Categories

ദ്രാവിഡിനേപ്പോലൊരു പ്രതിഭ ഇനിയുണ്ടാകില്ല: സച്ചിന്‍

ന്യൂദല്‍ഹി: രാഹുല്‍ ദ്രാവിഡിനെപോലെ ഒരാള്‍ ഇനിയുണ്ടാകില്ലെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രാഹുല്‍ ദ്രാവിഡിന്റെ വിരമില്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ എന്റെ എല്ലാ സന്തോഷനിമിഷങ്ങളും ആദ്യമായി പങ്കുവെയ്ക്കാറ് ദ്രാവിഡുമായിട്ടാണ്. സഹതാരം എന്നതിലുപരി ഒരു സഹോദരനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്.

ഞങ്ങളുടെ പാര്‍ട്ടര്‍ഷിപ്പില്‍ നിരവധി സെഞ്ച്വറികള്‍ നേടാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ എന്റെ കരിയറിലെ മികച്ച നേട്ടങ്ങള്‍ പലതും ദ്രാവിഡിന്റെ കൂട്ടുകെട്ടില്‍ പിറന്നതാണ്. 164 ടെസ്‌ററുകള്‍ കളിച്ച് അതില്‍ 13, 200 റണ്‍സിന് മുകളില്‍ നേടുക എന്നത് അത്ര നിസ്സാരകാര്യമല്ല. എന്നാല്‍ ദ്രാവിഡിന് അതുസാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അതുല്യപ്രതിഭയാണ് അദ്ദേഹം.

അദ്ദേഹത്തിന് പകരം വെയ്ക്കാനും ആ സ്ഥാനത്ത് നിര്‍ത്താനും മറ്റൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാവരും പറയുന്നതുപോലെ ഇന്ത്യന്‍ ടീമിന്റെ വന്‍മതില്‍ തന്നെയാണ് ദ്രാവിഡ്. ടെസ്റ്റ് മാച്ചുകളില്‍ ഇത്രയേറെ മികവോടെ കളിക്കുന്ന മറ്റൊരു താരവും ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനാവശ്യഷോട്ടുകള്‍ക്ക് മുതിര്‍ന്ന് വിക്കറ്റ് ന്ഷ്ടപ്പെടുത്താതെ എതിരാളികളുടെ മൂവ്‌മെന്റ് അറിഞ്ഞുകളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

ഡ്രസ്സിംഗ് റൂമിലും കളിക്കളത്തിലും എനിയ്ക്ക് അദ്ദേഹത്തെ നഷ്ടമാകും. ദ്രാവിഡില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡ്രസിംഗ് റൂമിനെ കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. ഒരുപക്ഷേ അതായിരിക്കാം വിരമിക്കല്‍ തീരുമാനം പെട്ടെന്ന് ഉണ്ടായത്. എന്നാല്‍ ഇതേകുറിച്ച് ടീമംഗങ്ങളോട് സൂചിപ്പിച്ചിരുന്നില്ല.’. സച്ചിന്‍ വ്യക്തമാക്കി.

റണ്‍വേട്ടയില്‍ ഏറ്റവും മുന്നിലുള്ള സച്ചിനു(15,470) തൊട്ടുതാഴെയാണു ദ്രാവിഡിന്റെ സ്ഥാനം. 164 ടെസ്റ്റുകള്‍ കളിച്ച ദ്രാവിഡ് 36 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 210 ക്യാച്ചുകളും ഇദ്ദേഹത്തിന്റെ നേട്ടമാണ്. 270 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1996ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ദ്രാവിഡിന്റെ അരങ്ങേറ്റം. 2005 ഡിസംബര്‍ മുതല്‍ 2007 ഓഗസ്റ്റ് വരെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

രാഹുല്‍ ദ്രാവിഡ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നു

Malayalam news

Kerala news in English