പത്തനംതിട്ട: അമേരിക്കയെന്ന് കേള്‍ക്കുമ്പോള്‍ മുഖം തിരിക്കുന്ന ക്യൂബ മുകുന്ദനെപ്പോലെ ഡി.വൈ.എഫ്.ഐക്കാര്‍ മാറരുതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍. അമേരിക്കയെന്ന് കേള്‍ക്കുമ്പോള്‍ മുഖം തിരിക്കുകയും ചൈനയെന്ന് കേള്‍ക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ക്യൂബ മുകുന്ദനെപ്പോലെ ഡി.വൈ.എഫ്.ഐക്കാര്‍ കൂപമണ്ഡൂകങ്ങളാകരുത്.

നാട്ടില്‍ നടക്കുന്ന മാറ്റങ്ങള്‍ എന്തെന്ന് അറിയുന്നവരാകണം ഡി.വൈ.എഫ്.ഐക്കാര്‍. അമേരിക്കന്‍ ജനങ്ങളെയല്ല ഇടതുപക്ഷം എതിര്‍ക്കുന്നത്. അവരുടെ സാമ്ര്യാജ്യത്വ നയങ്ങളെയാണ്. പ്രവര്‍ത്തകര്‍ അന്ധവിശ്വാസങ്ങളുടെ പ്രചാരകരാകരുത്. ചെഗുവേരയുടെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ച് മൈക്കിള്‍ ജാക്‌സന്റെ സംഗീതത്തിനൊപ്പം നൃത്തം വെക്കുന്നവരാകരുതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അണ്ണാ ഹസാരെയുടെ സമരത്തോടെ ഗാന്ധിസമാണ് നാടിന് ആവശ്യമെന്ന ധാരണ പടര്‍ന്നിട്ടുണ്ട്. ഗാന്ധിജിയുടെ സഹിഷ്ണതയും ഭഗത്സിങ്ങിന്റെ സമരവീര്യവും സമന്വയിക്കുന്ന സമരമുറയാണ് നാടിന് ആവശ്യം-അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.