ദുബായ്: ഷാര്‍ജയില്‍ പാക് പൗരനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ദുബായില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 17 ഇന്ത്യാക്കാര്‍ക്ക് മോചനം. വധശിക്ഷ രണ്ടു വര്‍ഷം തടവായി ഇളവു ചെയ്‌തെങ്കിലും ഇതിലേറെ കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ അവര്‍ക്ക് ഉടന്‍ മോചനം ലഭിക്കും. നിയമക്കുരുക്കുകള്‍ തീര്‍ന്നാല്‍ 10 ദിവസത്തിനുളളില്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്ന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ഉടമയും നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്ത എസ്. പി. സിംഗ് ഒബ്രോയി അറിയിച്ചു.

അറസ്റ്റിലായവരില്‍ 16 പേര്‍ പഞ്ചാബില്‍ നിന്നും ഒരാള്‍ ഹരിയാനയില്‍ നിന്നുളളവരുമായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ അദ്ദേഹം പാകിസ്താന്‍ പൗരന്റെ കുടുംബത്തിന് എട്ടു കോടി രൂപ ദയാധനം നല്‍കിയിരുന്നു. വധിക്കപ്പെട്ട പാക് പൗരനായി സഫര്‍ ഇഖ്ബാല്‍ കോടതിയില്‍ ഹാജരായി ദയാധനം ലഭിച്ചതായി അറിയിച്ചു. നേരത്തെ നഷ്ടപരിഹാരം സ്വീകരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നെങ്കിലും ഈ നിര്‍ദേശം പ്രതികള്‍ നിരസിച്ചിരുന്നു. വധശിക്ഷ ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ ദയാധനം നല്‍കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ പ്രതിനിധീകരിച്ച് സാഫര്‍ ഇഖ്ബാല്‍ എന്നയാളാണ് ദയാധനം വാങ്ങാന്‍ കോടതിയില്‍ എത്തിയത്.

2009 ജനുവരിയില്‍ ഷാര്‍ജയിലാണ് കൊലപാതകം ഉണ്ടായത്. ഷാര്‍ജ ലേബര്‍ ക്യാമ്പിനടത്തുവച്ചുണ്ടായ കലഹത്തിനിടയ്ക്കാണ് മിസ് രി നാസര്‍ ഖാന്‍ എന്ന പാക്കിസ്ഥാനി കൊല്ലപ്പെട്ടത്. പാക്കിസ്ഥാനികള്‍ക്കും ഇന്ത്യക്കാര്‍ക്കുമിടയിലുണ്ടായ പ്രാദേശികമായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. ഇതേ തുടര്‍ന്ന് പതിനേഴ് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.