എഡിറ്റര്‍
എഡിറ്റര്‍
ലഹരിമാഫിയ സംഘത്തിലെ 12 പേരെ മെക്‌സിക്കന്‍ സൈന്യം വെടിവെച്ചുകൊന്നു
എഡിറ്റര്‍
Wednesday 30th May 2012 12:28pm

വെരാക്രൂസ് : സംഘര്‍ഷബാധിതമായ കിഴക്കന്‍ മെക്‌സിക്കോയിലെ വെരാക്രൂസ് സൈനിക ചെക് പോസ്റ്റില്‍ സേനയുടെ നിര്‍ദ്ദേശം അവഗണിച്ചുപോയ വാഹനത്തിലെ 12 പേരെ സേന വെടിവെച്ചു കൊന്നു. മെക്‌സിക്കോ സിറ്റിക്ക് 430 കി. മി. അകലെ വെരാക്രൂസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ സലാപാപയിലെ സൈനിക ചെക്‌പോസ്റ്റിലാണ് സംഭവം. കുറ്റവാളികളെന്ന് കരുതുന്ന 12 പേരെ വെടിവെച്ചുകൊന്നതായി സൈന്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ലഹരി മരുന്നു മാഫിയകളുടെ കുടിപ്പകയ്ക്ക് പേരുകേട്ട പ്രദേശമാണ് വെരാക്രൂസ്. സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായി കൊലപാതകങ്ങള്‍ ഇവിടെ പതിവാണ്. സെറ്റാസ് സംഘവും അതില്‍ നിന്ന് പിരിഞ്ഞു രൂപീകരിച്ച സംഘവും രാജ്യത്തെ ഏറ്റവും ഭീകര സംഘമായ ജോവാക്കിന്‍ ഷോര്‍ട്ടി ഗുസ്മാന്റെ സിനാലോവാ സംഘവും തമ്മിലാണ് പ്രധാന പോരാട്ടങ്ങള്‍. ലഹരി മരുന്നു സംഘങ്ങളെ രാജ്യത്തു നിന്നു തുരത്തുമെന്ന് 2006 ലെ ഭരണമാറ്റത്തിന് ശേഷം പ്രസിഡന്റ് ഫിലിപ്പെ കാല്‍ഡറോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സേനയെ വിന്യസിക്കുകയായിരുന്നു.

സൈന്യത്തില്‍ നിന്ന് ഒളിച്ചോടിയവരാണ് പല മാഫിയാ സംഘാംഗങ്ങളുമെന്നുള്ളത് ഇവരെ തിരുത്തുന്നതിന് തടസ്സമാകുന്നുണ്ട്. രാജ്യത്ത് ഇതുവരെയായി 50,000 പേരെങ്കിലും സംഘങ്ങളുടെ അക്രമത്തിനിരയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതുകൊണ്ടൊക്കെ തന്നെ പ്രസിഡന്റിന്റെ ജനപ്രീതിയും കുറഞ്ഞിട്ടുണ്ട്. ജൂലൈയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ വോട്ടെടുപ്പില്‍ പ്രതിപക്ഷ വിപ്ലവകക്ഷി നേതാവ് എന്റിക് പെന നിറ്റോയാണു മുന്നില്‍.

Advertisement