റോട്ടര്‍ഡാം: യൂറോകപ്പ് പ്രാഥമിക റൗണ്ടില്‍ പുറത്തായ ഹോളണ്ട് ടീമിന്റെ പരിശീലകന്‍ ബെര്‍ട് വാന്‍ മാര്‍വിക് രാജി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷമാണ് അറുപതുകാരന്‍ മാര്‍വിക് ഹോളണ്ട് ടീമുമായുള്ള കരാര്‍ 2016 വരെ നീട്ടിയത്.  രാജിയോടെ ഇത് ആസാധുവായി.

രാജി തീരുമാനിക്കും മുന്‍പ് അധികമൊന്നും ആലോചിക്കാനുണ്ടായിരുന്നില്ലെന്നും ഇതാണു രാജിയ്ക്ക്  ശരിയായ സമയമെന്നും മാര്‍വിക് പറഞ്ഞു. ‘ ഇനി പരിശീലക സ്ഥാനത്ത് തുടരുന്നതില്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത്രയും കാലം എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച ഹോളണ്ട് ഫുട്‌ബോള്‍ അസോസിയേഷനോടും താരങ്ങളോടും നന്ദി പറയുന്നു.  ഇത്രയും കാലത്തെ എന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ടീമിന് വേണ്ടിയായിരുന്നു. എന്നാല്‍ ഇനിയും ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല’. – മാര്‍വിക് പറഞ്ഞു.

2008 ജൂലൈയില്‍ മാര്‍ക്കോ വാന്‍ ബാസ്റ്റിന്‍ പരിശീലക സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ബെര്‍ട് വാന്‍ മാര്‍വിക് പരിശീലകനായത്. 2010 ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് 1-0നു തോല്‍ക്കുന്നതിനു മുന്‍പു ഹോളണ്ട് തുടര്‍ച്ചയായി 14 കളികള്‍ വിജയിച്ചിരുന്നു. ഫിഫ ലോക റാങ്കിങ്ങിലും മാര്‍വിക്കിന്റെ കാലത്തു ഹോളണ്ട് ഒന്നാമത് എത്തി.