എഡിറ്റര്‍
എഡിറ്റര്‍
ദുല്‍ഖര്‍ സല്‍മാന്‍ പിന്നണി പാടുന്നു
എഡിറ്റര്‍
Tuesday 21st August 2012 9:24am

മലയാള സിനിമയില്‍ നല്ല തുടക്കമാണ് ദുല്‍ഖര്‍ സല്‍മാന് ലഭിച്ചത്. ഇതിനകം പുറത്തിറങ്ങിയ സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ മലയാള സിനിമയില്‍ തിരക്കേറിയ താരങ്ങളിലൊരാളായി ദുല്‍ഖര്‍ മാറിക്കഴിഞ്ഞു.

Ads By Google

ഇപ്പോഴിതാ പുതിയ ഭാവത്തില്‍ ദുല്‍ഖര്‍ സിനിമയിലെത്തുകയാണ്. പിന്നണി ഗായകനായാണ് ദുല്‍ഖറിന്റെ പുതിയ അവതാരം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ പാടി അഭിനയിക്കുന്നത്.

ചിത്രത്തിലെ ഒരു ഗാനം ദുല്‍ഖറിനെക്കൊണ്ട് പാടിക്കാന്‍ ഉദ്ദേശ്യമുള്ളതായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗാനം ഇതുവരെ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാനത്തിന്റെ വരികള്‍ തയ്യാറാക്കുന്ന ജോലികള്‍ നടക്കുന്നതേയുള്ളൂവെന്നും ഗോപി പറഞ്ഞു. ഉസ്താദ് ഹോട്ടലിലും സംഗീതം ചെയ്തത് ഗോപിയായിരുന്നു. ചിത്രത്തിന്റെ വിജയത്തില്‍ ഗോപിയുടെ ഗാനങ്ങള്‍ക്കുള്ള പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.

ഏറെ വ്യത്യസ്തമായ സംഗീതമാണ് മാര്‍ട്ടിന്‍ ചിത്രത്തിനുവേണ്ടി ഗോപി ഒരുക്കുന്നത്. അറബിക് സൂഫി ട്യൂണുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഉസ്താദ് ഹോട്ടലില്‍ സംഗീതം ചെയ്തത്. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന രീതിയിലാവും ഈ ചിത്രത്തിന് സംഗീതം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കരിന്തലക്കൂട്ടം എന്ന നാടന്‍ പാട്ട് സംഘവും ഈ ചിത്രത്തില്‍ ഗാനമാലപിക്കുന്നുണ്ട്. ഉസ്താദ് ഹോട്ടലിലെ ‘അമ്മായി’ എന്ന ഗാനം പാടിയ അന്ന കത്രീനയും ഈ ചിത്രത്തിനുവേണ്ടി പാടും.

Advertisement