Categories

പന്നിപ്പനി: മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ഡബ്ല്യു എച്ച് ഒ കണക്കുകള്‍ പെരുപ്പിച്ചു?

ന്യൂദല്‍ഹി: ലോകത്ത് പടര്‍ന്നു പിടിച്ച പന്നിപ്പനി ഭീതി മരുന്നു കമ്പനികളുടെ സൃഷ്ടിയായിരുന്നോ?. ഈ സംശയം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡബ്ല്യൂ എച്ച് ഒ(വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍)യുടെ വാക്‌സിന്‍ ബോര്‍ഡിലുള്ള പല അംഗങ്ങളും പല മരുന്ന് കമ്പനികളില്‍ നിന്നും കോഴ വാങ്ങിയതായാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്.

കമ്പനികള്‍ക്ക് മരുന്ന് വിറ്റഴിച്ച ലാഭം കൊയ്യുന്നതിന് വേണ്ടി പന്നിപ്പനിയുടെ പെരുപ്പിച്ച കണക്കുകളാണോ ലോകാരോഗ്യ സംഘടന പുറത്ത് വിട്ടതെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. വാക്‌സിന്‍ കമ്മിറ്റിയിലെ അംഗമായ പ്രൊഫസര്‍ ജുഹാനി എസ്‌കോല എന്നയാള്‍ മരുന്ന് കമ്പനിയായ ഗ്ലാക്‌സോ സ്മിത്ത് ക്ലിനിലില്‍ നിന്നും 6.3 മില്യണ്‍ യൂറോ പാരിതോഷികമായി വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡാനിഷ് ഫ്രീഡം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് ഈ വിവരം ലഭിച്ചത്.

വാക്‌സിന്‍ കമ്പനിയിലെ മറ്റ് ആറ് അംഗങ്ങളും വ്യത്യസ്ത കമ്പനികളില്‍ നിന്നും ഇങ്ങിനെ പണം വാങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്. നൊവാര്‍ട്ടീസ്, സോള്‍വെ, ബാക്‌സ്റ്റര്‍, മെഡില്‍മുണെ, സനോഫി അവന്റിസ് എന്നീ കമ്പനികളില്‍ നിന്നാണ് പണം സ്വീകരിച്ചത്.

പന്നിപ്പനി വാക്‌സിന്‍ വിറ്റഴിച്ചതിലൂടെ മരുന്ന് കമ്പനികള്‍ കോടികളുടെ ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നഷ്ടത്തിലോടുകയായിരുന്ന മരുന്ന് കമ്പനി പന്നിപ്പനി മരുന്നുകള്‍ നിര്‍മ്മിച്ച് ലാഭത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.