എഡിറ്റര്‍
എഡിറ്റര്‍
ബീഫും കീഴാളജീവിതത്തിന്റെ ആഹാരരാഷ്ട്രീയവും
എഡിറ്റര്‍
Tuesday 30th May 2017 4:15pm

ഇന്ത്യയിലെ തൊഴിലെടുക്കുന്ന ഭൂരിപക്ഷം നാലു ദിവസം അടുപ്പിച്ച് പണിമുടക്കിയാല്‍ തെറിച്ചു പോകുന്ന തലയേ ഇന്നും ബ്രാഹ്മണജാത്യഹന്തയ്ക്ക് ഉള്ളൂ. ഒരുപക്ഷെ ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ അത്തരമൊരു പണിമുടക്ക് സമരത്തിന്റെ ഊര്‍ജ്ജം കാണിച്ചു തന്നത് അയ്യങ്കാളിയായിരിക്കണം.


ലഭ്യമായിടത്തോളം ഏറ്റവും പഴയ രേഖകള്‍ ആര്യന്മാരുടെ മാംസഭോജനത്തിന്റെ കഥ പറയുന്നവയാണ്. ഗോക്കളെ (വിശുദ്ധപശുക്കള്‍ തന്നെ) ബലിയര്‍പ്പിച്ചാലാണ് ഇന്ദ്രന്‍ പ്രസാദിക്കുക. ഗോഘ്‌നന്‍(പശുവിനെ അറുത്ത് സദ്യയൊരുക്കുന്നവന്‍) ഉത്തമബ്രാഹ്മണന്റെ പര്യായപദമാമാകുന്നത് അതുകൊണ്ടാണ്.

വേദകാലത്തുനിന്ന് ഇന്ത്യന്‍ ജനത സംഘടിതകൃഷിയിലേക്കും കാര്‍ഷികസംസ്‌കൃതിയിലേക്കും മാറുമ്പോഴാണ് കൂട്ടത്തോടെയുള്ള മൃഗബലി ഒരു സാമൂഹ്യപ്രശ്‌നമാകുന്നത്. കാര്‍ഷികസംസ്‌കൃതിയെ തകര്‍ക്കുന്ന പശുബലിക്കെതിരെയുള്ള (ഒന്നും രണ്ടുമല്ല, നൂറുക്കണക്കിനാണ് ഓരോ യാഗത്തിനും ഗോക്കളെ വെട്ടിത്തള്ളിയിരുന്നത്) പൊളിറ്റിക്കല്‍ മൂവ്‌മെന്റാണ് ഒരര്‍ത്ഥത്തില്‍ ബുദ്ധമതം.

ബുദ്ധമതസ്വാധീനത്തില്‍നിന്ന് കുതറി രക്ഷപ്പെടാനാണ് ബ്രാഹ്മണലോകം സസ്യാഹാരം ശീലിക്കുന്നതും പശുവിനെ അമ്മയാക്കുന്നതും. ബൗദ്ധപ്രഭാവകാലത്തിനുശേഷം അംബേദ്കറുടെ ഭരണഘടന വരുന്നതുവരെ ഇന്ത്യയില്‍പ്പിന്നെ ബ്രാഹ്മണാധികാര കാലമാണ്. മധ്യകാല മുസ്‌ലിംഭരണകാലവും ബ്രീട്ടീഷ് ആധിപത്യവുമെല്ലാം ചേര്‍ത്തു തന്നെയാണ് ഇങ്ങനെ പറയുന്നത്.

മുഗള്‍സാമ്രാജ്യസ്ഥാപകനായ ബാബര്‍ മകന്‍ ഹൂമയൂണിന് എഴുതിയ ഒസ്യത്തില്‍ തദ്ദേശീയജനതയുടെ വിശ്വാസശീലങ്ങളെ ഹനിക്കരുത് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഹിന്ദുരാജാക്കന്മാരുടെ ഖജാനകളായ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബ്രാഹ്മണാധികാര ഭൂബന്ധങ്ങളെ മധ്യകാല മുസ്‌ലിംരാജാക്കന്മാര്‍ തൊട്ടിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായിരുന്നു ബ്രിട്ടീഷ് ഭരണവും.

കൃഷി, കന്നുകാലിസമ്പത്ത്, പ്രകൃതിവിഭവങ്ങളുടെ ശേഖരണം, കൈത്തൊഴിലുകളിലൂന്നിയ ഉപവ്യവസായങ്ങള്‍, ഇവയുടെ കച്ചവടം എന്നിവയായിരുന്നു എക്കാലത്തും ഇന്ത്യയുടെ സാമ്പത്തികഊര്‍ജ്ജം. അധ്വാനമിച്ചം ഊറ്റിയെടുക്കുന്ന കാര്യത്തില്‍ മാത്രമേ നേതൃതലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളൂ. ഓരോ ഭരണക്കാരും തങ്ങളുടെ ഭരണനിര്‍വ്വഹണത്തിനുതകുന്ന വിധം സൃഷ്ടിച്ച പ്രഭുവര്‍ഗ്ഗം പോലും വഴുതല്‍ഗുണവും ചലനസന്നദ്ധതയുള്ളതുമായിരുന്നു. അതായത് മുഗള്‍ ഉദ്യോഗസ്ഥസംവിധാനവും സൈനികസംവിധാനവും തുടര്‍ന്നുവന്ന ബ്രിട്ടീഷ് ഭരണത്തെ പല വിധത്തില്‍ സഹായിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പോലീസ്, ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ തുടര്‍ച്ചയാണ് പോസ്റ്റ് കൊളോണിയല്‍ ഇന്ത്യയുടേയും സിവില്‍,പോലീസ് ഭരണവ്യവസ്ഥ.

ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെയും ഭൂബന്ധങ്ങളുടെയും സ്വഭാവം ബൗദ്ധപ്രഭാവകാലത്തിനുശേഷം നിയന്ത്രിച്ചത് 5% മാത്രം വരുന്ന ബ്രാഹ്മണജാതികള്‍ മുകളറ്റത്തുനിന്ന് നിയന്ത്രിക്കുന്ന പ്രിസം ആകൃതിയിലുള്ള ജാതിഹൈറാര്‍ക്കിയാണ്. അധ്വാനത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് മനുഷ്യന്‍ സാമൂഹികനിലയില്‍ താഴ്ന്ന് താഴ്ന്ന് പോകുന്ന വ്യവസ്ഥ.

പ്രിസം ആകൃതി സൂചിപ്പിക്കുന്നപോലെ താഴേത്തട്ടിനാണ് എണ്ണവും വണ്ണവും. ഈ സംവിധാനം നിലനിര്‍ത്താനാണ് ജാതിവ്യവസ്ഥരൂപപ്പെട്ടതെന്ന് മനസ്സിലാക്കാവുന്നതാണ്. ജാതികള്‍ വെള്ളം കടക്കാത്ത അറകളായതുകൊണ്ട് കീഴാളന്‍ എന്നും കീഴാളനായി തുടര്‍ന്നു. മധ്യകാലത്ത് ഇസ്‌ലാമിലേക്കും കൊളോണിയല്‍ കാലത്ത് ക്രിസ്തുമതത്തിലേക്കും കീഴ്ജാതികളില്‍നിന്ന് വ്യാപകമായി മതപരിവര്‍ത്തനം നടന്നുവെങ്കിലും ഇന്ത്യന്‍ ജാതിവ്യവസ്ഥ ഈ മതങ്ങളെയും വിഴുങ്ങുകയാണുണ്ടായത്. കീഴ്ജാതി മുസ്‌ലീങ്ങളും കീഴ്ജാതി ക്രിസ്ത്യാനികളും ഇതിന് ഉദാഹരണമാണ്.

കീഴ്ജാതിക്കാരുടെ സാമൂഹികജിവിതത്തില്‍ ബ്രാഹ്മണര്‍ ഇടപെട്ടിരുന്നോ? അവരുടെ ഭക്ഷണം, ദൈനംദിന ജീവിതാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, കലകള്‍ എന്നിവയില്‍ ബ്രാഹ്മണാധികാരം പ്രവര്‍ത്തിത്തിച്ചിരുന്നോ? ഇടപെടാതെ പ്രാന്തപ്രദേശത്ത് നിര്‍ത്തിയ മേല്‍ജാതിസമീപനമാണ് എല്ലാ മേഖലയിലും നമുക്ക് ബദല്‍ സംസ്‌കാര മാതൃകകള്‍ ലഭ്യമാക്കിയത്.

ഇതിഹാസപുരാണങ്ങള്‍ക്കുവരെ ദളിത് ബദലുകളുണ്ട്. നൂറ്റാണ്ടുകള്‍ നിലനിന്ന ജൈനബൗദ്ധപാരമ്പര്യത്തിന്റെ ജ്ഞാനമാതൃകകളില്‍ പലതും ഒളിച്ചുകടത്തപ്പെട്ടതും ഈ കീഴാളജീവിതത്തിലൂടെയാണ്. പോത്തിനെക്കൊണ്ട് നിലമുഴീച്ചും അവയടക്കം എല്ലാ ജീവികളെയും റോ ആയി ഭക്ഷിച്ചും രോഗത്തിന് വൈദ്യവും മന്ത്രവാദവുമായി ബദല്‍ ചികിത്സാസംവിധാനങ്ങളുണ്ടാക്കിയും ഇന്ത്യന്‍ജനതയുടെ എഴുപതു ശതമാനം വരുന്ന കീഴ്ജാതികള്‍ നിലനിന്നു പോന്നത് ഇവര്‍ ഒരിക്കലും ബ്രാഹ്മണാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തിയില്ല എന്നതുകൊണ്ടാണ്.

സവര്‍ണ്ണഗൃഹങ്ങളില്‍ ചാവുന്ന മൃഗങ്ങളെ എടുത്തുമാറ്റേണ്ട ചുമതലയും അതതു ഗ്രാമങ്ങളിലെ നിര്‍ദ്ദിഷ്ട കീഴ്ജാതികള്‍ക്കായിരുന്നു. അവര്‍ ചത്ത പശുക്കളുടെ തോലെടുത്ത് മാംസം ഭക്ഷിച്ചു. പോഷകാരമായും മാലിന്യനിര്‍മ്മാര്‍ജ്ജനമായും തുകല്‍വ്യവസായത്തിന്റെ അടിസ്ഥാനമായും ഈ മൃഗശവസംസ്‌കരണം ഇന്ത്യന്‍ സാമൂഹ്യജീവിതത്തിനും സാമ്പത്തികജീവിതത്തിനും അടിത്തറയായി.

ചരിത്രത്തില്‍ ഇതാദ്യമായാണ് തങ്ങള്‍ക്ക് പുറത്തുള്ളവര്‍ എന്തു തിന്നണം എന്ന് ബ്രാഹ്മണന്യൂനപക്ഷം കല്പിക്കുന്നത്. ഇതിനെക്കുറിച്ചുള്ള എല്ലാ വിലയിരുത്തലുകള്‍ക്കും മുമ്പായി ബ്രാഹ്മണിക്ക് ഹെജിമണിയുടെ ആത്യന്തിക പരാജയത്തിലേക്കായിരിക്കും മാംസാഹരത്തിനുമേല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എത്തിക്കുക എന്ന് ഉറപ്പിച്ചു പറയട്ടെ.

ഇന്ത്യയിലെ തൊഴിലെടുക്കുന്ന ഭൂരിപക്ഷം നാലു ദിവസം അടുപ്പിച്ച് പണിമുടക്കിയാല്‍ തെറിച്ചു പോകുന്ന തലയേ ഇന്നും ബ്രാഹ്മണജാത്യഹന്തയ്ക്ക് ഉള്ളൂ. ഒരുപക്ഷെ ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ അത്തരമൊരു പണിമുടക്ക് സമരത്തിന്റെ ഊര്‍ജ്ജം കാണിച്ചു തന്നത് അയ്യങ്കാളിയായിരിക്കണം.

ആരോടാണ് ഈ മനുവാദികള്‍ക്ക് അരിശം? മുസ്‌ലീങ്ങളോടാണോ? മാറാത്താ മുഗള്‍ പോരാട്ടങ്ങളിലല്ലാതെ ഏതാണ്ട് എല്ലാ ഘട്ടങ്ങളിലും മുസ്‌ലിം ഭരണവര്‍ഗ്ഗങ്ങളോട് സഹകരിച്ചാണ് അല്ലെങ്കില്‍ ഭരണവര്‍ഗ്ഗങ്ങള്‍ ബ്രാഹ്മണരോട് സഹകരിച്ചാണ് മുന്നേറിയിട്ടുള്ളത്.

കൊളോണിയല്‍ ആധുനികതയുടെ കാലത്ത് നടപ്പിലായ ‘പൗരന്‍’എന്ന സങ്കല്പമാണ് ബ്രാഹ്മണരെ അരിശംകൊള്ളിക്കുന്ന വില്ലന്‍. ബ്രിട്ടീഷ് നിയമങ്ങള്‍ എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുള്ളതാണെങ്കിലും യൂറോപ്യന്‍ ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളില്‍ രൂപപ്പെട്ടതായിരുന്നു.

നിയമത്തിനു മുന്നില്‍ എല്ലാ മനുഷ്യരും തുല്യരായിരുന്നു. വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമായിരുന്നു. ബ്രിട്ടീഷ് രാജിനോടുള്ള ചെറുത്തുനില്‍പ്പ് സമരങ്ങള്‍ക്ക് ശക്തി പകരാന്‍ ദളിതരുടെ ഉന്നമനത്തിന് മുന്നില്‍നിന്നത് ദേശീയപ്രസ്ഥാന നേതാക്കള്‍ തന്നെയാണ്.

ബ്രാഹ്മണിക് ജാതിബോധവും ആധുനികതാ സങ്കല്പങ്ങളുമായുള്ള ബൗദ്ധിക സംഘര്‍ഷങ്ങള്‍ ഗാന്ധിജിയില്‍വരെ വ്യക്തമായി ഉണ്ട്. പട്ടികജാതിക്കാര്‍ക്കു മാത്രമായി കോളനികളും പാഠശാലകളും രൂപപ്പെടുന്നതിന്റെ യുക്തി, അവരെ സാമൂഹികപദവിയില്‍ കീഴ്സ്ഥാനത്തു തന്നെ നിര്‍ത്തി ഉദ്ധരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

ആധുനികതാവാദയുക്തികള്‍ വച്ചുനോക്കുമ്പോള്‍ മധ്യകാല ഫ്യൂഡല്‍ കാലത്താണ് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം ഏറ്റവും കഷ്ടപ്പെടുന്നത്. കൊളോണിയല്‍ ആധുനികതയും അതിന്റെ ഉപോല്‍പ്പന്നമായ നവോത്ഥാനവുമാണ് കീഴ്ത്തട്ടുകാരുടെ ജീവിതത്തിന് ഇളക്കമുണ്ടാക്കുന്നത്. തേനീച്ചക്കോളനിയിലെ തൊഴിലാളി ഈച്ചകളെപ്പോലെ അധ്വാനിക്കുകമാത്രം ചെയ്തിരുന്ന ഈ മനുഷ്യര്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യം, ജീവിതാനുഷ്ഠാനങ്ങള്‍, മദ്യം, ജീവിതാഘോഷങ്ങള്‍ തുടങ്ങി ജീവനസംസ്‌കാരത്തിന് ആസകലം ഉണ്ടാക്കിയ ബദല്‍, ഉത്തരാധുനിക കാലത്തുനിന്ന് നോക്കുമ്പോള്‍ തനതുസംസ്‌കൃതിയായും ചെറുത്തുനില്‍പ് രാഷ്ട്രീയവുമായാണ് കാണാന്‍ കഴിയുക.

അവരുടെ ആഹാരശീലങ്ങളേയും ജീവിതരീതിയേയും മ്ലേച്ഛം മ്ലേച്ഛം എന്ന് താഴ്ത്തിക്കാട്ടിയും ഏറ്റവും നീചമായതിന്റെ പര്യായമാക്കിയും അധമബോധത്തെ ഉണര്‍ത്തുന്ന തെറിയാക്കിയുമാണ് ബ്രാഹ്മണിക് ഉപരിലോകം ഈ ബദല്‍ജീവിതത്തെ പ്രാന്തപ്രദേശത്തു തന്നെ തളച്ചിട്ടത്. ഭാഷയും കലയും ജീവിതരീതിയാകെയും ഇളക്കിമാറ്റി മേല്‍ജാതി ശീലങ്ങള്‍ അടിച്ചേല്‍പ്പിക്കലായിരുന്നു ഇന്ത്യയില്‍നടന്ന നവോത്ഥാനപ്രവര്‍ത്തനങ്ങള്‍.

ഡൗണ്‍വാഡ് ഫില്‍ട്രേഷനിലൂടെ കീഴ്ത്തട്ടിലേക്ക് അരിച്ചെത്തിയത് ബ്രാഹ്മണിക് ഹെജിമണിക്കല്‍ സംസ്‌കാരത്തിന്റെ മാതൃകകളായിരുന്നു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഒരു ജനതയുടെ ഭാഷയും കലയും ജീവനസംസ്‌കാരമാകെത്തന്നെയും നഷ്ടപ്പെടുന്നതിന്റെ കാഴ്ചകളാണ് തിരഞ്ഞു നോക്കുമ്പോള്‍ കാണാനാവുക.

അധഃസ്ഥിതരെ ഉദ്ധരിക്കുക എന്നു കേട്ടാല്‍ മേനി തോന്നുന്ന ഒരു ലക്ഷ്യവുമായാണ് ജീവനസംസ്‌കാരത്തെ തട്ടിത്തെറിപ്പിച്ചതെങ്കില്‍ അക്രമോത്സുകമായാണ് അവരുടെ ആഹാരസംസ്‌കാരത്തെ ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അംബേദ്കറുടെ നേതൃത്വത്തില്‍ ശക്തമായ ദളിത് മുന്നേറ്റം നടന്ന മഹാരാഷ്ട്രയിലും പെരിയോരുടെ നേതൃത്വത്തില്‍ ദ്രാവിഡസ്വത്വം തിരിച്ചറിഞ്ഞ തമിഴ്‌നാട്ടിലും മാത്രമാണ് കീഴാളജനത ഡൗണ്‍വാഡ് ഫില്‍ട്രേഷനിലൂടെ ബ്രാഹ്മണിക് സാംസ്‌കാരികമൂല്യങ്ങളിലേക്ക് സമീകരിക്കപ്പെടുന്നതിനെ അതിജീവിച്ചത്.

കീഴാളരും മനുഷ്യരാണ് എന്ന് പ്രഖ്യാപിച്ച, ആധുനിക ഇന്ത്യയുടെ ഭരണഘടനയില്‍ കീഴ്ജാതികളുടെ തുല്യത ഉറപ്പിച്ച അംബേദ്കറാണ് ഇന്ന് ബ്രാഹ്മണിക് അധികാരയുക്തിയുടെ മുഖ്യശത്രു. അത് പിന്‍പറ്റുന്ന എല്ലാവരും അവരുടെ ശത്രുക്കളാണ്. മുസ്‌ലീങ്ങള്‍ ശത്രുസ്ഥാനത്തു വരുന്നത് വിഭജനാനന്തര രാഷ്ട്രീയത്തിന്റെ ഉലയില്‍ല്‍നിന്ന് ഹിന്ദു കണ്‍സോളിഡേഷനിലേക്കുള്ള തിരിനീട്ടലായാണ്.

ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലീങ്ങളേയും ഇല്ലാതാക്കിയാലും മനുവാദികളുടെ പ്രശ്‌നം തീരാന്‍ പോകുന്നില്ല. ചുമ്മാ പറഞ്ഞു പരത്തുന്നതല്ലാതെ ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ സാമൂഹികമായോ ഭരണാധികാരപരമായോ നിലവില്‍ ഒരു ഭീഷണിയേ അല്ല. പല തട്ടുകളില്‍ ചിതറിക്കിടക്കുന്ന മുസ്‌ലീമേതര ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള ഒരു തന്ത്രം മാത്രമാണ് മുസ്‌ലീം വിരുദ്ധത. പ്രയോഗത്തില്‍ പക്ഷെ, ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഭീകരമായി സഹിക്കേണ്ടി വരും. മുസ്‌ലീങ്ങളെ അവര്‍ കൊന്നു തീര്‍ക്കില്ല. എവിടെയും നിര്‍ത്താതെ തട്ടിക്കളിച്ചുകൊണ്ടിരിക്കും.

എഴുപതു ശതമാനം വരുന്ന ഇന്ത്യന്‍ കീഴ്ജാതി വിഭാഗങ്ങള്‍ക്ക് കൊളോണിയല്‍ ആധുനികതയുടെ കാലത്ത് ലഭിച്ചു തുടങ്ങിയതും സ്വാതന്ത്ര്യാനന്തരം ശക്തിപ്പെട്ടതുമായ പൗരാവകാശങ്ങളെ തിരിച്ചുപിടിച്ച് ചുരുങ്ങിയത് ആയിരത്തഞ്ഞൂറ് വര്‍ഷമെങ്കിലും തുടര്‍ന്ന രാഷ്ട്രീയസാമൂഹികാധികാരങ്ങള്‍ നിലനിര്‍ത്തുകയാണ് ബ്രാഹ്മണിക് അജണ്ട.

ദേശീയപ്രസ്ഥാനം ബഹുജനങ്ങളെ കൂട്ടുപിടിച്ച് ശക്തിപ്പെടാന്‍ തുടങ്ങുന്ന 1920-കളുടെ തുടക്കത്തില്‍ത്തന്നെ മഹാരാഷ്ട്രയിലെ ചിത്പാവന്‍ ബ്രാഹ്മണരുടെ നേതൃത്വത്തില്‍ വിഭജിച്ചുപോയ നേതാക്കളാണ് ഞടട ആയി തിരിച്ചുവരുന്നത്. ഗാന്ധിയെ വധിച്ചെങ്കിലും നെഹ്‌റുവിയന്‍ പ്രഭാവം ഇന്ത്യയില്‍ അരനൂറ്റാണ്ടെങ്കിലുമുണ്ടായിരുന്നു.

നുഴഞ്ഞു കയറിയും കുത്തിത്തിരിപ്പുകളുണ്ടാക്കിയും ഒരു നൂറ്റാണ്ട് കാലത്തിലെത്തുമ്പോള്‍ അവര്‍ ശക്തിപ്പെടുകയാണ്. രാഷ്ട്രീയസമവാക്യങ്ങളില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ ഒപ്പമുള്ളതാണ് അവരുടെ കരുത്ത്. ഇതുവെച്ചാണ് വേണ്ടത്ര ആലോചനകള്‍ പോലുമില്ലാതെ സ്വന്തം അജണ്ടകള്‍ ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് അടിച്ചേല്പിക്കുന്നത്.

കൃഷി വ്യവസായവല്‍ക്കരിക്കുകയും കോര്‍പ്പറേറ്റ് വല്‍ക്കരിക്കുകയും ചെയ്തതുപോലെ, മത്സ്യബന്ധനമേഖല ദേശിയും വിദേശിയുമായ കുത്തകള്‍ക്ക് മേയാന്‍ കൊടുത്തതുപോലെ റീടെയ്ല്‍ വ്യാപാരശൃംഖല കോര്‍പ്പറേറ്റ് വല്‍ക്കരിച്ചതു പോലെ ലോകത്തിലെ ഏറ്റവും വലിയ ബീഫ് വിപണികളിലൊന്നിനെ കോര്‍പ്പറേറ്റുവല്‍ക്കരിക്കുക എന്നൊരു കച്ചവട ലക്ഷ്യം കൂടി ബീഫ് നിയന്ത്രണത്തിനു പിന്നില്‍ ഉണ്ട്.

എന്നാല്‍ ആത്യന്തികമായി ഇന്ത്യയിലെ 70ശതമാനം വരുന്ന തൊഴിലെടുക്കുകയും സാമൂഹികപദവിയില്‍ താഴ്ന്നു നില്‍ക്കുകയും ചെയ്യുന്ന മനുഷ്യരുടെ ആഹാരത്തിലേക്കും അതിജീവനത്തിലേക്കുമുള്ള കടന്നുകയറ്റമാണിത്. ബ്രാഹ്മണിക് അധികാര രാഷ്ട്രീയത്തിന്റെ സുദീര്‍ഘചരിത്രത്തില്‍ ആഹാരശീലങ്ങളിലേക്ക് ഇത്തരമൊരു കടന്നുകയറ്റം ആദ്യമായിട്ടാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

മനുസ്മൃതിയില്‍ അധിഷ്ഠിതമായ നിമയങ്ങള്‍ നിലനിന്ന കാലത്തുപോലും മനുഷ്യരുടെ തൊഴിലിനെയും ഭക്ഷണത്തെയും ബ്രാഹ്മണിക് അധികാരം തടസ്സപ്പെടുത്തിയിരുന്നില്ല. ബീഫ്‌നിരോധനത്തിലൂടെ അതാണ് ചെയ്തിരിക്കുന്നത്. മനുഷ്യപീഡനവും മൃഗപീഡനവും ഒന്നിച്ചു വന്നാല്‍ മനുഷ്യപീഡനത്തെയാണ് ചെറുക്കേണ്ടത്. ലക്ഷക്കണക്കിനു മനുഷ്യരുടെ ഭക്ഷണവും ജീവിതവുമാണ് പുതിയ സംഘ് ഇടപെടലിലൂടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്. അതിശക്തമായ പ്രതിഷേധമാണ് ഉയരേണ്ടത്.

സോഷ്യല്‍മീഡിയാ ക്യാമ്പയിനും എഴുത്തുകളും മാത്രം മതിയാകില്ല. വൈറസ് പ്രതിരോധശേഷിയുള്ള സോഫ്റ്റുവേറുകള്‍പോലെയാണ് സംഘപരിവാറിന്റെ കാര്‍പ്പറ്റ് ബോംബുകള്‍ വീഴുന്നത്. പ്രത്യക്ഷത്തില്‍ പറയാതെ തന്നെ മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള നീക്കം എന്ന് ഇത് ആദ്യമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ബ്രാഹ്മണിക് ഹെജിമണിയോട് ചേരാന്‍ ആഗ്രഹിക്കുന്ന മിഡില്‍ ക്ലാസിനെ സസ്യാഹാരയുക്തികൊണ്ട് തടയുന്നു.

നിലവിലുള്ള ചട്ടങ്ങള്‍ വാലും തലയും നീട്ടി അവതരിപ്പിക്കുക വഴി എല്ലാ കോടതിയിടപെടലുകളെയും പ്രതിരോധിക്കുന്നു. സിസ്റ്റം ആകെ എടുത്ത് വെള്ളത്തില്‍ മുക്കുകയാണ് പോംവഴി. അതിന് കോണ്‍ഗ്രസും ഇടതുപക്ഷവുമൊന്നും പോരാ. ജിഗ്‌നേഷ് മേവാനിയുടെ സമരമാതൃകയും ജന്മിത്വത്തിനെതിരെ നടന്ന കാര്‍ഷികസമരങ്ങളും മാതൃകയാക്കി വലിയ മൂവ്‌മെന്റുകള്‍ രൂപപ്പെടേണ്ടതുണ്ട്.

Advertisement