ദുബായ്: പാക്കിസ്താന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ ദുബായില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 17 ഇന്ത്യക്കാരുടെ ശിക്ഷ മേല്‍ക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട പാക് പൗരന്റെ കുടുംബത്തിനു നാല്‌കോടിയിലേറെ രൂപ ദയാധനമായി നല്‍കിയതിനേത്തുടര്‍ന്നാണ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാന്‍ ഷാര്‍ജ കോടതി തീരുമാനിച്ചത്.

2009 ജനുവരിയിലാണ് പാക്‌സ്വദേശി മിസ്‌റി നസീര്‍ഖാന്‍ ഷാര്‍ജയില്‍ വെച്ച് കൊലചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട 17 ഇന്ത്യക്കാരെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. അറസ്റ്റിലായവരില്‍ 16 പേര്‍ പഞ്ചാബില്‍ നിന്നും ഒരാള്‍ ഹരിയാനയില്‍ നിന്നുളളവരുമായിരുന്നു.

കൊല്ലപ്പെട്ട പാക്ക് സ്വദേശിയുടെ ബന്ധുക്കള്‍ ദയാധനം സ്വീകരിച്ചതിനെ തുടര്‍ന്ന് ഇവരുടെ ശിക്ഷ രണ്ട് വര്‍ഷമായി കുറയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിനകം രണ്ട് വര്‍ഷത്തോളം കാലം ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇവരുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.