കൊല്‍ക്കത്ത:ഇന്ത്യന്‍ നാടകരംഗത്തെ മാര്‍ഗദര്‍ശി ബാദല്‍ സര്‍കാര്‍ അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. പലവിധരോഗങ്ങളാല്‍ അവശനായിരുന്നു 85 കാരനായ സര്‍കാര്‍. മൃതദേഹം മെഡിക്കല്‍ റിസര്‍ച്ചിനായി വിട്ടുകൊടുത്തു.

മാര്‍ക്‌സിയന്‍ ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്കു വിഷയം. എല്ലാവര്‍ക്കും തുല്യ അവകാശമാണെന്ന വാദത്തോട് അദ്ദേഹം യോജിച്ചിരുന്നു. എബോങ് ഇന്ദ്രജിത്ത് എന്ന നാടകം യുവാക്കള്‍ക്കിടയില്‍ വളരെയധികം ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു.

സമകാലീനവിഷയങ്ങളെ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കുന്ന തെരുവു നാടകം എന്ന ആശയത്തിലേക്ക് നാടകശാഖയെ തിരിച്ചുവിട്ടതില്‍ അദ്ദേഹത്തിനു സുപ്രധാനപങ്കുണ്ട്.
വ്യവസ്ഥാപിതവിരുദ്ധങ്ങളായിരുന്നു സര്‍ക്കാരിന്റെ നാടകങ്ങളും കഥാപാത്രങ്ങളും. പ്രേക്ഷകരില്‍നിന്നും വ്യത്യസ്തമായി കഥാപാത്രങ്ങള്‍ക്ക് പ്രത്യേക വേഷവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.

സിവില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ പിന്നീട് ആ ജോലി ഉപേക്ഷിക്കുകയായിരുന്നു.
പത്മശ്രീയുള്‍പ്പടെയുള്ള അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.