മദ്യാപാനം നമ്മുടെ ശാരീരികവും മാനസികവുമായ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പല കുടുംബ ബന്ധങ്ങളും തകരാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. മദ്യാപാനം കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളല്ല ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്നത്. മറിച്ച് അത് നമ്മുടെ ശരീരത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്.

മദ്യപാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അമിതമദ്യപാനം മൂലം കരള്‍ ചകിരിനാര് പോലെയാകുന്ന അവസ്ഥയാണ് ആള്‍ക്കഹോളിക് സിറോസിസ് എന്നറിയപ്പെടുന്നത്. കരളിലേയ്ക്കുള്ള രക്തസഞ്ചാരം കുറഞ്ഞ് പോര്‍ട്ടല്‍ ഹൈപ്പര്‍ട്ടെന്‍ഷന്‍ ഉണ്ടാകും. പുരുഷമാറിടം തടിക്കുക, വൃഷണങ്ങള്‍ ശോഷിക്കുക, കക്ഷരോമം കൊഴിയുക, ഉദരത്തില്‍ ജലം നിറഞ്ഞു വീര്‍ക്കുക, കോമ എന്ന അബോധാവസ്ഥ ഏറ്റക്കുറച്ചിലോടെ ഉണ്ടാവുക, രക്തം ഛര്‍ദ്ദിക്കുക, കാലില്‍ നീരു കെട്ടുക എന്നിവ ഈ രോഗത്തിന്റെ ഫലമായുണ്ടാവും.

എച്ച്. ആര്‍. എസ് എന്ന വൃക്കസ്തംഭനം വന്നാല്‍ പിന്നെ ചികിത്സയില്ല. കരളിന് സിറോസിസ് ആയതിനുശേഷവും മദ്യം കഴിച്ചാല്‍ പിന്നെ നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് ലഭിക്കില്ല.

സ്ഥിരമായി മദ്യപിക്കുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോള്‍ വിറയല്‍ വരും, ഉറക്കം കുറയും. എന്നാല്‍, അവ ഏതാനും ദിവസമേ കാണുകയുള്ളൂ. ഈ ദിവസങ്ങളില്‍ വൈദ്യസഹായം തേടിയാല്‍ വളരെ പെട്ടെന്ന് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. മറ്റു കാരണങ്ങള്‍ കൊണ്ടും കരള്‍ സിറോസിസ് ഉണ്ടാകാം. ഏതുതരം സിറോസിസ് വന്നാലും അത് അപൂര്‍വമായി കരള്‍ കാന്‍സറാകാം.

മദ്യം പാന്‍ക്രിയാറ്റൈറ്റിസ്, കാര്‍ഡിയോ മയോപ്പതി, മസില്‍ ശോഷണം, ന്യൂറോപ്പതി എന്നീ അവസ്ഥകളും ഉണ്ടാക്കാം. അതിനാല്‍ ഈ രോഗങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്.