Categories

ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ ആയുധമെടുക്കണം; യേശു അക്രമത്തിന് ആഹ്വാനം നല്‍കി; വിദ്വേഷ പ്രസംഗവുമായി ആര്‍.എസ്.എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷ പ്രസംഗവുമായി ആര്‍.എസ്.എസ് പ്രഭാഷകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍

രാജ്യത്ത് ക്രിസ്ത്യന്‍ മത വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉത്തരേന്ത്യയില്‍ ഹിന്ദുമത വിശ്വാസികളെ മതംമാറ്റി ക്രിസ്ത്യന്‍ മതം വളര്‍ത്തുകയാണെന്നും ഗോപാല കൃഷ്ണന്‍ ആരോപിക്കുന്നു.

അരുണാചല്‍ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഹിന്ദുക്കളെ വന്‍തോതില്‍ ക്രിസ്ത്യാനികള്‍ മതംമാറ്റത്തിനു വിധേയനാക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.


Dont Miss:നിലയ്ക്കാത്ത കുമ്മനടികള്‍; കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ


നാലുവര്‍ഷം മുമ്പ് അരുണാചല്‍ പ്രദേശില്‍പോയപ്പോള്‍ അവിടുത്തെ ജനസംഖ്യ എട്ടു ലക്ഷമായിരുന്നു. അതില്‍ 20,000 പേര്‍ മാത്രമാണ് ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരായി ഉണ്ടായിരുന്നത്.

എന്നാല്‍ ഈ വര്‍ഷം അരുണാചല്‍ പ്രദേശില്‍ പോയപ്പോള്‍ ജനസംഖ്യ എട്ടര ലക്ഷമായി വര്‍ദ്ധിച്ചിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. അതില്‍ ആറരലക്ഷം പേര്‍ ക്രിസ്ത്യാനികളായി മാറിയിരിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.


Also Read: ഗുജറാത്തില്‍ ദളിത് യുവാവിനുനേരെ വെടിവെപ്പ്: സംഭവം ദളിതര്‍ ഏറ്റവും സുരക്ഷിതര്‍ ഗുജറാത്തിലെന്ന അമിത് ഷായുടെ അവകാശവാദത്തിന് പിന്നാലെ


2.8 ശതമാനം ക്രൈസ്തവര്‍ മാത്രമേ ഇന്ത്യയിലുള്ളുവെന്നാണ് ഹിന്ദുക്കളൊക്കെ കരുതുന്നത്. എന്നാല്‍ ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് 18 ശതമാനമാണ് ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം. കേരളത്തില്‍ 51 ശതമാനം ഹിന്ദുക്കള്‍ ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ 38 ശതമാനം ഹിന്ദുക്കള്‍ മാത്രമേ സംസ്ഥാനത്തു നിലവിലുള്ളു. അതുപോലെ രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണവും കുറഞ്ഞു വരികയാണ്’- ഗോപാലകൃഷ്ണന്‍ പറയുന്നു.

പ്രസംഗത്തിനിടയില്‍ ബൈബിളിലെ ചില വാക്യങ്ങള്‍ യേശുക്രിസ്തു അക്രമം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന തരത്തില്‍ ഗോപാലകൃഷ്ണന്‍ വായിക്കുന്നുമുണ്ട്. തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യണമെന്നു യഹോവയും ക്രിസ്തുവും അനുയായികളോടു ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നത്.

താന്‍ സമാധാനം സ്ഥാപിക്കുവാനല്ല വന്നിട്ടുള്ളതെന്നു യേശുക്രിസ്തു പറഞ്ഞിട്ടുള്ളതെന്ന് ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ബൈബിളിലെ വരികളെന്ന് പറഞ്ഞ് ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

ക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തതുപോലെ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന ആഹ്വാനമാണ് ഗോപാലകൃഷ്ണന്‍ തന്റെ ക്ഷേത്ര പ്രസംഗത്തിലൂടെ നടത്തുന്നത്.

ധര്‍മ്മം സംരക്ഷിക്കുവാന്‍ ഭീഷ്മര്‍ക്കെതിരെ ശിഖണ്ഡിയെ മുന്‍നിര്‍ത്തി അര്‍ജുനന്‍ അമ്പെടുത്തു. ദ്രോണരെ കൊല്ലാന്‍ യുധിഷ്ഠിരന്‍ കള്ളം പറഞ്ഞു. ഇത് കൃഷ്ണന്‍ കാണിച്ചു തന്ന വഴിയാണ്. ഗോപാലകൃഷ്ണന്‍ കാണിച്ചു തന്ന വഴിയല്ല- പ്രസംഗത്തില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ഇന്ത്യയിലെ ഹിന്ദുക്കളെ മതം മാറ്റാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ 69,000 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുക്കിയിട്ടുണ്ടെന്നുള്ള ആരോപണവും ഗോപാലകൃഷ്ണന്‍ ഉന്നയിക്കുന്നുണ്ട്. രണ്ടരലക്ഷം അച്ചന്‍മാരും കന്യാസ്തീകളും മതംമാറ്റത്തിനു കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്.

അതേസമയം തന്നെ തനിക്കു ക്രിസ്ത്യാനികളോട് യാതൊരുവിധ വിരോധവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗമധ്യേ അവകാശപ്പെടുന്നുണ്ട്. താന്‍ ഓരോ പുസ്തം പുറത്തിറക്കുമ്പോഴും പള്ളിപ്പറമ്പ് കാവിനടുത്തുള്ള മത്തായിസാറിനു നല്‍കി നമസ്‌കരിക്കാറുണ്ടെന്നും തനിക്കു ശാസ്ത്രജ്ഞനായി നിയമനം തന്ന ഡോ. എ ജി മാത്യുവിന്റെ കാല്‍ ഇപ്പോഴും താന്‍ തൊട്ടു തൊഴാറുണ്ടെന്നും ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു മതവിരോധിയായി കാണരുതെന്ന് കൂടി പ്രസംഗത്തില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞുവെക്കുന്നു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെ അറസ്റ്റ് ചെയ്ത നടപടിക്ക് പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ പുതിയ പ്രഭാഷണ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.