ബ്രിസ്‌ബേന്‍ : ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ജയന്ത് പട്ടേല്‍ ശസ്ത്രക്രിയാ പിഴവുമൂലം മൂന്നു രോഗികളുടെ മരണത്തിനും ഒരാളെ ആജിവനാന്തം രോഗശയ്യയിലാക്കുന്നതിനും ഇടയാക്കിയെന്ന് ഓസ്‌ട്രേലിയന്‍ കോടതി. ബ്രിസ്‌ബേനിലെ സൂപ്രീംകോടതിയില്‍ പ്രോസിക്യൂട്ടര്‍ റോസ് മാര്‍ട്ടിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മെര്‍വിന്‍ ജോണ്‍ മോറിസ് , ജെയിംസ് എഡ്വാര്‍ഡ് ഫിലിപ്‌സ്, ഗാരി കെംപ്‌സ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനുള്ള തെളിവുകള്‍ അടുത്തുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദക്ഷിണ ക്വീന്‍സ്‌ലന്‍ഡിലെ ബുന്‍ഡാബെര്‍ഗ് ബെയ്‌സ് ആശുപത്രിയില്‍ ശസ്ത്രക്രിയാവിഭാഗം ഡയറക്ടറായിരിക്കേ 2003നും 2005നും ഇടയില്‍ പട്ടേല്‍ കുറ്റം ചെയ്തതായാണ് ആരോപണം. യുഎസിലെ പോര്‍ട്ട്‌ലാന്‍ഡില്‍നിന്നു 2008ലാണ് ഇയാള്‍ പിടിയിലായത്. ഓസ്‌ട്രേലിയന്‍ കോടതിയില്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കും.

അതേസമയം, ജയന്ത് പട്ടേല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കോടതിയില്‍ നിഷേധിച്ചു.