അംപയറുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കുന്ന യു ഡി ആര്‍ എസ്സ് സംവിധാനം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിര്‍ബന്ധമായും നടപ്പിലാക്കാന്‍ ഐ സി സി തീരുമാനിച്ചു. നിലവിലെ അപാകതകള്‍ തീര്‍ത്ത് , പരിഷ്‌ക്കരിച്ച സംവിധാനമാവും നടപ്പില്‍ വരുത്തുക. ഹോങ്കോങ്ങില്‍ നടന്ന് വരുന്ന ഐസിസി യുടെ ഉന്നതാധികാരസമിതിയുടെ മീറ്റിംഗില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് യു ഡി ആര്‍ എസ്സ് സംവിധാനം ഇതുവരെ നടപ്പിലാക്കാതിരുന്നത്. സംവിധാനത്തിലുള്ള ബാള്‍ ട്രാക്കര്‍ സാങ്കേതിക വിദ്യയോട് ബി സി സി ഐ ക്ക് കടുത്ത എതിര്‍പ്പായിരുന്നു. ഇതൊഴിവാക്കിയാണ് ഐ സി സി പരിഷ്‌കരിച്ച യു ഡി ആര്‍ എസ്സ് സംവിധാനം നടപ്പില്‍ വരുത്തുന്നത്.

‘സാങ്കേതിക വിദ്യകളെ അംഗീകരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എപ്പോഴും തയ്യാറാണ്. പക്ഷേ ബാള്‍ ട്രാക്കിംഗ് സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ നിലവിലുള്ള രീതിയോടാണ് ബോര്‍ഡിന് എതിര്‍പ്പ്’. ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ഇതോടെ വരുന്ന ഇംഗ്ലണ്ട് ഇന്ത്യ പരമ്പരയില്‍ യു ഡി ആര്‍ എസ്സ് സംവിധാനം ഉപയോഗപ്പടുത്തുമെന്നുറപ്പായി. ജൂലൈയിലാണ് പരമ്പര. ഇന്ത്യ അവസാനമായി യു ഡി ആര്‍ എസ്സ് സംവിധാനം ഉപയോഗിച്ചത് 2008 ല്‍ നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയിലാണ്.