പ്രണയാഭ്യര്‍ഥന നിരസിച്ചതിന് നടന്‍ നായികയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തല്ലി. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡ്രാക്കുളയില്‍ ഡ്രാക്കുളയായി വേഷമിടുന്ന സുധീറാണ് ഈ കഥയിലെ വില്ലന്‍. ഇതേ സിനിമയിലെ നായികയായ പ്രിയ എന്ന രാജേശ്വരി നമ്പ്യാരെയാണ് സുധീര്‍ തല്ലിയത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കടവന്ത്രയിലെ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്നു പ്രിയ. പ്രിയയെ പിന്തുടര്‍ന്നെത്തിയ സുധീര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നടിയെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.  മര്‍ദ്ദനത്തെ തുടര്‍ന്ന് സുധീറിനെതിരെ പ്രിയ പോലീസില്‍ പരാതി നല്‍കി.

സംഭവത്തെക്കുറിച്ച് പ്രിയയുടെ ഭാഷ്യം ഇങ്ങനെ, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി തന്നെ നിരന്തരം ശല്യപ്പെടുത്താറുണ്ട്. ഇഷ്ടമാണെന്നും തന്നെ വിവാഹം കഴിയ്ക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടിരുന്നു. ശല്യം വര്‍ധിച്ചതോടെ നടിയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിവരം അറിയിച്ചു. ഇതില്‍ പ്രകോപിതനായാണ് സുധീര്‍ പ്രിയയെ തല്ലിയത്.

സുധീറിനെതിരെ തൃപ്പൂണിത്തറ പോലീസ്  കേസെടുത്ത് അന്വേഷണമാരംഭിച്ചു.