ഐ.സി.സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിന് സ്ഥാനക്കയറ്റം. തന്റെ മുകളിലുണ്ടായിരുന്ന ഏഴ് പേരെ തള്ളി രാഹുല്‍ പതിനഞ്ചാം സ്ഥാനം സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രാഹുല്‍ നേടിയ സെഞ്ച്വറിയാണ് ഉയര്‍ന്ന റാങ്ക് സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സഹായകരമായത്.

അതേസമയം, ടെസ്റ്റ് റാങ്കില്‍ രണ്ടാം സ്ഥാനത്തുള്ള സച്ചിന്‍ നാലാസ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മങ്ങിയ പ്രകടനമാണ് സച്ചിനെ പിന്നിലാക്കിയത്.

ഇന്ത്യന്‍ താരങ്ങളായ വി.വി.എസ് ലക്ഷ്മണ്‍, വിരേന്ദ്ര സെവാഗ് എന്നിവര്‍ ആദ്യ പത്ത് റാങ്കിനുള്ളില്‍ വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ബൗളിംഗ് റാങ്കിംഗില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ആദ്യപത്തിലുള്‍പ്പെട്ടിട്ടുള്ളത്. സഹീര്‍ ഖാനും, ഇശാന്ത് ശര്‍മ്മയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. സഹീര്‍ അഞ്ചാം സ്ഥാനത്തും, ഇശാന്ത് ഏഴാമതുമാണ്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ സ്റ്റെയ്‌നാണ് ഒന്നാം സ്ഥാനത്ത്.

ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തോടെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജൊനാതന്‍ ട്രോട്ടും, ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്റേഴ്‌സണും റാങ്കിംഗില്‍ മുന്നേറി. സച്ചിനെയും, ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെയും പിന്തള്ളി ട്രോട്ട് രണ്ടാം സ്ഥാനം സ്വന്തമാക്കി.