dwarf-cowsചാലക്കുടി: നാടന്‍ പശുവിനെ ആധാരമാക്കിയുള്ള രാസവിമുക്ത കൃഷി പദ്ധതി നിറകതിര്‍ 2011 പദ്ധതിക്ക് തുടക്കമായി. ബസവശ്രീ സുഭാഷ് പാലേക്കര്‍ വിഭാവനം ചെയ്ത ചെലവില്ലാ പ്രകൃതികൃഷി അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

ആളൂര്‍, കൊരട്ടി, മാള പ്രദേശങ്ങളിലെ 55 ഏക്കറോളം വരുന്ന പാടങ്ങളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പാക്കുന്നത്. നാടുകടത്തപ്പെട്ട നാടന്‍ പശുവിനെ നാട്ടിലേക്ക് ആഘോഷപൂര്‍വ്വം തിരികെക്കൊണ്ടുവരുന്നതാണ് പദ്ധതിയെന്ന് മാര്‍ഗ്ഗം കാര്യദര്‍ശി ഡോ. ജോഷി വര്‍ഗ്ഗീസ്, പ്രകൃതി കൃഷി പ്രചാരകന്‍ കെ.എം ഹിലാല്‍, സി.എല്‍ മേരി ടീച്ചര്‍ എന്നിവര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് ബാബു ജോസഫും സുധീര്‍ മാസ്റ്ററും പ്രവര്‍ത്തകരും ചേര്‍ന്ന് പശുവിനെയും കിടാവിനെയും സ്വീകരിച്ചു. പിന്നീട് കൊരട്ടി സെന്ററില്‍ ജനപ്രതിനിധികളുടെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.

പാടത്തും പറമ്പിലും ചെലവ് കുറവും വിളവ് കൂടുതലുമുള്ള  ചെലവില്ലാ കൃഷി എങ്ങിനെ നടപ്പാക്കാമെന്നതിനെക്കുറിച്ച് കൊരട്ടി മാര്‍ഗ്ഗം ഹാളില്‍ ഒക്ടോബര്‍ 1നും ഒമ്പതിനും പഠനശിബിരം സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9387822363, 9947534191, 9446634201 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.