കോട്ടക്കല്‍: പത്മഭൂഷന്‍ ഡോ.പി.കെ.വാര്യര്‍ നവതിയുടെ നിറവില്‍. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ആയ അദ്ദേഹം അറിയപ്പെടുന്ന ആയുര്‍വേദ ആചാര്യനാണ്. മലയാള മാസപ്രകാരം ബുധനാഴ്ച അദ്ദേഹത്തിന് തൊണ്ണൂറ് തികയും. എന്നാല്‍ ജൂണ്‍ അഞ്ചിനാണ് പിറന്നാള്‍ ആഘോഷം.

1921 ജൂണ്‍ 5ന് കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടേയും പാര്‍വതി വാരസ്യാരുടെയും മകനായി കോട്ടക്കല്‍ ജനനം.1947ല്‍ അദ്ദേഹം ആര്യവൈദ്യശാല ഫാക്ടറി മാനേജരായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1953ല്‍ ജ്യേഷ്ഠന്‍ പി.എം.വാര്യരുടെ നിര്യാണത്തെത്തുടര്‍ന്ന് വൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആര്യവൈദ്യശാലയുടെ വളര്‍ച്ച തുടങ്ങിയത്.

കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം ആര്യവൈദ്യശാലയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

പത്മഭൂഷനു പുറമേ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പത്മശ്രീ, ആള്‍ ഇന്ത്യ ആയുര്‍വേദ കോണ്‍ഗ്രസിന്റെ ‘ആയുര്‍വേദ മഹര്‍ഷി,’ ബൃഹത്രയീരത്‌ന, കേരള സര്‍ക്കാരിന്റെ അഷ്ടാംഗരത്‌ന പുരസ്‌കാരം എന്നിവ അദ്ദേഹം നേടി.

കാഠമണ്ഡുവില്‍ നിന്ന് ഭൂപ്പാല്‍ മാന്‍സിങ് കാര്‍ക്കി പുരസ്‌കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയസ് പുരസ്‌കാരം മുംബൈ ധന്വന്തരി ഫൗണ്ടേഷന്റെ ധന്വന്തരി പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിരുന്നു.

പാദമുദ്രകള്‍ എന്ന ഗ്രന്ഥം അദ്ദേഹമെഴുതിയതാണ്. സ്മൃതിപര്‍വ്വമാണ് ആത്മകഥ.