കോട്ടയം: ഭര്‍ത്താവിനെ ചികിത്സിക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ട ഡോക്ടറെ സസ്‌പെന്റ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ പെരുന്ന ബെന്‍ഷേവല്‍ വീട്ടില്‍ ഡോ.പി.ശ്യാമിനെ (53) യാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.

ശ്യാമിന്റെ പേരില്‍ സ്ത്രീപീഡന കുറ്റത്തിന് ഡോക്ടര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. മരത്തില്‍ നിന്ന് വീണ് നട്ടെല്ല് പൊട്ടിയ ഉടുമ്പന്‍ചോല ഇലഞ്ഞിക്കോട് വീട്ടില്‍ സിബിച്ചന്‍(30) ആണ് ചികിത്സ കിട്ടാതെ നരകിക്കുന്നത്. കൂലിപ്പണിക്കാരനായ സിബിച്ചന്‍ ജോലിക്കിടയിലാണ് മരത്തില്‍ നിന്ന് വീണത്. തുടര്‍ന്ന് മേയ് 10ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യമാത്രമാണ് ഒപ്പമുണ്ടായിരുന്നത്. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച അയാളെ തുടര്‍ ചികിത്സയ്ക്കായി വാര്‍ഡിലേക്ക് മാറ്റി. ഇതിനിടയില്‍ ഒടിഞ്ഞ കൈക്ക് പ്‌ളാസ്റ്റര്‍ ഇടുക മാത്രമാണ് ചെയ്തത്.

മേയ് 30ന് നട്ടെല്ലിന് കമ്പി ഇടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനായി സിബിച്ചന്റെ ഭാര്യയോട് ഡോക്ടര്‍ മുറിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. മുറിയിലെത്തിയ അവരെ ഡോക്ടര്‍ കടന്നുപിടിക്കുകയും ഭര്‍ത്താവിനെ ചികിത്സിക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നാവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അവര്‍ മുറിയില്‍ നിന്നുമിറങ്ങിയോടി. അതിനുശേഷം സിബിച്ചനെ ഡോക്ടര്‍ ചികിത്സിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പരാതി.