ന്യൂയോര്‍ക്ക്: പാമ്പ് മനുഷ്യനെ കടിക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ മനുഷ്യന്‍ പാമ്പിനെ കടിച്ചാലോ. അങ്ങനെ സംഭവിക്കാനിടയില്ല എന്നാവും മറുപടി. എങ്കില്‍ തെറ്റി. പുതിയ കാലത്തെ മനുഷ്യന്‍ പാമ്പിനെയും കടിച്ചു. സംഭവം പോലീസ് കേസായി. പ്രതി അറസ്റ്റിലുമായി.

അമേരിക്കയില്‍ കാലിഫോര്‍ണിയയിലാണ് ഈ അത്യപൂര്‍വ്വ സംഭവം നടന്നത്. കടിയേറ്റ പരുമ്പാമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടിച്ചത് മറ്റാരുമല്ല യജമാനനായ ഡേവിഡ് സെങ്ക് എന്ന 54കാരനാണ്.

ഡേവിഡ് ഓമനിച്ച് വളര്‍ത്തുന്ന പാമ്പാണിത്. മദ്യപിച്ച് ഫിറ്റായി വീട്ടിലെത്തിയ ഡേവിഡ് വഴക്കിനിടയില്‍ പാമ്പിനെ കടിക്കുകയായിരുന്നു. ആരോടുള്ള ദേഷ്യമാണ് പാമ്പിനോടു തീര്‍ത്തതെന്നു അറിയില്ലെങ്കിലും കടികിട്ടിയ പാമ്പിന്റെ രണ്ടു വാരിയെല്ലുകള്‍ ഒടിഞ്ഞു.

കുടുംബവഴക്ക് നടക്കുന്നുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് ഡേവിഡിനേയും മുറിവേറ്റ പെരുമ്പാമ്പിനെയും കണ്ടത്. പാമ്പിനെ കടിച്ച് മുറിവേല്‍പ്പിച്ച ഡേവിസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയിലേക്ക് മാറ്റിയ പാമ്പിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. പാമ്പ് അപകടനില തരണം ചെയ്തതായാണ് വിവരം. മദ്യലഹരിയിലായിരുന്നതിനാല്‍ ഒന്നും ഓര്‍മയില്ലെന്നാണ് പോലീസിനു ഡേവിഡ് നല്‍കിയ മൊഴി. ഉടമ ജയിലിലായതിനാല്‍ പാമ്പിനെ മൃഗസംരക്ഷണകേന്ദ്രത്തിലേയ്ക്കു മാറ്റിയിരിക്കുകയാണിപ്പോള്‍.