വാഷിംങ്ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വകാര്യ കാര്‍ഗോ സര്‍വീസായ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം  രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നു തിരിച്ചെത്തി.

Subscribe Us:

ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 12.30 ഓടെയാണ് പേടകം ഭൂമിയിലിറങ്ങിയത്. ദൗത്യം പൂര്‍ത്തിയാക്കിയ പേടകം പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ പസഫിക് സമുദ്രത്തിലാണ് ലാന്‍ഡ് ചെയ്തത്.

Ads By Google

ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ആദ്യ ദൗത്യം വിജയകരമായിരുന്നുവെന്ന് നാസ അറിയിച്ചു.

സ്‌പെയ്‌സ് എക്‌സിന്റെ ‘ഡ്രാഗണ്‍ എന്ന പേടകവും വഹിച്ചുകൊണ്ടുള്ള ‘ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിനാണ് ഫ്‌ളോറിഡയില്‍ നിന്ന് കുതിച്ചുയര്‍ന്നത്.

ശാസ്ത്ര ഉപകരണങ്ങളും ബഹിരാകാശ നിലയത്തിലുള്ളവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവും അടങ്ങുന്ന 454 കിലോ വസ്തുക്കളാണ് ആദ്യ കാര്‍ഗോയില്‍ ഉണ്ടായിരുന്നത്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി കൈകോര്‍ത്താണ് സ്‌പേസ് എക്‌സിന്റെ ബഹിരാകാശ വിക്ഷേപണം. ഇതിനായി 1.6 ബില്യണ്‍ ഡോളറിന്റെ കരാറാണ് സ്‌പേസ് എക്‌സുമായി ഉണ്ടാക്കിയിരുന്നത്.

കഴിഞ്ഞ മേയില്‍ നടത്തിയ ഡ്രാഗണ്‍ പേടകത്തിന്റെ പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ് തുടര്‍ന്നുള്ള യാത്രകളും സ്‌പേസ് എക്‌സിനൊപ്പമാക്കാന്‍ നാസ തീരുമാനിച്ചത്.

മേയില്‍ കമ്പനി ബഹിരാകാശ നിലയത്തിലേക്ക് ആദ്യ പരീക്ഷണയാത്ര നടത്തിയിരുന്നു. ബഹിരാകാശ പേടകത്തെ നിലയവുമായി ബന്ധിപ്പിക്കുന്നതിലും തിരിച്ചു സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്നതിലും വിജയിക്കുകയും ചെയ്തു.