കോട്ടയം: അധ്യാപകനും എഴുത്തുകാരനുമായ ഡോ. വി.സി ഹാരിസ് അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു. 11.45 ഓടെയായിരുന്നു അന്ത്യം.

Subscribe Us:

സാഹിത്യനിരൂപകന്‍, ചലച്ചിത്ര നിരൂപകന്‍, സംവിധായകന്‍, സര്‍വ്വകലാശാല അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാളത്തില്‍ ഉത്തരാധുനികതയെക്കുറിച്ചു നടന്ന സംവാദങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച അദ്ദേഹം നിലവില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ആണ്.

ഇടത് ചിന്തകനായിരുന്ന ഡോ.ഹാരിസ് ആംഗലേയ സാഹിത്യത്തിലെ നവ സിദ്ധാന്തങ്ങളുടെ വക്താവായിരുന്നു. എം.ജി.സര്‍വ്വകലാശാലയുടെ കീഴില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു അദ്ദേഹം.

മയ്യഴിയിലാണ് അദ്ദേഹം ജനിച്ചത്. മയ്യഴിയിലെ ജവഹര്‍ലാല്‍ നെഹ്രു ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായിരുന്നു ഉപരിപഠനം.

ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ചററായി ജോലിചെയ്തിരുന്നു.