മോസ്‌ക്കോ: കോടതിമുറിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി സുഗമായി ഉറങ്ങി. സംഗതി വിവാദമായതോടെ അതേ കേസിലെ ജഡ്ജിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കി.

Ads By Google

അതുമാത്രമല്ല, കോടതി മുറിയില്‍ ഉറങ്ങി നാണം കെട്ട ജഡ്ജി പിന്നീട് രാജിവെച്ച് ഒഴിയേണ്ടിയും വന്നു.

റഷ്യയുടെ കിഴക്കന്‍ നഗരമായ ആമറിലാണ് സംഭവം. തട്ടിപ്പ് കേസില്‍ പ്രതിഭാഗം അഭിഭാഷകന്റെ വാദം നടന്നുകൊണ്ടിരിക്കെയാണ് ജഡ്ജി യെവ്ജനി മക്‌നൊ ഉറങ്ങിപ്പോയത്.

എന്നാല്‍ വാദം അവസാനിക്കുന്നതിന് അല്പം മുന്‍പ് ഉണര്‍ന്ന ജഡ്ജി പ്രതികളായ ആന്ദ്രെ നലെറ്റോവിനെയും സെര്‍ജി ഖബറോവിനെയും അഞ്ചും ആറും വര്‍ഷം തടവുശിക്ഷക്ക് വിധിച്ചു.

എന്നാല്‍ കേസില്‍ തോറ്റ പ്രതിഭാഗം അഭിഭാഷകന്‍ വല്‍ഡിസ്ലാവ് നികിതെന്‍കോ, വെറുതെയിരിക്കാന്‍ തയ്യാറായിരുന്നില്ല. യൂട്യൂബില്‍ ജഡ്ജി ഉറങ്ങുന്നതിന്റെ ദൃശ്യം അപ്‌ലോഡ് ചെയ്താണ് കേസ് തോറ്റതിന്റെ ദു:ഖം പ്രതിഭാഗം അഭിഭാഷകന്‍ തീര്‍ത്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ കഴിഞ്ഞ ജനവരിയിലാണ് യൂട്യൂബിലെത്തിയത്. ജഡ്ജിയുടെ ഉറക്കത്തിന്റെ രണ്ടു വീഡിയോകളാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏതാണ്ട് 75000 പേര്‍ ഈ ദൃശ്യങ്ങള്‍ കാണുകയും ചെയ്തു.

എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നില്ല, കണ്ണടച്ച് വാദം കേള്‍ക്കുകയായിരുന്നു എന്നാണ് മക്‌നോയുടെ വിശദീകരണം. ജഡ്ജി ഉറങ്ങിയതുകൊണ്ടല്ല അദ്ദേഹത്തിന്റെ വിധി റദ്ദാക്കിയതെന്ന് മേല്‍കോടതി അധികൃതരും അറിയിച്ചു.

വീഡിയോയിലുള്ളത് മക്‌നോ തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും, കോടതി നടപടികള്‍ക്കിടെ ആയിരുന്നോ ഉറക്കമെന്ന് തെളിഞ്ഞിട്ടില്ലെന്ന് കോടതി വക്താവ് പറഞ്ഞു.