ഷാര്‍ജ: ഷാര്‍ജയില്‍ ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവും ജന ജീവിതത്തെ ബാധിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഷാര്‍ജയിലും ദുബൈ,അബു ദാബി, ശുഐബ് തുടങ്ങിയ മേഖലകളും പൊടി പടലങ്ങളില്‍ മുങ്ങിയത്. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷവും പൊടിക്കാറ്റും അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Subscribe Us:

കടല്‍ തീരങ്ങളിലും മറ്റും പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദുബൈയിലെ പ്രധാന പാതകളായ ഷെയ്ഖ് സായിദ് റോഡ്, എമിറൈറ്റ്‌സ് റോഡ്, എന്നിവിടങ്ങളിലെല്ലാം വൈകിട്ടോടെ പൊടി പടലങ്ങള്‍ നിറഞ്ഞത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ വളരെ പതുക്കെ മാത്രമേ നീങ്ങാന്‍ സാധിച്ചുള്ളൂ. ഇത് നിരവധി ചെറിയ അപകടങ്ങള്‍ക്കും വഴി വെച്ചു.

ഷാര്‍ജയില്‍ ബുഹൈറ കോര്‍ണീഷ്, അല വഹ്ദ, മജാസ്, ഭാഗങ്ങള്‍, കാണാന്‍ സാധിക്കാത്ത വിധം പൊടി പടലങ്ങളില്‍ മുങ്ങി.
ദുബായ് ഷാര്‍ജ റോഡില്‍ ജസീറ പാലം അറ്റകുറ്റ പണികള്‍ക്കായി അടച്ചതിനാല്‍ നേരത്തെ തന്നെ ശക്തമായ ഗതാഗത കുരുക്ക് അനുഭവപ്പെടാറുള്ള അല്‍ ഖാനിലും കോര്‍ണീഷ് റോഡിലും ഇന്നലെ വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് നീങ്ങിയത്.
അതെ സമയം ദിവസങ്ങളായി തുടരുന്ന മോശം കാലാവസ്ഥ പനിയും ജലദോഷവും അലര്‍ജിയും പോലുള്ള അസുഖങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ഇത്തരം അസുഖങ്ങളുമായെത്തുന്നവര്‍ വര്ധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ രംഗത്ത് നിന്നുള്ള വാര്‍ത്ത. നിര്‍ജലീകരനത്തിനു സാദ്യതയുള്ളതിനാല്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. 35 നും 43 നും ഇടയിലാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ താപ നില. വരും ദിവസങ്ങളില്‍ ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്