ന്യൂദല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും ടി എസ് ദര്‍ബാരിയുള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കി. സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലണ് തീരുമാനമുണ്ടായത്. ഡോ. സഞ്ജയ് മഹേന്ദ്രു, എം ഡയചന്ദ്രന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് രണ്ട് പേര്‍. സംഘാടക സമിതി ജോയിന്റ് ഡയരക്ടറാണ് ദര്‍ബാരി.

സംഘാടകസമിതി ജോയിന്റ് ഡയറക്ടറായിരുന്ന ദര്‍ബാരി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ ഉറ്റ അനുയായി കൂടിയാണ്. അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ ദര്‍ബാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ക്യൂന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് രേഖകളില്ലാതെ പണം നല്‍കിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ദര്‍ബാരി പ്രതിസ്ഥാനത്തായിരുന്നു.

വജ്രക്കടത്ത് കേസില്‍ ദര്‍ബാരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നോട്ടീസും അയച്ചിട്ടുണ്ട്. അഴിമതി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ നേരത്തെ സംഘാടക സമിതി ട്രഷറര്‍ അനില്‍ ഖന്ന രാജിവെച്ചിരുന്നു. ഹോക്കി ഇന്ത്യ മുന്‍ ചെയര്‍മാന്‍ എകെ മാട്ടുവാണ് പുതിയ ട്രഷറര്‍.

യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് സുരേഷ് കല്‍മാഡി വിട്ടുനിന്നു.