എഡിറ്റര്‍
എഡിറ്റര്‍
വെന്തുരുകി ചെമ്പ്രയും വയനാടും; പൊള്ളുന്നത് ആര്‍ക്കെല്ലാം ?
എഡിറ്റര്‍
Tuesday 21st February 2017 4:06pm

 

ചെമ്പ്ര, മലകയറി മുകളിലെത്തുന്നവര്‍ക്കെല്ലാം വാക്കുകള്‍ക്ക് അപ്പുറത്തെ അനുഭൂതി പകുത്തു നല്‍കുന്ന മലനിരയാണ് അവള്‍. ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി മലകയറി ആ കാഴ്ച്ച കാണാനായി പലരുമെത്തും. അങ്ങനെ വന്നവരിലൊരാള്‍ തിരികെ നല്‍കിയ സമ്മാനത്തിന്റെ ആഘാതത്തില്‍ വീണിരിക്കുന്നത് അഞ്ഞൂറ് ഏക്കറോളം വരുന്ന ചെമ്പ്ര മലനിരകളും പക്ഷികളും മൃഗങ്ങളും ഉള്‍പ്പടെയാണ്.

സഞ്ചാരികളിലൊരാള്‍ അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയില്‍ നിന്നുമാണ് വയനാടിന്റെ ടൂറിസം കേന്ദ്രങ്ങളില്‍ തലയെടുപ്പു കൊണ്ടും സൗന്ദര്യം കൊണ്ടും മുന്നില്‍ നില്‍ക്കുന്ന ചെമ്പ്ര മലനിരയെ ഒരു ചാരക്കൂമ്പാരമാക്കി മാറ്റിയ തീ പടര്‍ന്നത്. ചെമ്പ്രയിലെ ഹൃദയതടാകം കാണാനെത്തിയ എട്ടംഗ വിനോദ സഞ്ചാരി സംഘത്തിലെ ആളുകളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിര്‍ത്തി ജില്ലയായ വയനാടിന്റെ കര്‍ണ്ണാടക-വയനാട് അതിര്‍ത്തി ഗ്രാമങ്ങളിലെ മലകളിലും ബാണാസുര സാഗര്‍ മലയിലുമെല്ലാം കാട്ടു തീ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ബന്ദിപ്പൂര്‍ മേഖലയിലായിരുന്നു ആദ്യം അഗ്നിബാധയുണ്ടായത്. വയനാട് വന്യ ജീവി സങ്കേതത്തിലേക്കും തീ പടരാതിരിക്കാന്‍ അഗ്നിശമന സേന അതീവ ജാഗ്രതയോട പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും തീപിടുത്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

ചെമ്പ്രയിലെ മലനിരകളിലെ അഗ്നിബാധ അണയും മുമ്പായിരുന്നു ജില്ലയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാണാസുര മലനിരയിലും തീ പിടിച്ചത്. ഇതിന്റെ പിന്നിലും സഞ്ചാരികള്‍ തന്നെയാണെന്നാണ് അനുമാനം. ബന്ദിപ്പൂര്‍ മേഖലയില്‍ ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്. അഗ്നിബാധ ഭീഷണിയെ തുടര്‍ന്ന് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മുത്തങ്ങ, തോല്‍പ്പെട്ടി, കുറുവ, തിരുനെല്ലി, സൂചിപ്പാറ തുടങ്ങിയവ അടച്ചിടാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. എന്നാല്‍ വനത്തിന്റെ സംരക്ഷം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് നടിച്ച് മാറിനില്‍ക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കേണ്ടതുണ്ട്, എവിടെയാണ് പിഴയ്ക്കുന്നത്?

കാട്ടുതീ വേനലിന്റെ സൃഷ്ടിയാണെന്നാണ് പൊതുവെയുള്ള ഭാഷ്യം എന്നാല്‍ ചെമ്പ്രയില്‍ സംഭവിച്ചത് പരിശോധിച്ചാല്‍ അറിയാന്‍ കഴിയും മനുഷ്യനാണ് ഇതിന്റെ കാരണമെന്ന്. ഒരു നിമിഷത്തെ അലസതയിലോ അശ്രദ്ധയിലോ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയോ തീപ്പെട്ടി കൊള്ളിയോ മതി പടര്‍ന്നു പിടിച്ച് ഏക്കറുകള്‍ വരുന്ന വനം കത്തിയമരാന്‍.

ചെമ്പ്രയിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അവയ്ക്ക് സമീപത്തെ ഹോട്ടലുകളും വേനല്‍ കഴിയുന്നതുവരെ അടച്ചിടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. വരണ്ടുണങ്ങി നില്‍ക്കുന്ന വയനാടന്‍ കാടുകളെ സംരക്ഷിക്കേണ്ടത് കാടിനെ അറിയാതെ കാഴ്ച്ച കാണാനെത്തുന്ന സഞ്ചാരികളില്‍ നിന്നും തന്നെയാണെന്ന് ഇതില്‍ നിന്നും വായിച്ചെടുക്കാം. ജില്ലയില്‍ നേരിടുന്ന അഭൂതപൂര്‍വ്വമായ വരള്‍ച്ചയും ജലക്ഷാമവും അത്യൂഷ്ണവുമെല്ലാം നാളുകളായി തുടരുന്ന തുരക്കലിന്റേയും നിരത്തലിന്റേയും പരിണിതഫലമാണെന്ന് പറയാതെ തന്നെ അറിയാം. എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ ഇരയായി മാറുന്നത് കാടും കാട്ടുമൃഗങ്ങളുമാണ്.

വരള്‍ച്ചയും കാട്ടുതീയും ആഘാതമേല്‍പ്പിക്കുന്നത് വയനാടിന്റെ നയനമനോഹരകാഴ്ച്ചകള്‍ക്കും അവ മുതലാക്കിയുള്ള ടൂറിസത്തെയോ മാത്രമല്ല. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രഹ്മഗിരിയും ബാണാസുരയും ചെമ്പ്രയും. അതിര്‍ത്തി ജില്ലകളിലേക്കും തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലേക്കുമുള്ള മുഖ്യ ജലസ്രോതസ്സാണ് വയനാടന്‍ മലനിരകള്‍. കര്‍ണ്ണാടകയിലെ മുഖ്യ ജലസ്രോതസ്സായ കവേരി നദിയിലേക്ക് ചെന്ന് ചേരുന്ന കബനിയുടെ ഉത്ഭവം വയനാട്ടിലാണ്. വയനാട്ടിലെ ഏക നദിയായ കബനിയുടെ കൈവഴികളാണ് ജില്ലയിലെ കൊച്ചു പുഴകളെല്ലാം.

കബനിയിലെ ജലത്തെ ആശ്രയിച്ചാണ് കര്‍ണ്ണാടകയിലെ കബനി റിസര്‍വോയറും കബനി ഡാമും സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലങ്ങളില്‍ കൊടും വരള്‍ച്ചയുടെ പിടിവീഴുന്ന കര്‍ണ്ണാടകയ്ക്ക് ആശ്വാസമാകുന്നത് കബനിയാണ്. എന്നാല്‍ വേനല്‍ കനത്തതോടെ കബനി കണ്ണീര്‍ച്ചാലായി മാറിയിരിക്കുകയാണ്. ഇതോടെ ജില്ലയുടേയും അയല്‍സംസ്ഥാനത്തിന്റേയും വെള്ളം കുടി മുട്ടിയിരിക്കുകയാണ്.

 

കാരാപ്പുഴയും ബാണാസുരയുമെല്ലാം എന്നും നിറഞ്ഞു കിടന്നിരുന്നു. പക്ഷെ ഈ ഡാമുകളായിരുന്നില്ല വയനാടിന്റെ ജലസ്രോതസ്സ്. ഒരിക്കലും വറ്റാത്ത ഉറവകളായിരുന്നു വയനാട്ടിലെ ഓരോ കിണറും. ഒരിക്കലും വറ്റാത്ത കിണറുകളും നിലയ്ക്കാത്ത അരുവികളും എന്നും വയനാടന്‍ കാഴ്ച്ചയുടെ ഭംഗിയും കരുത്തുമായിരുന്നു. നിലത്ത് ഉപ്പൂറ്റിയൂന്നി ഒന്ന് തിരിച്ചാലുടലെടുക്കുന്ന കുഴിയില്‍ വരെ വെള്ളമുണ്ടാകുമായിരുന്നു. ആ കാലമിന്ന് വിദൂരതയിലാണ്. കിണറുകള്‍ വറ്റി. നീരുറവകള്‍ അപ്രത്യക്ഷമായി.

ഓരോ മലയും ഓരോ മണ്‍കുടമാണെന്നാണ് വിശ്വാസം. എന്നാല്‍ കൊടും വരള്‍ച്ചയും വനനശീകരണവും മലകളെ മൊട്ടക്കുന്നുകളാക്കി മാറ്റിയതോടെ മണ്‍കുടത്തിനുള്ളിലെ വെള്ളവുമില്ലാതെയായി. ഭൂഗര്‍ഭ ജലത്തിന്റെ അളവിലുണ്ടായ ഭീകരമായ കുറവാണ് കിണറുകളേയും കുളങ്ങളേയും വെറും കുഴികളാക്കി മാറ്റിയത്. കുത്തിയൊലിച്ചിറങ്ങുന്ന മീന്‍മുട്ടികളും നിറഞ്ഞൊഴുകിയ പുഴകളും വിദൂര സ്വപ്‌നമായതോടെ കുടിവെള്ളത്തിനായി കാതങ്ങളോളം നടന്ന് പോകുന്ന വീട്ടമ്മമാര്‍ ഇന്ന് അതിര്‍ത്തി ഗ്രാമമായ പുല്‍പ്പള്ളിയിലും സമീപ പ്രദേശങ്ങളിലും നിത്യക്കാഴ്ച്ചയാണ്. മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകയിനം ചിത്രശലഭങ്ങളും പക്ഷികളും പുല്‍പ്പള്ളിയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന വാര്‍ത്ത വന്നിട്ടു മാസങ്ങളായി. തവളകളുടെ അപ്രത്യക്ഷമാകലുമെല്ലാം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്. വയനാട് മരുഭൂമിയായി പതിയെ മാറുകയാണ്.

വയനാടിന്റെ നീര് വറ്റുന്നതോടെ ദാഹമടക്കാനാകാതെ പോകുന്നത് അയല്‍ ജില്ലകളായ കണ്ണൂരും കോഴിക്കോടും മലപ്പുറവുമാണ്. കേരളത്തിലെ നാലാമത്തെ ഏറ്റവും നീളം കൂടിയ നദിയാണ് ചാലിയാര്‍. ചാലിയാറിന്റെ 17 കിലോമീറ്റര്‍ മലപ്പുറത്താണ്. ചാലിയാര്‍ നദിയുടെ തീരങ്ങളിലാണ് മലപ്പുറത്തിന്റെ ജീവവായുവായ അങ്ങാടികളുള്ളത്. വയനാട്ടിലെ എലമ്പലാരി മലയില്‍ നിന്നും ഉത്ഭവിക്കുന്ന ചാലിയാര്‍ നിലമ്പൂരിലൂടെയും അരിക്കോടിലൂടേയും ചെറുവാടിയിലൂടേയുമെല്ലാം കടന്ന് ബേപ്പൂരിലെത്തിയാണ് കടലില്‍ പതിക്കുന്നത്. കഠിനമായ വേനലിലും വറ്റില്ല എന്നതാണ് ചാലിയാര്‍ നദിയുടെ സവിശേഷത. ചാലിയാറിനെ വിശ്വസിച്ചാണ് നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള വികസനങ്ങളും കൃഷിയും മറ്റും മുന്നോട് പോകുന്നത് തന്നെ. എന്നാല്‍ വയനാട് വരണ്ടില്ലാതാകുന്നതോടെ ചാലിയാറും വറ്റും. അതോടെ അതിനെ ആശ്രയിച്ച് ജീവിക്കുന്ന രണ്ട് ജില്ലയിലെ ജനങ്ങള്‍ വെള്ളമില്ലാതെ വലയും. പൊതുവെ വേനലിന് കട്ടികൂടിയ കോഴിക്കോട് ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനായി കേഴും.

വയനാടിന്റെ വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ജില്ല കോഴിക്കോടായിരിക്കും. ജില്ലയില്‍ നദികളുണ്ടെങ്കിലും അവയൊക്കെ വേണ്ട സമയത്ത് റോഡിന്റേയും ഫഌറ്റിന്റേയും അടിയിലാക്കി കഴിഞ്ഞു. കോഴിക്കോട് നഗരത്തിലുള്‍പ്പടെ പ്രധാന ജലസ്രോതസ്സ് ജപ്പാന്‍ കുടിവെള്ള പദ്ധതി തന്നെയാണ്. പൈപ്പു തുറക്കുമ്പോള്‍ വെള്ളം വരും, എന്നാല്‍ അതെവിടുന്നാണെന്ന് കോഴിക്കോട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടാകുമോ?

കക്കയം ഡാമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്കായുള്ള ജലം നല്‍കുന്നത്. കക്കയത്തേക്ക് വെള്ളമെത്തുന്നതാകട്ടെ ബാണാസുര സാഗര്‍ ഡാമില്‍ നിന്നുമാണ്. അവിടെ നിന്നുമാണ് പെരുവണ്ണാമുഴിയിലേക്കും കുറ്റ്യാടി ഡാമിലേക്കുമെല്ലാം വെള്ളമെത്തിക്കുന്നത്. ബാണാസുരയില്‍ നിന്നുമെത്തുന്ന വെള്ളമാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയില്‍ വൈദ്യുതിയായും ജപ്പാന്‍ കുടിവെള്ള പദ്ധതിയുമൊക്കെയായി മാറുന്നത്. വയനാട്ടിലെ വരള്‍ച്ച ബാണാസുരയെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ ഡാമായ ബാണാസുര കൊടും വരള്‍ച്ചയെ തുടര്‍ന്ന് വെള്ളക്കുഴികള്‍ മാത്രമായി മാറിയിരിക്കുകയാണ്. ഡാമില്‍ വെള്ളമില്ലാതാകുന്നതോടെ കക്കയം ഡാമിലേക്ക് ജലം തുറന്ന് വിടുന്നത് നിലയ്ക്കും. അതോടെ കോഴിക്കോടിന്റെ വെള്ളം കുടി മുട്ടും. ബ്രഹ്മഗിരി മലയുടെ തണലില്‍ നിന്നും ഉത്ഭവിക്കുന്നതാണ് ചീങ്കണ്ണിപ്പുഴ. കണ്ണൂരിന്റെ ജലഭരണിയായ ചീങ്കണ്ണിപ്പുഴയില്‍ വെള്ളമില്ലാതായാല്‍ നഗരവാസികളേയും ഗ്രാമീണരേയുമത് ഒരുപോലെ ബാധിക്കുമെന്നുറപ്പ്.

 

വരാനിരിക്കുന്നത് കൊടും വേനലാണെന്ന് കാലാവസ്ഥ നിരീക്ഷകരും മറ്റും വിധിയെഴുതി കഴിഞ്ഞു. പതിവിലും നേരത്തെ വയനാടിനെ വേനല്‍ പിടിമുറുക്കിയതോടെ അയല്‍ ജില്ലകളുടെ വേനല്‍ക്കാലം കടുക്കുമെന്നുറപ്പാണ്.

ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സമാനമായൊരു കാട്ടുതീ വയനാടന്‍ കാടുകളെ വിഴുങ്ങിയിരുന്നു. അന്നത്തെ ഇര തിരുനെല്ലിക്കാടായിരുന്നു. വെന്തു ചത്ത കുരങ്ങുകളും മാനുകളുമെല്ലാം അന്ന് നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. എല്ലാം തീര്‍ന്നെന്നു കരുതിയിടത്തു നിന്നും തിരുനെല്ലികാട് വീണ്ടും തളിര്‍ത്തു, പൂത്തുലഞ്ഞു. അതുപോലെ വീണ്ടും പച്ചയണിയാനുള്ള കഴിവ് ചെമ്പ്രയ്ക്കുമുണ്ട്. എഴുന്നേല്‍ക്കുന്നിടത്ത് വീണ്ടും തലക്കടിക്കാന്‍ സഞ്ചാരികളും ടൂറിസം കേന്ദ്രങ്ങളെ വെറും പണം വാരാനുള്ള സ്ഥാപനങ്ങളായി കാണുന്ന നാട്ടുകാരും ശ്രമിക്കാതിരുന്നാല്‍ മതിയാകും.

Photo courtesy: Sajayan K.S, Salam Parakkal, Noushad

Advertisement