കോഴിക്കോട്: ദേശീയ അവാര്‍ഡ് ജൂറിയില്‍ മലയാളികള്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്തവണ മലയാള സിനിമക്ക് അംഗീകാരം കിട്ടിയതെന്ന് സിനിമാ സംവിധായകന്‍ ഡോ.ബിജു.

അഭിനയ രംഗത്തും സംവിധാന രംഗത്തും പുതിയ ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കുന്നുവെന്നത് ഏറെ സന്തോഷകരമാണ്. വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവര്‍ അംഗീകരിക്കപ്പെടുന്നുവെന്നതിന് തെളിവാണ് ഈ അവാര്‍ഡെന്നും ബിജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നടന്‍മാരുടെയും സംവിധായകരുടെയും പേര് നോക്കി അവാര്‍ഡ് നല്‍കിയിരുന്ന സ്ഥിതി മാറുന്ന കാഴ്ചയാണ് ഇത്. സിനിമയുടെ യോഗ്യത നോക്കിയാണ് ഇപ്പോള്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. സാധരാണ മുന്‍നിര താരങ്ങളുടെ സാന്നിധ്യത്തില്‍ അഭിനയ മികവുണ്ടായാലും മറ്റുള്ളവര്‍ പിന്തള്ളപ്പെട്ടു പോവുന്ന സാഹചര്യമായിരുന്നു ഉണ്ടാവാറുള്ളത്.

സലിംകുമാറിനെ പോലുള്ള ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുക വഴി ജൂറി ഈ പതിവ് തെറ്റിച്ചിരിക്കയാണ്. മലയാള സിനിമാ വ്യവസായം സലിംകുമാറിനെപ്പോലുള്ള പ്രതിഭകളെ ഇനിയും വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന സിനിമക്കാണ് മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്.