Categories

കണ്ടുപഠിക്ക് ഈ താരപുത്രന്മാരെ

മമ്മുട്ടിയുടെ മകന്‍ അഭിനയിക്കുന്ന സിനിമയെന്ന ലേബലിലല്ല സെക്കന്റ് ഷോ എത്തിയത്. എന്നാല്‍ മികച്ച പ്രതികരണം നേടിയ ഈ സിനിമയിലെ ദുല്‍ഖറിന്റെ അഭിനയത്തെ താഴ്ത്തിക്കെട്ടാന്‍ പലരും ശ്രമിച്ചു. ഇപ്പോള്‍ ഉസ്താദ് ഹോട്ടലും ഹിറ്റായതോടെ മമ്മുട്ടി പുത്രനെ വിമര്‍ശകരും അംഗീകരിച്ചിരിക്കുന്നു.

Ads By Google

ദുല്‍ഖറിനെപോലെ അച്ഛന്റെ സഹായമില്ലാതെ സിനിമയില്‍ സ്വന്തം ഇടം കണ്ടെത്തിയവരാണ് ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനും.  മൂവരും സിനിമയില്‍ കഴിവ് തെളിയിച്ചവരുടെ മക്കളാണ്. സംവിധായകന്‍ ഫാസിലിന്റെ മകനാണ് ഫഹദെങ്കില്‍ വിനീത് നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ സ്ഥാനമുറപ്പിച്ച ശ്രീനിവാസന്റെ മകനാണ്.

കൈയെത്തുംദൂരത്ത് എന്ന ഫാസില്‍ ചിത്രത്തിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റമെങ്കിലും ആ ചിത്രം ശ്രദ്ധിക്കപ്പെടാതെപോയി. ഫാസില്‍ എന്ന സംവിധായകന്റെ വലിയ പിഴവായിരുന്നു ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രം. മലയാളസിനിമയ്ക്ക് മോഹന്‍ലാല്‍ തൊട്ട് നിരവധി പ്രതിഭകളെ സംഭാവനചെയ്ത ഫാസില്‍ സ്വന്തം മകനെ സ്വന്തം ചിത്രത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ ചുവടുതെറ്റി.

പുതുമയേതുമവകാശപ്പെടാനില്ലാത്ത ആ ചിത്രവും അതിലെ പ്രകടനവും ഫഹദിന്റെ കരിയറിനെത്തന്നെ ബാധിച്ചു. പിന്നീട് കാലമേറെക്കഴിഞ്ഞ് സമീര്‍ താഹിറിന്റെ ‘ചാപ്പാക്കുരിശി’ലൂടെ പുതുരൂപഭാവത്തില്‍ ഷാനു തിരിച്ചെത്തി. ‘കൈയെത്തും ദൂര’ത്തിലെ ചോക്ലേറ്റ് ഇമേജില്‍നിന്ന് പുറത്തുകടന്ന ഷാനു വിഗ്ഗുവയ്ക്കാതെ അഭിനയിക്കുന്നത് സുന്ദര കാഴ്ചയാണ്. കഷണ്ടികയറിയ തലയിലും താന്‍ സ്മാര്‍ട്ടും അട്രാക്ടീവും ആണെന്ന് ഷാനു തെളിയിച്ചു. ചാപ്പാക്കുരിശ് കഴിഞ്ഞ് ‘ഡയമണ്ട് നെക്ലേസിലെത്തിയപ്പോള്‍ അഭിനയം എന്ന് തോന്നിക്കാത്ത റിയല്‍ ലൈഫ് പെര്‍ഫോമന്‍സായിരുന്നു ഷാനുവിന്റേത്.

പുതുമുഖങ്ങളുടെ, തീര്‍ത്തും പരീക്ഷണം എന്ന് അവകാശപ്പെടാവുന്ന ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ അഭിനയത്തിന് തുടക്കമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് ദിനങ്ങളില്‍ നാട്ടുകാര്‍ക്കുപോലും ദുല്‍ഖറിനെ തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. എന്തിനേറെ സെക്കന്‍ഡ്‌ഷോയുടെ ചിത്രീകരണംപോലും സാധാരണ ഫിലിം ഷൂട്ടില്‍നിന്ന് വ്യത്യസ്തമായിരുന്നു. ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ചിത്രത്തിന് ലഭിച്ച വരവേല്‍പ്പ് ഗംഭീരമായിരുന്നു. ന്യൂ ജനറേഷന്‍ തമിഴ്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ‘സെക്കന്‍ഡ് ഷോ’യിലെ പെര്‍ഫോമന്‍സ് ദുല്‍ഖറിനെ ഒന്നാം നിരക്കാരിലേക്ക് എടുത്തുയര്‍ത്തി.

മമ്മുട്ടിയെ ‘രാജമാണിക്യ’മാക്കി കേരളത്തിലെ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റിന്റെ ബോംബ്‌പൊട്ടിച്ച സംവിധായകന്‍ അന്‍വര്‍ റഷീദാണ് ‘ഉസ്താദ് ഹോട്ടല്‍’ ഒരുക്കിയത്.

വിനീത് ശ്രീനിവാസനാവട്ടെ പ്രിയദര്‍ശന്‍ ചിത്രമായ ‘കിളിച്ചുണ്ടന്‍ മാമ്പഴത്തി’ലൂടെ ഗായകനായി തുടക്കം കുറിച്ച് വളരെ പെട്ടെന്നാണ് ഒന്നാംനിര ഗായകനായി ഉയര്‍ത്തപ്പെട്ടത്. വ്യത്യസ്തവും പുതുമയും നിറഞ്ഞ ശബ്ദവും ആലാപനശൈലിയും വിനീതിന് ഗായകനെന്ന നിലയില്‍ ഏറെ അവസരങ്ങള്‍ നേടിക്കൊടുത്തു. പിന്നീട് ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി. വിനീതിലെ നടനെ അംഗീകരിച്ച ചിത്രമായിരുന്നു ‘ചാപ്പാകുരിശ്’. ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി’ലൂടെ സംവിധായകനായും വിനീത് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി. ശ്രീനിവാസന്റെ മകന്‍ എന്നതിനപ്പുറം വിനീത് വളര്‍ന്നു എന്നതിന്റെ തെളിവാണ് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ ചരിത്രവിജയം.

‘തട്ടത്തിന്‍ മറയത്ത്’ വന്‍ ആവേശമാണ് തിയേറ്ററുകളില്‍ ഉയര്‍ത്തുന്നത്. സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇതിനോടകം സ്ഥാനം പിടിച്ച ചിത്രം വിനീത് എന്ന സംവിധായകന്റെ കുറ്റമറ്റ സൃഷ്ടിയായി കേരളത്തിലെ യുവാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘തട്ടത്തിന്‍ മറയത്തി’ന്റെ തിരക്കഥ, സംഭാഷണം എന്നിവയും വിനീതിന്റേതാണ്.