ഭോപ്പാല്‍: മധ്യപ്രദേശില്‍ പുത്തന്‍ മരുന്നുകള്‍ പരീക്ഷിക്കുന്നത് കുട്ടികളില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള നെഹ്‌റു ആശുപത്രിയിലാണ് മരുന്നുകളുടെ പരീക്ഷണത്തിനായി കുട്ടികളെ ഉപയോഗിച്ചത്. 1883 കുട്ടികളെ ഇത്തരത്തില്‍ പരീക്ഷണത്തിനായി ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം സ്വതന്ത്ര എം.എല്‍.എ പരാസ സക് ലേച നല്‍കിയ അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കണക്കുകള്‍ താല്‍ക്കാലികമായി കെട്ടിപ്പടുത്തതാകാമെന്നും പരീക്ഷണത്തിനായി ഇതിലും അധികം കുട്ടികളെ ഉപയോഗപ്പെടുത്തിയിരിക്കാമെന്നും രത്‌ലം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ പരാസ സക് ലേച പറഞ്ഞു.

നിരക്ഷരതയും ദാരിദ്രവും മുതലെടുത്താണ് ഡോക്ടര്‍മാര്‍ കുട്ടികളെ മരുന്ന് പരീക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നത്. പരീക്ഷണങ്ങള്‍ക്ക് വിധേയരായ കുട്ടികള്‍ക്ക് എന്ത് പറ്റിയെന്ന് ചോദ്യത്തിന് ഉത്തരമില്ല. ഈ കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടോ അല്ലെങ്കില്‍ മരിച്ചോ എന്ന കാര്യത്തിന് ഉത്തരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് സക്‌ലേച പറയുന്നു. കുട്ടികളുടെ മേല്‍വിലാസം നല്‍കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ അതിന് തയ്യാറായില്ല.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി മഹേന്ദ്ര ഹര്‍ദിയ പറഞ്ഞു. അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറിയന്‍ കമ്പനിയുടെ മരുന്നാണ് പരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഏത് മരുന്നാണ് പരീക്ഷിച്ചതെന്നതിനെ കുറിച്ചും ഇതിനായി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.