മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി വെള്ളിത്തിരയുടെ പടികടന്നെത്തിയ താരമാണ് ദുല്‍ക്കര്‍ സല്‍മാന്‍. എന്നാല്‍ സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ രണ്ട് സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ക്കര്‍. ഉസ്താദ് ഹോട്ടലിലെ ഫൈസിയെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല.

Ads By Google

ദുല്‍ക്കറിന്റെ അടുത്ത ചിത്രമായ തീവ്രത്തിന്റെ സെറ്റില്‍ സഹതാരമായ വിഷ്ണു രാഘവ് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മറന്നില്ല. ദുല്‍ക്കര്‍ വളരെ പ്രൊഫഷണല്‍ ആയ നടനാണെന്ന് വിഷ്ണു പറഞ്ഞു. ദുല്‍ക്കര്‍ വളരെയധികം അര്‍പ്പണബോധമുള്ള നടനാണെന്നും ചിത്രത്തില്‍ തങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനില്‍ തന്നോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തശേഷം അദ്ദേഹത്തിന്റെ റോള്‍ നുറ് ശതമാനം ഭംഗിയായി ചെയ്തു.

ചിത്രത്തിന്റെ സംവിധായകന്‍ രൂപേഷും ദുല്‍ക്കറിനെ പ്രശംസിച്ചു. തന്റെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ശരീരമാണ് ദുല്‍ക്കറിന്റേതെന്നും സംവിധായകന്‍ പറഞ്ഞു.

വളരെയധികം ഉത്സാഹത്തോടും സന്തോഷത്തോടും കൂടിയാണ് ദുല്‍ക്കര്‍ സെറ്റിലൂടെ നടന്നതെന്നും എന്നാല്‍ ഇമോഷണല്‍ ആകേണ്ട സന്ദര്‍ഭത്തില്‍ അങ്ങനെയാകാനും ദുല്‍ക്കറിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.