ദുബായ്: ദുബൈയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിലൂടെ ഓണ്‍ലൈനായി ലഭ്യമാകും. പബ്ലിക് ബസ്സ്, മെട്രോ, വാട്ടര്‍, ടാക്‌സി എന്നു തുടങ്ങി മുഴുവന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വിവരങ്ങളും ഗൂഗിള്‍ മാപ്പിലൂടെ ഓണ്‍ലൈനായി ലഭ്യമാകുമെന്ന് ആര്‍.ടി.എയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം അറിയിച്ചു. സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഓണ്‍ലൈനായി വിവരങ്ങളറിയാനാകുന്നത് ഏറെ ഗുണം ചെയ്യും.

ഗൂഗിള്‍ മാപ്പിലൂടെ ഓണ്‍ലൈനായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ആര്‍.ടി.എ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സര്‍വ്വീസ് സെക്ടര്‍ സി.ഇ.ഓ അബ്ദുല്ല അലി മദനി പറഞ്ഞു. ഈ സൗകര്യമൊരുക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ എമിറേറ്റാണ് ദുബൈ. ലണ്ടന്‍, പാരിസ്, സൂറിച്ച്, ന്യൂയോര്‍ക്ക് എന്നുതുടങ്ങിയ അന്‍പതിലധികം കോസ്‌മോപൊളിറ്റന്‍ സിറ്റികളും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ ഓണ്‍ലൈനായി ലഭ്യമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് http://maps.google.com എന്ന വെബ്‌സൈറ്റില്‍ ദുബായ് എമിറേറ്റെന്ന് സെര്‍ച്ച് ചെയ്യാം.