തൃശൂര്‍: ജാതി മതങ്ങള്‍ക്ക് അതീതമായ സത്രീവിരുദ്ധ നിലപാടുകളില്‍ ആര്‍.എസ്.എസ്സും ജമാഅതെ ഇസ്‌ലാമിയും കാന്തപുരവും ഏകാഭിപ്രായക്കാരണെന്ന് ഡി.വൈ.എഫ്.ഐ.

മുസ്‌ലിം ലീഗ് കേരളത്തില്‍ നടപ്പാക്കുന്ന ലീഗ്‌വത്കരണ നടപടികള്‍ യഥാര്‍ത്ഥ മുസ്‌ലീംകള്‍ക്ക് ദ്രോഹമാണെന്ന് ഡി.വൈ.എഫ്.ഐ.

Subscribe Us:

ബി.ജെ.പി കേന്ദ്രം ഭരിച്ചപ്പോള്‍ നടപ്പാക്കിയ കാവിവത്കരണത്തിന് സമാനമായ നടപടിയാണ് ഇപ്പോള്‍ മുസ്‌ലീം ലീഗ് കേരളത്തില്‍ നടപ്പാക്കുന്ന ലീഗ്‌വത്കരണമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

Ads By Google

ഐ.ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അന്‍വര്‍ സാദത്തിനെ മാറ്റി പകരം അയോഗ്യനായ ഒരാളെ നിയമിച്ചതും മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സിയാക്കാന്‍ തീരുമാനിച്ചതും ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ വര്‍ഗീയാന്തരീക്ഷമുണ്ടാക്കും.

ഇത് മതധ്രുവീകരണം നടത്തുമെന്നതിന്റെ തെളിവാണ് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ചേര്‍ന്ന് ഹിന്ദു ലീഗ് രൂപവത്കരിക്കുമെന്ന് പറഞ്ഞതെന്നും ഡി.വൈ.എഫ്.ഐ സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എയും പ്രസിഡന്റ് എം. സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അക്കാദമിക് യോഗ്യതക്ക് പകരം വി.സി നിയമനങ്ങള്‍ക്ക് ജാതിയും മതവും മാനദണ്ഡങ്ങളാകുന്നു. സമുദായ നേതാവിന്റെ മകളെ  കേരള വി.സിയാക്കാന്‍ പോകുന്നു. തങ്ങളുടെ ക്ഷേത്രങ്ങളില്‍ നായന്മാരെ പൂജാരികളാക്കുമെന്ന് പറഞ്ഞ എന്‍.എസ്.എസ് ഈഴവരടക്കമുള്ള സമൂഹത്തിലെ അധ:സ്ഥിത വിഭാഗങ്ങളെ അതിനായി പരിഗണിക്കുമോ എന്നും രാജേഷ് ചോദിച്ചു.

നീര റാഡിയ കോര്‍പ്പറേറ്റുകളാണ് കേന്ദ്രത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നതെന്ന പോലെ കേരളത്തില്‍ സാമുദായിക ശക്തികളാണ് മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും രാജേഷ് ആരോപിച്ചു.

ഫ്യൂഡലിസത്തിന്റെ തായ്‌വേരറുത്ത കേരളത്തില്‍ വലിയൊരളവില്‍ ജാതി വിവേചനം ഇല്ലാതാക്കാന്‍ കഴിഞ്ഞതിനാല്‍ ജാതി സംഘടനകള്‍ക്ക് പ്രസക്തി ഇല്ലെന്നും നേതാക്കള്‍ പറഞ്ഞു.

ആദിവാസികള്‍ക്കും മറ്റ് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സി.പി.ഐ.എം പ്രത്യേകമായി പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി. ഭൂപരിഷ്‌കരണ നടപടികള്‍ പൂര്‍ണമായും ലക്ഷ്യം കാണാത്തതിനാല്‍ ആദിവാസി സമൂഹത്തിന് ഇനിയും നീതി ലഭിച്ചിട്ടില്ല.

പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ കാലാനുസൃതമായ മാറ്റങ്ങളുണ്ടാകണം. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്നവരുടെ നിലപാടില്‍ ആത്മാര്‍ത്ഥതയില്ല. വിമോചന സമരക്കാര്‍ ചാത്തന്‍ പൂട്ടാന്‍ പോകട്ടേ ചാത്തന്‍ നാട് ഭരിക്കട്ടേയെന്ന് മുദ്രാവാക്യം മുഴക്കിയവരാണ്.