Tagged with: |