ചണ്ഡിഗഡ്: മയക്കുമരുന്ന് ഇടപാടില്‍ ആരോപണ വിധേയനായ ബോക്‌സിംഗ് താരവും, ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗിനെതിരെ പഞ്ചാബ് പോലീസ് കോടതിയെ സമീപിക്കും.

Ads By Google

വിദഗ്ധ പരിശോധനയ്ക്ക് രക്തസാംമ്പിളും തലമുടിയും നല്‍കാന്‍ വിജേന്ദര്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ദിവസം വിജേന്ദറിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

മൊഹാലിയില്‍ കഴിഞ്ഞയാഴ്ച നടന്ന 130 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തതോടെയാണ് മയക്കുമരുന്ന് ഇടപാടില്‍ വിജേന്ദറിന് പങ്കുണ്ടെന്ന ആരോപണമുയര്‍ന്നത്.

ഇത് ദേശീയ ബോക്‌സിംഗ് താരം രാംസിംഗും വെളിപ്പെടുത്തിയിരുന്നു. മൊഹാലിയില്‍ അറസ്റ്റിലായ വിദേശ ഇന്ത്യക്കാരന്‍ അനൂപ് സിംഗ് കഹ്‌ലോണില്‍ നിന്നും തങ്ങള്‍ രണ്ടു ഗ്രാം വീതം മയക്കുമരുന്ന് വാങ്ങിയിരുന്നുവെന്നും എന്നാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം ഇല്ലെന്നുമായിരുന്നു രാംസിംഗിന്റെ മൊഴി.

എന്നാല്‍ തനിക്ക് അനൂപ് സിംങ്ങിനെ പരിചയമുണ്ടെന്നും മയക്ക്മരുന്ന് വിവാദവുമായി ബന്ധമില്ലെന്നും വിജേന്ദര്‍ പറഞ്ഞിരുന്നു.