എഡിറ്റര്‍
എഡിറ്റര്‍
മയക്കുമരുന്ന് കേസ്; ബലപ്രയോഗത്തിലൂടെ നഖം, തലമുടി, രക്തസാമ്പിള്‍ എന്നിവ എടുക്കാന്‍ അധികൃതരെ അനുവദിക്കരുത്: നടി ചാര്‍മി കോടതിയില്‍
എഡിറ്റര്‍
Tuesday 25th July 2017 10:23am

ഹൈദരാബാദ്: മയക്കുമരുന്ന് മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന കേസ് തന്റെ കരിയര്‍ നശിപ്പിക്കാനായി ചിലര്‍ മനപൂര്‍വം ഉണ്ടായിക്കിയതെന്ന് നടി ചാര്‍മി കൗര്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്രൂരമായ ചോദ്യം ചെയ്യല്‍ നടപടിയില്‍ നിന്നും തനിക്ക് സംരക്ഷണം വേണമെന്നും നടി ഹൈദരാബാദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

ചോദ്യം ചെയ്യലിനായി തെലുങ്കാനാ എക്സൈസ് വകുപ്പിന് മുന്നില്‍ ഹാജരാകാന്‍ ചാര്‍മിക്ക് നോട്ടീസ് ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു ചാര്‍മി ഹൈക്കോടതിയെ സമീപിച്ചത്.


Dont Miss ബവാന തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് സാധ്യത; ഇ.വി.എം ഫലവുമായി വിവി പാറ്റ് സ്ലിപ് ഒത്തുനോക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ആം ആദ്മി


തന്നെ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നും വൈദ്യപരിശോധനയ്ക്കായി ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ എടുക്കാന്‍ അധികൃതരെ അനുവദിക്കരുതെന്നും ചാര്‍മി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 20(3) പ്രകാരമുള്ള സംരക്ഷണം തേടിയാണ് ചാര്‍മി കോടതിയെ സമീപിച്ചിരിക്കുന്നത്.

സിനിമാ താരങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിക്കുന്നതെന്ന് നടിയുടെ അഭിഭാഷകന്‍ വിഷ്ണു വര്‍ധന്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ഇതെ തുടര്‍ന്നാണ് ചാര്‍മി കോടതിയെ സമീപിച്ചത്. നാളെയാണ് ചാര്‍മിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഞാന്‍ അവിവാഹിതയായ ഒരു യുവതിയാണ്. ഈ കേസ് എന്നെ എങ്ങിനെ ബാധിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. തനിക്ക് മയക്ക് മരുന്ന് കേസുമായി യാതൊരു ബന്ധവുമില്ല. ഇത് എന്റെ കരിയറും ഭാവിയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്- ചാര്‍മി പറഞ്ഞു. കേസില്‍ നടന്നുകൊണ്ടിരിക്കുന്ന മാധ്യമ വിചാരണ തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും നടി കുറ്റപ്പെടുത്തി.

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെയാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

ചാര്‍മിയെ കൂടാതെ കൂടാതെ രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, മുമൈത്ത് ഖാന്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ ദിവസം പിടിയിലായ ഒരാളില്‍ നിന്നാണ് തെലുങ്കിലെ താരങ്ങള്‍ക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍ നിന്നും എക്‌സൈസിന് ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു താരങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.

Advertisement