എഡിറ്റര്‍
എഡിറ്റര്‍
ഇനി പക്ഷം ചേരേണ്ടത് പോരാടുന്ന പെണ്‍കൂട്ടിനൊപ്പം
എഡിറ്റര്‍
Thursday 13th July 2017 1:37pm

ആള്‍ക്കൂട്ട മനശാസ്ത്രത്തിനൊപ്പം മുന്നോട്ടു പോകുന്നത് വനിത കൂട്ടായ്മക്ക് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. കുറ്റപത്രത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ ഉപയോഗപെടുത്തി അറസ്റ്റ് ചെയ്യപെട്ട പ്രതികള്‍ കേസില്‍ നിന്നും ഊരി പോന്നാല്‍ തങ്ങളുടെ കൈവശമുള്ള പണവും സ്വാധീനവും മറ്റു പ്രചാരണ സംവിധാനങ്ങളുമുപയോഗിച്ചു ജീവിക്കുന്ന രക്തസാക്ഷിയായി നമുക്കു മുന്നിലവതരിക്കും. ഈ പറഞ്ഞ ആള്‍കൂട്ടം മറുകണ്ടം ചാടും.


 

സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ ഒരു ഭരണകൂടമെടുക്കുന്ന നിലപാടുകളെ ആധാരമാക്കിയാണ് ഭരണകൂടങ്ങളെ വിലയിരുത്തുക. ജി.എസ്.ടിയുടെ കാര്യത്തിലും, ഗോവിന്ദാപുരത്തെ അയിത്താചരണത്തിന്റെ കാര്യത്തിലും, മൂന്നാറിലെ കയ്യേറ്റത്തിന്റെ കാര്യത്തിലും, യൂസഫലിക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്ന വിഷയത്തിലും, അഴിമതിയുണ്ടെന്ന് ബോധ്യമുള്ള വിഴിഞ്ഞം പദ്ധതി അദാനിക്ക് തീറെഴുതികൊടുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ എടുത്ത നയങ്ങള്‍ നമുക്കു മുന്നിലുണ്ട്. അതിനെ ആധാരമാക്കിയാണ് സര്‍ക്കാരിന്റെ പക്ഷപാധിത്വം നിശ്ചയിക്കപെടുക. അല്ലാതെ ഒരു വര്‍ഗം സമരം ചെയ്തു നേടുന്ന ‘ഫലങ്ങള്‍’ ഭരണകൂടങ്ങള്‍ക്കു അവകാശപെട്ടിട്ടുള്ളതല്ല.

നഴ്‌സുമാര്‍ സമരം ചെയ്തു നേടുന്ന കൂലി വര്‍ദ്ധനവിന്റെ ക്രെഡിറ്റ് വര്‍ഗ്ഗബോധത്തിനും,തൊഴിലാളി സംഘടനകള്‍ക്കും അവകാശപെട്ടതാണ്. കല്യാണിലെ തൊഴിലാളി സമരം നടത്തി നേടുന്ന അവകാശങ്ങളുടെ ക്രെഡിറ്റ് മുതലാളി കല്ല്യാന്‍ സ്വാമിക്ക് നല്‍കാനുള്ള മൗഢ്യം ആരും തന്നെ കാണിക്കുകയില്ല.

രാഷ്ട്രീയവും സംഘബോധവുമുള്ള പോരാട്ടങ്ങളുടെ ഫലമാണ് വ്യവസ്ഥിതിക്കെതിരെ നേടുന്ന ഓരോ വിജയങ്ങളും. അതില്‍ ഭരണകൂടത്തിനല്ല കയ്യടി, പോരാടി വിജയിച്ചവര്‍ക്കാണ്. മര്‍ദ്ധക വ്യവസ്ഥക്കെതിരെ മര്‍ദ്ദിത ജനവിഭാഗം നടത്തിയ പോരാട്ടവും അതിനു നവ/സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കൂടി ജനം നല്‍കിയ നിരുപരാധിക പിന്തുണയും സര്‍ക്കാരിന്റെ നടപടികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചുവെന്നു വേണം കരുതാന്‍. ഇവയെല്ലാം ചേര്‍ന്ന് നിര്‍മ്മിച്ച സാമൂഹ്യ സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. പോരാട്ടങ്ങളാണ് മര്‍ദ്ദിതര്‍ക്കും ചൂഷിതര്‍ക്കും വിമോചനത്തിനുള്ള ഏക ഉപാധിയെന്നു ഈയൊരു നിമിഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വലതുപക്ഷത്തിനും, പാര്‍ളിമെന്ററി ഇടതുപക്ഷത്തിനും, ഭരണവര്‍ഗ്ഗ ബോധത്തിനും ഇപ്പറഞ്ഞത് സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും അവകാശങ്ങള്‍ക്കും തുല്യനീതിക്കുമായി പോരാടേണ്ടി വരുന്നവര്‍ക്ക് മറ്റൊരുതെരഞ്ഞെടുക്കല്‍ സാധ്യത മുന്നില്ലെന്ന് ദിലീപിന്റെ അറസ്റ്റ് ഒരിക്കല്‍ കൂടി അടിവരയിടുന്നു.

പൊടുന്നനെ ജൂലയ് 10നു കേരള പൊലീസ് നന്നായിയെന്നു വിശ്വസിക്കാന്‍ മാത്രം ഹ്രസ്വമായ ഓര്‍മ്മകള്‍ ഉള്ളവരല്ലല്ലോ നാം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, സ്റ്റേഷനുകളിലെ ദലിത് കൊലപാതകങ്ങളും, യു.എ.പി.എ അറസ്റ്റുകളും, ട്രാന്‍ജന്റേഴ്‌സ് വിരുദ്ധതയും കൈമുതലായുള്ള പോലീസ് തന്നെയല്ലേ ഇത്.

പുതുവൈപ്പിലുകാരെ ക്രൂരമായി അടിച്ചു ചതച്ചതും ഇതേ പോലീസ് തന്നെയായിരുന്നില്ലേ. അന്നേരമെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടെടുക്കുകയായിരുന്നില്ലേ കേരളത്തിന്റെ ആഭ്യന്തരമന്ത്രി. സിനിമ സെലിബ്രിറ്റി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആദ്യം മുതല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെന്നു സമ്മതിക്കുമ്പോള്‍ തന്നെ, സെലിബ്രെറ്റി സ്റ്റാറ്റസ് ഇല്ലാത്ത സാധാരണ പൗരന്‍ നേരിടേണ്ടി വരുന്ന ആക്രമണങ്ങളിലും പീഡനങ്ങളിലും ഇതേവകുപ്പ് അധഃപതിച്ച നിലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നു സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കാണുവാന്‍ കഴിയും.

വാളയാറിലെ ദലിത് പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പോലീസിന്റെ ഇടപെടലും അന്വേഷണവും ഇതിനു ഉദാഹരണമാണ്. അത്തരം നിരവധി കേസുകളില്‍ പ്രതിസ്ഥാനത്തിനു നില്‍ക്കുന്ന കേരള പൊലീസിന്റെ കാര്യത്തില്‍ ഇവയെല്ലാം ചില പോലീസുകാരുടെ പിടിപ്പുകേടാണെന്ന് തിയറി ഉണ്ടാക്കിയവര്‍ക്ക് ഈയൊരു അറസ്റ്റിന്റെ ക്രെഡിറ്റ് മുഴുവന്‍ ആഭ്യന്തര മന്ത്രിക്കാണെന്ന് പറയുവാനുള്ള എന്തു ധാര്‍മികാവകാശമാണുള്ളതെന്നാണ് മനസിലാകാത്ത കാര്യം.

ഇന്ത്യയില്‍ നിലനിന്നിരുന്ന (ഇന്നും ഭാഗികമായി നിലനില്‍ക്കുന്ന) പ്രാങ് മുതലാളിത്ത വ്യവസ്ഥതിയില്‍ നിന്നും മെച്ചപെട്ട ഒന്നായിരുന്നു ബ്രിട്ടീഷ് കൊളോണിയല്‍ ഭരണമെന്നു വിലയിരുത്താവുന്നതാണ്. തനിക്കു സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് ശ്രീനാരയണ ഗുരു പറയുന്നതിനെ ബ്രിട്ടീഷ് ഭരണകൂടത്തെ നീതികരിക്കാനോ കൊളോണിയല്‍ ഭരണത്തെ വെള്ളപൂശാനുമുള്ള ഉപാധിയായി ആരും കാണാറില്ല. ചരിത്രവും അങ്ങിനെ വിലയിരുത്തുന്നില്ല. മര്‍ദ്ധത/ചൂഷിത ജനത നേടുന്ന വിജയങ്ങള്‍ അവരുടെ പേരില്‍ തന്നെയാണ് അടയാളപെടുത്തുക, പെടുത്തെണ്ടതും.

അതുകൊണ്ടാണു കേരളത്തിലെ നവോത്ഥാനത്തിന്റെ പതാക വാഹകരായിരുന്ന ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും നടത്തിയ പോരാട്ടങ്ങളുടെ ഫലങ്ങള്‍ ഏതെങ്കിലും ഭരണകൂടങ്ങളുടെ പൊന്‍തൂവലുകള്‍ ആകാതിരുന്നതും പോരാടിയവരുടെ കീരീടങ്ങള്‍ ആകുന്നതും. അല്ലെങ്കില്‍ പിന്നെ സമരം ചെയ്തവരെ അദൃശ്യവല്‍ക്കരിക്കുകയും ക്ഷേത്ര പ്രവേശന വിളമ്പരം നടത്തിയ അന്നത്തെ ഭരണകൂട തലവനെ കുറിച്ച് കീര്‍ത്തനം പാടുകയും ചെയ്യുന്ന ഒരു ജനതയാകണമായിരുന്നു നാം; ഭാഗ്യവശാല്‍ നാമതല്ലല്ലോ.


പഴയകാലമല്ലിതെന്നു എല്ലാവരും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

ഇന്നസെന്റ് അവസാനമായി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ നടത്തിയ സ്ത്രീ/സംവരണ വിരുദ്ധ പരമാര്‍ശം വാര്‍ത്തയാക്കിയതു നവമാദ്ധ്യമങ്ങള്‍ ആണെങ്കില്‍, കാതലായ ചോദ്യങ്ങള്‍ ചോദിച്ചു അതിനെ കത്തിച്ചു നിറുത്തിയത് സോഷ്യല്‍ മീഡിയയാണ്. സ്ത്രീ കാറില്‍ വെച്ചു റേപ്പ് ചെയ്യപെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിട്ടുണ്ടെന്നു ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്.

തുടര്‍ന്നുണ്ടായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) എന്ന വനിതാ സംഘടന ഈ കേസിന് പുറകില്‍ വ്യക്തതയുള്ള നിലപാടെടുത്തു നിലയുറച്ചു. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ അറസ്റ്റിലേക്ക് ഭരണകൂടത്തെ നിര്‍ബന്ധിതമാക്കും വിധം സമ്മര്‍ദ്ധ ഗ്രൂപ്പായി മാറിയ പെണ്‍പോരാളികള്‍ക്കും, താന്‍ നേരിട്ട ആക്രമണത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയും പരാതിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത വ്യക്തിക്കുമായിരിക്കണം മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടത്.

ഇനി വേണ്ടത് ഈ കുറ്റപത്രത്തില്‍ വിള്ളലുകള്‍ വീഴാതെ നോക്കലാണ്. നിലവില്‍ ലഭ്യമായ വിവരമനുസരിച്ച് അന്വേഷണം നടത്തിയത് ക്രൈം ബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശനാണ്. ഇദ്ദേഹത്തിനു മുകളിലുള്ള ഒഫീസര്‍മാര്‍ക്ക് പ്രധാനമായും മേല്‍നോട്ടമായിരുന്നു ചുമതല. കോടതിയില്‍ തെളിവ് നല്‍കുന്ന ഉദ്യോഗസ്ഥന്‍ സുദര്‍ശന്‍ ആയിരിക്കും. കുറ്റപത്രത്തിലെ പാളിച്ചകള്‍ പ്രതിക്കു രക്ഷപ്പെടാനുള്ള സൗകര്യം ചെയ്തു കൊടുക്കും.

നിരവധി തെളിവുകള്‍ ഉണ്ടായിട്ടും ഗോവിന്ദചാമി മുതല്‍ സല്‍മാന്‍ഖാന്‍ വരെയുള്ളവര്‍ വിവിധ കേസുകളില്‍ കോടതിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട മനശാസ്ത്രത്തിനൊപ്പം മുന്നോട്ടു പോകുന്നത് വനിത കൂട്ടായ്മക്ക് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. കുറ്റപത്രത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ ഉപയോഗപെടുത്തി അറസ്റ്റ് ചെയ്യപെട്ട പ്രതികള്‍ കേസില്‍ നിന്നും ഊരി പോന്നാല്‍ തങ്ങളുടെ കൈവശമുള്ള പണവും സ്വാധീനവും മറ്റു പ്രചാരണ സംവിധാനങ്ങളുമുപയോഗിച്ചു ജീവിക്കുന്ന രക്തസാക്ഷിയായി നമുക്കു മുന്നിലവതരിക്കും. ഈ പറഞ്ഞ ആള്‍കൂട്ടം മറുകണ്ടം ചാടും.

ആധുനികതയുടെ സംഭാവനകളായ അറിവും, ജനാതിപത്യ ബോധവും, തുല്യതയും, നീതിബോധവും, ചൂഷണത്തിനെതിരെയുള്ള ചിന്തകളും എല്ലാം മനുഷ്യജീവിതം കൂടുതല്‍ മെച്ചപെട്ട ഒന്നാക്കാന്‍ സഹായിച്ച വിവിധ ഘടകങ്ങളാണ്.

നവോത്ഥാനം ആധുനികതയുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്. ആധുനികമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ടെങ്കിലും അറുപിന്തിരപ്പനായ സാംസ്‌ക്കാരിക ബോധം പേറുന്നവരാണ് കേരളത്തിലെ സിനിമ മേഖല നിയന്ത്രിക്കുന്നത്. ഭൂരിപക്ഷം വരുന്ന മലയാള സിനിമകളും ഈ പാട്രിയാര്‍ക്കി ബോധം പ്രചരിപ്പിക്കുന്നവയുമാണ്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഇക്കൂട്ടര്‍ തെരഞ്ഞെടുപ്പു രംഗങ്ങളിലേക്കും കടന്നു വരുന്നതോടെ അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീ വിരുദ്ധതയെ തെരഞ്ഞെടുക്കാന്‍ ജനം അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതരാകുകയാണ്.

ഇത്തരമൊരു സാമൂഹ്യ സാഹചര്യത്തില്‍ മലയാള സിനിമ മേഖലയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്ത്രീ കൂട്ടായ്മയെ കേവലമൊരു താര സംഘടനയായി മാത്രം നിലവില്‍ കാണാന്‍ കഴിയുകയില്ല. ഈ കൂട്ടായ്മ പുതിയൊരു സാമൂഹ്യ മുന്നേറ്റത്തിനു തുടക്കം കുറിക്കുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിക്കെതിരെയുള്ള അവരുടെ നിലപാടുകള്‍ ശ്രദ്ധേയമാണ്.

Workspace (തൊഴിലിടം) നിര്‍വചിക്കണം എന്നാണു ആ സംഘടന മുന്നോട്ട് വെച്ചിട്ടുള്ള പ്രധാന ആവിശ്യങ്ങളിലൊന്ന്. തൊഴിലിടം നിര്‍വചിക്കപെടുന്നതോടെ തൊഴിലാളികള്‍ എന്ന നിലയില്‍ ലഭ്യമാകേണ്ട തുല്യത, കൂലി എന്നിവ കൂടി നിര്‍വചിക്കേണ്ടി വരും. അത്തരമൊരു മാറ്റം ഈ വ്യവസായ മേഖലയ്ക്കു ഉണ്ടാകുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ മാറ്റം തന്നെയായിരിക്കും. കേരളത്തില്‍ പുതിയൊരു നവോത്ഥാന മുന്നേറ്റത്തിനു ഈ സ്ത്രീ കൂട്ടായ്മക്ക് കഴിയെട്ടെയെന്നു ആശംസിക്കുന്നു.

Advertisement