എഡിറ്റര്‍
എഡിറ്റര്‍
വ്യാജ പരസ്യം: ഫെയര്‍ ആന്റ് ലവ്‌ലിയ്‌ക്കെതിരെയും നടപടി, 78 ലക്ഷം രൂപയുടെ ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു
എഡിറ്റര്‍
Monday 21st May 2012 3:49pm

കൊച്ചി: വ്യാജ പരസ്യം നല്‍കി കബളിപ്പിച്ചുവെന്ന പരാതിയില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഉല്പാദനരംഗത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ ലിവറിന്റെ മൂന്ന് ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. കമ്പനിയുടെ ഏറെ പ്രചാരമുള്ള ഉല്പന്നങ്ങളായ ഫെയര്‍ ആന്റ് ലവ്‌ലി  മള്‍ട്ടി വിറ്റമിന്‍ അണ്ടര്‍ ഐ സിറം, ഫെയര്‍ ആന്റ് ലവ്‌ലി ( ആയുര്‍വേദിക് കെയര്‍), ഫെയര്‍ ആന്റ് ലവ്‌ലി മള്‍ട്ടി വിറ്റാമിന്‍ 50ഗ്രാം എന്നീ ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്.

Ads By Google

വിവിധ ജില്ലകളില്‍ നടത്തിയ റെയ്ഡില്‍ 78 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്ത്. പരസ്യത്തില്‍ അവകാശപ്പെടുന്ന തരത്തിലുള്ള ഗുണമേന്മകള്‍ ഈ ഉല്‍പന്നങ്ങള്‍ക്കില്ലെന്ന പരാതിയാണ് നടപടിക്ക് ആധാരം.

ഫെയര്‍ ആന്റ് ലവ്‌ലി (ആയുര്‍വേദിക്) യുടെ പരസ്യത്തിലെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഇവയാണ്.

1) ഉല്പന്നത്തിന്റെ കവറിന് പുറത്തുള്ള ക്ലിയര്‍ ഫെയര്‍നെസ് മീറ്റര്‍.

2) കറുത്ത തൊലിയുള്ള സ്‌കിന്‍ വെളുത്ത് തിളങ്ങി വരുന്ന പരിണാമം കാണിക്കുന്ന ഉള്ളിലെ ട്യൂബിലും പുറത്തെ കവറിലുമുള്ള സ്ത്രീയുടെ ചിത്രം.

3) ഈ ഉല്പന്നം ഏത് ടൈപ്പാണെന്ന് പരാമര്‍ശിച്ചിട്ടില്ല. (ക്രീമാണോ ജെല്ലാണോയെന്ന് ).

4) ഇതിന്റെ കവറില്‍ കുങ്കുമാദി തൈലം ഉണ്ടെന്ന് പറയുന്നു. എന്നാല്‍ ഘടകങ്ങളുടെ ലിസ്റ്റില്‍ കുങ്കുമാദി തൈലമെന്ന് പേര് പരാമര്‍ശിക്കുന്നില്ല.

5) ഉള്ളിലെ ട്യൂബിലും പുറത്തെ കവറിലും പറയുന്ന ക്ലിയര്‍ എന്ന വാക്ക് സ്‌കിന്നിലെ ചില പ്രത്യേകപ്രശ്‌നങ്ങള്‍ക്ക് മാറ്റമുണ്ടാക്കുമെന്ന് അവകാശപ്പെടുന്നത് തെറ്റിദ്ധരിപ്പിക്കലാണ്.

6) ഉള്ളിലെ ട്യൂബിലും പുറത്തെ കവറിലും നിര്‍മാതാക്കളുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത് ചട്ടപ്രകാരമല്ല.

മറ്റ് രണ്ട് ഉല്പന്നങ്ങള്‍ക്കെതിരെയും ഏതാണ്ട് സമാനമായ ആരോപണങ്ങളാണുള്ളത്. 1940ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ടിലെ സെക്ഷന്‍ 17(C) യുടെ ലംഘനമാണ് കമ്പനി നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത ഉല്പന്നങ്ങള്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണം പൂര്‍ത്തിയാക്കിയശേഷം അന്തിമ റിപ്പോര്‍ട്ട് അതത് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടമെന്റ് അറിയിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.

മിസ് ബ്രാന്റിംഗ് എന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം ഒരു വര്‍ഷം തടവും 20,000 രൂപവരെ പിഴയും വിധിക്കാവുന്ന കുറ്റമാണ്.

നേരത്തെ തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ചതിന് ധാത്രി, ശ്രീധരീയം, ഇന്ദുലേഖ തുടങ്ങിയ ഉല്പന്നങ്ങള്‍ക്കെതിരെയും സമാനമായ നടപടികളെടുത്തിരുന്നു.

ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി

വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍ : ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

വ്യാജപരസ്യം നല്‍കി വഞ്ചന; ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നിവയുടെ ലൈസന്‍സ് റദ്ദാക്കും

ധാത്രിയ്‌ക്കെതിരായ വാര്‍ത്ത തെറ്റെന്ന് പരസ്യം: വാര്‍ത്ത നല്‍കാത്തവരും പരസ്യം പ്രസിദ്ധീകരിച്ചു

Advertisement