ചെന്നൈ: ചെന്നൈക്കടുത്ത് ആരക്കോണത്ത് ട്രെയിനുകള്‍ കൂട്ടി ഇടിക്കാന്‍ കാരണം ഡ്രൈവറുടെ പിഴവാണെന്ന് വിലയിരുത്തല്‍. ഡ്രൈവറുടെ അമിതവേഗതയും റെഡ് സിഗ്നല്‍ അവഗണിച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

മണിക്കൂറില്‍ 15 കിലോമീറ്റര്‍ സ്പീഡ് വേണ്ടിടത്ത് 90 കിലോമീറ്റര്‍ സ്പീഡിലാണ് സിഗ്നലിനെ അവഗണിച്ച് ട്രെയിന്‍ പാഞ്ഞ് വന്നതെന്ന് റെയില്‍വേ ബോര്‍ഡിന്റെ വക്താവായ അനില്‍ സക്‌സേന പറയുന്നു. എന്‍ഞ്ചിന്‍ ഡ്രൈവര്‍ ജീവിച്ചിരിക്കുന്നു. പക്ഷേ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് അദ്ദേഹം മുക്തനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ കാരണം വിശദമായി അറിയാന്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സിഗ്‌നല്‍ കാത്ത് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചെന്നൈ ബീച്ച്‌വെല്ലൂര്‍ ലോക്കല്‍ ട്രെയിനാണ് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ആരക്കോണം കാട്പാടി പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ആരക്കോണത്തിനും ചിറ്റേരിയ്ക്കും ഇടിയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ പത്ത് പേര്‍ മരിക്കുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം വീതവും ധനസഹായം നല്‍കും.

പല സി. എ. ജി റിപ്പോര്‍ട്ടുകള്‍ റെയില്‍വേ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. തൊഴിലാളികളുടെ കുറവ്, സാമ്പത്തികമായ ബാധ്യതകള്‍ എന്നിവയെല്ലാം സുരക്ഷയെ ബാധിക്കുന്നുണ്ട്. 93 ട്രെയിന്‍ അപകടങ്ങളിലായി 250 ജീവനുകളാണ് 2010ല്‍ രാജ്യത്ത് പൊലിഞ്ഞത്. 2011 ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ ഉണ്ടായ 21 അപകടങ്ങളില്‍ 18ഉം റെയില്‍വെ ജീവനക്കാരുടെ പിഴവ് മൂലമാണ് സംഭവിച്ചത്.