എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സുമാരോടുള്ള സമീപനം പരിഗണിച്ച് ആശുപത്രികള്‍ ഗ്രേഡ് ചെയ്യും: ബലരാമന്‍ കമ്മീഷന്‍
എഡിറ്റര്‍
Monday 12th March 2012 6:39pm

മുല്ലൂപ്പൂ വിപ്ലവം ഇന്ത്യയില്‍ പരിമളം പരത്തിയത് നഴ്‌സിങ് സമരത്തിലൂടെയാണ്. ഉത്തരേന്ത്യയില്‍ തുടങ്ങിയ ആ വിപ്ലവത്തിന്റെ സുഗന്ധം കേരളത്തിലെത്താന്‍ അധിക നാള്‍ വേണ്ടിവന്നില്ല. സ്വകാര്യ ആശുപത്രികളില്‍ രാപ്പകലില്ലാതെ രോഗികളെ സേവിക്കുന്ന നഴ്‌സുമാര്‍ക്ക് ജീവിക്കാന്‍ പോലും പണം കിട്ടുന്നില്ലെന്ന് മലയാളികള്‍ അറിഞ്ഞത് ഈ വിപ്ലവത്തിന്റെ അലകള്‍ കേരളത്തിലെത്തിയപ്പോഴാണ്.

രോഗികളുടെ അടുത്ത് നിന്ന് ലക്ഷങ്ങള്‍ പിടിച്ചുപറിക്കുമ്പോഴും അതിന്റെ ഒരു ശതമാനം പോലും നഴ്‌സുമാര്‍ക്ക് ലഭിക്കുന്നില്ല. കേരളത്തില്‍ അലയടിച്ചുയര്‍ന്ന സമരത്തിന്റെ ശക്തിയില്‍ പല ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും കീഴടങ്ങേണ്ടി വന്നു. ശക്തമായ സമരം തന്നെ വേണ്ടി വന്നു സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കാന്‍. അങ്ങിനെയാണ് ഡോ.എസ്.ബലരാമന്‍ അധ്യക്ഷനായി നഴ്‌സിങ് കമ്മീഷനെ വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട് തെളിവെടുപ്പിനെത്തിയ ഡോ.ബലരാമന്‍ ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ ജിന്‍സി ബാലകൃഷ്ണനുമായി സംസാരിക്കുന്നു.
കമ്മീഷന് മുമ്പാകെ വന്ന നഴ്‌സുമാരുടെ പരാതികള്‍ എന്തൊക്കെയാണ്. ഈ പരാതികള്‍ ഏത് രീതിയിലാണ് പരിശോധിക്കുന്നത്?

കേരളത്തിന്റെ വിവിധ ജില്ലകളില്‍ സിറ്റിംഗ് നടത്തി പരാതികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ പരാതികള്‍ ശേഖരിക്കലും തെളിവെടുക്കലും കഴിഞ്ഞു. കോഴിക്കോടുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലേത് തുടങ്ങിയിട്ടേയുള്ളൂ.

ഇന്ന് രാവിലെ 9.45ന് കോഴിക്കോട് ഴ്‌സിംഗ് കോളേജില്‍ ഒരു യോഗം ചേരും. അവിടെ പരാതികള്‍ സ്വീകരിക്കുകയും തെളിവെടുപ്പ് നടത്തുകയും ഇതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യും. പൊതുവായ സ്വഭാവമുള്ള പരാതികളാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. മിനിമം വേതനം ലഭിക്കുന്നില്ല, ജോലിസമയത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പരാതികളില്‍ പരാമര്‍ശിക്കുന്നത്.

ഇനിയൊരു അഞ്ച് ദിവസം കൊണ്ട് തെളിവെടുപ്പ് തീരും. ഇതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ള കണ്‍ക്ലൂഷന്‍ അനലൈസ് ചെയ്തായിരിക്കും തീരുമാനമെടുക്കുക. കിട്ടിയ പരാതികള്‍ വിശദമായി പരിശോധിച്ചാല്‍ ഈ മേഖലയിലെ പീഡനങ്ങളും മനുഷ്യാവകാശ ലംഘനവും വളരെ വ്യക്തമാണ്.

ഈ പരാതികള്‍ മുഴുവനും ഞങ്ങള്‍ റെക്കാര്‍ഡ് ചെയ്തിട്ടുണ്ട്. ക്രമമായ ഘട്ടങ്ങളിലൂടെ ഈ പരാതികള്‍ കടന്നുപോകും. ഇതിന് പരിഹാരം കാണുകയെന്നത് അവസാന ഘട്ടമാണ്. പല കാറ്റഗറികളിലായി ഈ പ്രശ്‌നങ്ങളെ തരംതിരിക്കും. സമൂഹത്തിന് ഏറ്റവും ദോഷം ചെയ്യുന്നത് മുതല്‍ ചെറിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നതുവരെ. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളെയും ഗ്രേഡ് ചെയ്യും. മാന്യമായ ശമ്പളം കൊടുക്കുന്നവര്‍ മുതല്‍ വളരെ കുറഞ്ഞ ശമ്പളം കൊടുക്കുന്നതുവരെ. ഇങ്ങനെ ചെയ്തുകഴിയുമ്പോഴേക്കും ഇതിനെപ്പറ്റി ക്ലിയര്‍ പിക്ചര്‍ കിട്ടും.

ജനറലായിട്ട് പറഞ്ഞുവന്നാല്‍ നഴ്‌സിംഗ് മേഖല വളരെ അപകടകരമായ പോക്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഞങ്ങളുടെയൊക്കെ ചെറുപ്പക്കാലത്ത് വളരെ മാന്യമായ ജോലിയായി കരുതിയിരുന്നു. എന്നാല്‍ ഇപ്പോഴിത് മാന്യതയില്‍ നിന്ന് മാറി പോകുന്നോ എന്നു തോന്നുന്നു. ഇവിടെ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന കാലമാണ്. നഴ്‌സുമാര്‍ക്ക് വന്‍ ശമ്പളം നല്‍കുന്നതായി രേഖകളില്‍ കാണിച്ച് ടാക്‌സ് തട്ടിപ്പ് നടത്തുന്നു.

നഴ്‌സുമാരെ എതെങ്കിലും വിധത്തില്‍ സഹായിക്കുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ?

മുന്‍കാലങ്ങളിലുള്ള സര്‍ക്കാരും പുതിയ സര്‍ക്കാരും കാല്‍നൂറ്റാണ്ടായി ഈ മേഖലയില്‍ പല പരിഷ്‌കാരങ്ങളും കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അവസാനം 2009ല്‍ മിനിമം വേജസ് ഇത്രരൂപവെച്ച് കൊടുക്കണമെന്ന് തീരുമാനിച്ചെങ്കിലും 2012ല്‍ പോലും അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പോലും നടപ്പാക്കാനായില്ലെന്ന് പറഞ്ഞാല്‍ അത് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള നിസ്സകരണം കാരണമാണ്. പല ആശുപത്രികളും നഴ്‌സുമാര്‍ക്ക് നല്‍കുന്നത് 2000 രൂപയൊക്കെയാണ്. സര്‍ക്കാരിന്റെ എല്ലാ സ്ഥാപനങ്ങളെയും കരിവാരിതേക്കാനുള്ള മാനേജ്‌മെന്റിന്റെ മനപൂര്‍വ്വമായ ശ്രമമായേ കാണാനാവൂ.

ഇവിടെ എല്‍.ഡി.എഫ് യു.ഡി.എഫ് സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചു. ഇവരെയെല്ലാം അട്ടിമറിക്കുന്ന തരത്തിലുള്ള പോക്കാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇതിനെ വെച്ചുപൊറുപ്പിക്കാനാവില്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. അവരെല്ലാവരും വിചാരിക്കുന്നത് ഈ പ്രശനത്തെ ലളിതമായി കൈകാര്യം ചെയ്യാമെന്നാണ്. ലളിതമായി കൈകാര്യം ചെയ്യാം, പക്ഷേ, ഒരു ജീവനക്കാരന് കൊടുക്കേണ്ട വേതനം കൊടുക്കണം. അതൊരിക്കലും 2009ല്‍ സര്‍ക്കാര്‍വന്നതാവരുത്‌. അത് കഴിഞ്ഞ് ഇപ്പോള്‍ മൂന്ന് വര്‍ഷമായി. ഇക്കാലയളവിനുള്ളില്‍ പലമാറ്റങ്ങളും ഇവിടെയുണ്ടായി. സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. ഇതെല്ലാം കണക്കുകൂട്ടിയുള്ള ഒരു തുകയാണ് ഞങ്ങള്‍ നിര്‍ദേശിക്കാന്‍ പോകുന്നത്.

ലേബര്‍ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എത്രത്തോളം ഫലപ്രദമാണ്?

ലേബര്‍ കമ്മീഷനൊക്കെ ഇടപെടുന്നുണ്ട്. എന്നാല്‍ അതൊന്നും അത്ര ഫലപ്രദമാകുന്നില്ല. അവരിപ്പോള്‍ പറയുന്നത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ കിട്ടിയശേഷം ആവശ്യമായ നടപടികളെടുക്കാമെന്നാണ്.

സമരത്തിന് പങ്കെടുക്കുന്ന നഴ്‌സുമാര്‍ക്കെതിരെ ശാരീരിക പീഡനമുള്‍പ്പെടെയുള്ള പ്രതികാരനടപടികള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതായി വാര്‍ത്തകളുണ്ട്. അത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ടോ?

നഴ്‌സിംഗ് ഫീല്‍ഡെന്ന് കേട്ടുകഴിഞ്ഞാല്‍ പൊതുവെയൊരു ധാരണയുണ്ട്. നഴ്‌സുമാരല്ലേ, അവരെ എന്തും ചെയ്യാമെന്ന്. എന്നാല്‍ അത്തരത്തിലുള്ള യാതൊരു പരാതിയും എനിക്ക് ലഭിച്ചിട്ടില്ല. പിന്നെ സമരം ഉണ്ടായതിനുശേഷം ചില ഭാഗത്ത് ഭീഷണിപ്പെടുത്തി കാര്യം നടത്താമെന്ന തരത്തില്‍ മാനേജ്‌മെന്റിന്റെ ഇടപെടലുണ്ടായി. ശാരീരികമായി കൈകാര്യം ചെയ്യാം. പാവപ്പെട്ട നഴ്‌സുമാരല്ലേ എന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. ഇത്തരത്തില്‍ ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ സ്ഥിതി തൃപ്തികരമാണോ?
അവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. പക്ഷെ അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. സര്‍ക്കാര്‍ നല്‍കുന്നത് മാന്യമെന്ന് പറയാവുന്ന ശമ്പളമാണ്. കഴിഞ്ഞദിവസം എന്നെ കാണാന്‍ ഒരാള്‍ വന്നിരുന്നു. മാനേലിക്കരയിലുള്ള പുരുഷ നഴ്‌സാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ സീനിയര്‍ നഴ്‌സാണ്. ഞാന്‍ ആദ്യം ചോദിച്ചത് നിങ്ങള്‍ക്ക് എത്ര രൂപ കിട്ടുന്നുണ്ടെന്നാണ്. 40,000 രൂപയെന്നാണ് അയാള്‍ പറഞ്ഞത്. നാല്‍പ്പതിനായിരം രൂപയെന്നു പറയുമ്പോള്‍ ഒരാള്‍ക്ക് സുഖമായി ജീവിക്കാനുള്ള പണമുണ്ട്.

ഇതല്ലെങ്കില്‍ ഇതിനടുത്തൊരു സംഖ്യ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് കിട്ടുന്ന സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ പിന്നെ നമ്മള്‍ കഷ്ടപ്പെടുന്നതെന്തിന്. ഞങ്ങള്‍ ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതും  ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത ചുമതലയും ഇതാണ്. മാന്യമായ സേവന വേതന വ്യവസ്ഥകള്‍ ഉണ്ടാക്കണം. അതിനുള്ള ശ്രമമാണ് ഈ നടത്തുന്നത്.

ജോലി സമയത്തിന്റെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക?

ജോലിസമയത്തിന്റെ കാര്യത്തില്‍ കുറച്ചൊക്കെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും അത് പ്രാബല്യത്തില്‍ വരുത്തുന്നില്ല. ഏഴ് മണിക്കൂര്‍ മുതല്‍ 12ഉം അതില്‍കൂടുതല്‍ മണിക്കൂറുകളും ജോലിചെയ്യിക്കുന്ന സ്ഥാപനമുണ്ട്. അഞ്ചെട്ട് മണിക്കൂര്‍ ജോലി ചെയ്യിച്ച് ഒരു മണിക്കൂറോ മറ്റോ ഇടവേള നല്‍കി വീണ്ടും ജോലി ചെയ്യിക്കുകയാണ് ചെയ്യുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കും. ഡോക്ടര്‍മാരെയും മറ്റും അവരിങ്ങനെ ജോലി ചെയ്യിക്കുന്നില്ലല്ലോ. അതേപോലെ തന്നെയാണ് നഴ്‌സുമാരുടെ കാര്യവും.

ജോലി സമയത്തെ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള നീക്കമാണ് ഞങ്ങള്‍ നടത്തുക. ഈ ശ്രമം വിജയിച്ചില്ലെങ്കില്‍ ഈ അടുത്തകാലത്തൊന്നും ഇത്തരമൊരു അവസരം ലഭിക്കില്ല.

നഴ്‌സിംഗ് സമരം നടന്നുകഴിഞ്ഞ് പ്രശ്‌നം പരിഹരിച്ചെന്ന് പറയുന്ന പല സ്ഥാപനങ്ങളിലും വീണ്ടും സമരം ആരംഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച്?

കോഴിക്കോട് നഗരത്തില്‍ പോലും പല സ്ഥലത്തും വീണ്ടും സമരം തുടങ്ങി. ലേക് ഷോറിലും ഇപ്പോള്‍ തുടങ്ങി. ടി.വി ഓണ്‍ ചെയ്താല്‍ ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ കേള്‍ക്കാം. ചെറിയ ചെറിയ പ്രശ്‌നങ്ങളാവാം ഇതിന് കാരണം. ഈ പ്രശ്‌നങ്ങളൊക്കെ പഠിച്ച് തീരുമാനമെടുക്കും.

മാനേജ്‌മെന്റ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ പോലും അംഗീകരിക്കുന്നില്ലെന്ന പരാതിയുണ്ടല്ലോ. മന്ത്രിതന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഇത്തരത്തിലുള്ള ഒരുപാട് പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വേണ്ടവിധത്തില്‍ അതിന് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും.

ഈ മേഖലയെന്ന് പറയുന്നത് ഇതുവരെ ആരും വേണ്ടത്ര ശ്രദ്ധകൊടുക്കാത്ത മേഖലയാണ്. ഞങ്ങളേതായാലും ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഇനി വിജയം കണ്ടെല്ലാതെ തിരിച്ചുകയറില്ല. ഒരു മാസത്തിനുള്ളില്‍ ഈ പരിഹാരം ഞങ്ങള്‍ മുന്നോട്ടുവച്ചിരിക്കും.

നഴ്‌സിംഗ് മേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ യൂണിയന് സാധിക്കുന്നുണ്ടോ?
സാധിക്കുന്നില്ല എന്നുപറയാം. കാരണം എന്തുകൊണ്ടാണ് ഇത്രയും നാളും ഈ പ്രശ്‌നമുണ്ടായിട്ട് അത് പരിഹരിക്കാന്‍ വലിയൊരു ശ്രമമുണ്ടായില്ല. അവര്‍ ഈ പ്രശ്‌നങ്ങളൊക്കെ അവഗണിക്കുകയാണ് ചെയ്തത്. ആരും ഈ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ മുന്നോട്ടുവന്നില്ല. കിട്ടുന്ന ശമ്പളം കൊണ്ട് സ്വസ്ഥമായി കഴിയുകയാണ് ചെയ്തത്. 1000 രൂപാ കൊടുക്കുന്നുവെന്ന് എഴുതി കാണിച്ച് 2000 രൂപ കൊടുത്താലും മിണ്ടാതെ അത് വാങ്ങിച്ച് വീട്ടില്‍ പോകും. ഇപ്പോഴാണ് ചില യൂണിയനുകളെങ്കിലും ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ തുടങ്ങിയത്.

ഈ പ്രശ്‌നം ശാശ്വതമായി എങ്ങനെ പരിഹരിക്കാം?

ഒരു വിധം മാന്യമായ ശമ്പളം നേടിക്കൊടുക്കുക. സേവനവ്യവസ്ഥകള്‍ പരിഷ്‌കരിക്കുക. ജോലിഭാരം ലഘൂകരിക്കുകയെന്നല്ല, നഴ്‌സുമാര്‍ക്ക് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിക്കുകയാണ് ചെയ്യുക.

പുരുഷ നഴ്‌സുമാരെ ഒഴിവാക്കുന്നതായി ആക്ഷേപമുണ്ടല്ലോ?

പലയിടങ്ങളില്‍ നിന്നും ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ട്. പുരുഷ നഴ്‌സുമാരാണ് മാനേജ്‌മെന്റുകള്‍ക്കെതിരെ മറ്റുള്ളവരെ ഓര്‍ഗനൈസ് ചെയ്യിക്കുന്നുവെന്നതാണ് അവരോട് വിദ്വേഷം വരാന്‍ കാരണം. ചില നഴ്‌സുമാര്‍ എല്ലാം കണ്ട് മിണ്ടാതിരിക്കും. ഇടപെടുന്ന നഴ്‌സുമാര്‍ക്കാണ് പ്രശ്‌നം നേരിടേണ്ടി വരുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഈ മേഖലയിലെ എല്ലാവര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

 

Advertisement