ചെന്നൈ: ഡിടിഎച്ച് സര്‍വീസിനും ഐപിഎല്‍ മത്സരങ്ങള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ വിനോദ നികുതി ഏര്‍പ്പെടുത്തി. തിയറ്റര്‍ നികുതിയും ഇരട്ടിയായി വര്‍ദ്ദിപ്പിച്ചിട്ടുണ്ട്. പുതിയ നിര്‍ദേശപ്രകാരം ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് 30 ശതമാനവും ഐപിഎല്‍ മത്സരങ്ങള്‍ക്ക് 25 ശതമാനവുമാണ് വിനോദനികുതി ഏര്‍പ്പെടുത്തിയത്. തിയറ്ററുകള്‍ക്ക് 30 ശതമാനമാണ് നികുതിയിനത്തില്‍ നല്‍കേണ്ടി വരിക. സര്‍വ്വീസ് നികുതിക്ക് പുറമെയാണിത്. ഇത് സംബന്ധിച്ച ബില്ലിന് ബുധനാഴ്ച തമിഴ്‌നാട് നിയമസഭ അംഗീകാരം നല്‍കി.

പുതിയ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട്ടിലെ ഡി.ടി.എച്ച് സേവന ദാതാക്കളായ ആറ് കമ്പനികളും ഓരോ കണക്ഷനും ഒരു രൂപ ഈടാക്കുകയാണെങ്കില്‍ 30 പൈസ വിനോദനികുതിയായി നല്‍കണം. സെയില്‍സ് ടാക്‌സിന് പുറമെയാണിത്. ഉപഭോക്താക്കളെ ഇത് ബാധിക്കില്ല എന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കമ്പനികള്‍ അധികമായി അടക്കേണ്ട നികുതി തുകയും ഇവരുടെ ചുമലില്‍ തന്നെ വയ്ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐ.പി.എല്‍ ക്രിക്കറ്റിന്‍ വന്‍ വിജയത്തെതുടര്‍ന്നാണ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് സംഘാടകര്‍ ടിക്കറ്റിന് 1000 രൂപ ഈടാക്കുകയാണെങ്കില്‍ 250 രൂപ നികുതിയായി നല്‍കണം. അരഡസനിലധികം സംസ്ഥാനങ്ങള്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് നികുതി ചുമത്തുന്നുണ്ട്. ഡിടിഎച്ച് സര്‍വീസിനും ഐപിഎല്‍ മത്സരങ്ങള്‍ക്കും നികുതി ചുമത്തുന്നതിലൂടെ വര്‍ഷത്തില്‍ 100കോടി രൂപയിലധികം ഈയിനത്തില്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.