കൊച്ചി: സിനിമാ മേഖലയില്‍ പുരുഷാധിപത്യവും താരാധിപത്യവും ഊട്ടിയുറപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് അക്കമിട്ട് നിരത്തി സംവിധായകന്‍ ഡോ. ബിജു. താരസംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കുനേരെ താരങ്ങള്‍ കൂക്കിവിളിച്ച സംഭവത്തില്‍ പ്രതികരിച്ചുകൊണ്ടാണ് ഡോ.ബിജു ഇത്തരമൊരു വിമര്‍ശനം മുന്നോട്ടുവെച്ചത്.

താരങ്ങളുടെ ആ കൂവല്‍ കേട്ട് മാധ്യമങ്ങള്‍ പിന്നോട്ടുപോകേണ്ടതില്ല എന്നു പറഞ്ഞ അദ്ദേഹം ആ കൂവല്‍ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. മലയാള സിനിമാ രംഗത്തെ സംബന്ധിച്ച അപകടകരമായ പല സംസ്‌കാരങ്ങളും രൂപപ്പെടുത്തിയതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയുന്ന അദ്ദേഹം അക്കമിട്ട് നിരത്തി തന്റെ ആരോപണം വിശദീകരിക്കുകയും ചെയ്യുന്നു.

ഡോ.ബിജുവിന്റെ വിമര്‍ശനങ്ങള്‍:

1. മലയാള സിനിമയെ ഇത്രമേല്‍ (പുരുഷ) താരകേന്ദ്രീകൃതമായ ഒന്നാക്കി മാറ്റിയതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ളത് മാധ്യമങ്ങള്‍ ആണ്. സിനിമ എന്നാല്‍ താരങ്ങള്‍ മാത്രം എന്ന നിലയില്‍ താരങ്ങളെ ഗ്ലോറിഫൈ ചെയ്തതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മറ്റൊരിടത്തും ഇല്ലാത്ത വിധം സിനിമ എന്നത് താരങ്ങള്‍ മാത്രം എന്ന തരത്തിലേക്ക് ചുരുക്കി താരങ്ങളുടെ അടുക്കള വിശേഷം വരെ ആഘോഷമായി കൊണ്ടാടി സിനിമയെ താരങ്ങളുടെ പൈങ്കിളി വര്‍ത്തമാനങ്ങളും സ്വയം പുകഴ്ത്തലുമായി മാത്രം തരം താഴ്ത്തുന്ന ഒരു മാധ്യമ സംസ്‌കാരം ആണ് മലയാള മാധ്യമങ്ങള്‍ എല്ലാം തന്നെ കൈക്കൊണ്ടത്. ഇതിലൂടെ താരങ്ങളുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുകയും സിനിമ കടുത്ത താര കേന്ദ്രീകൃതമാക്കുകയും ചെയ്യാന്‍ മാധ്യമങ്ങള്‍ സഹായിച്ചു. നിങ്ങള്‍ തന്നെ അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും കൊണ്ടാടി പൈങ്കിളി മഹത്വവല്‍ക്കരിച്ച അതേ സമൂഹം തന്നെയാണ് നിങ്ങളെ ഇന്നലെ ആ ഹാളിലിരുന്ന് കൂവി വിളിച്ചത്.


Don’t Miss: ‘അഞ്ചുപൈസയുടെ ജനാധിപത്യം ഇതിലൊന്നിലുമില്ല’: സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു


2. മലയാളത്തില്‍ മറ്റെല്ലാ കലാരൂപങ്ങള്‍ക്കും സാഹിത്യ രൂപങ്ങള്‍ക്കും മുകളില്‍ സിനിമാക്കാര്‍ക്ക് സ്ഥാനം കല്‍പിച്ചു നല്‍കിയത് ഇവിടുത്തെ മാധ്യമങ്ങള്‍ ആണ് . സിനിമ ഒഴികെയുള്ള മറ്റെല്ലാ കലാ രൂപങ്ങളെയും കലാകാരന്മാരെയും തിരസ്‌കൃതമാക്കുകയും സിനിമാ താരങ്ങളെ അവര്‍ക്കെല്ലാം മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തത് ഇവിടുത്തെ മാധ്യമങ്ങള്‍ ആണ് .

3. മലയാളത്തില്‍ നല്ല സിനിമകള്‍ നിര്‍മിക്കാന്‍ ഉള്ള അന്തരീക്ഷം പോലും ഇല്ലാതാക്കിക്കളഞ്ഞത് മാധ്യമങ്ങള്‍ ആണ്. ടെലിവിഷന്‍ ചാനലുകളുടെ സാറ്റലൈറ്റ് റൈറ്റ് എന്ന ഏര്‍പ്പാടാണ് മലയാളത്തില്‍ നല്ല സിനിമകളുടെയും പരീക്ഷണ സിനിമകളുടേയുമൊക്കെ കൂമ്പടപ്പിച്ചതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത്.

ചില താരങ്ങള്‍ക്ക് സാറ്റലൈറ്റ് റൈറ്റ് മൂല്യം നല്‍കുകയും ആ താരം അഭിനയിക്കുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ ആ താരം ഡേറ്റ് നല്‍കിയാലുടന്‍ ആ സിനിമയ്ക്ക് എത്ര കോടി രൂപയും സാറ്റലൈറ്റ് തുക നല്‍കാം എന്ന തരത്തില്‍ മലയാള സിനിമയുടെ നിര്‍മാണ രംഗത്തെ വഴി തിരിച്ചു വിട്ടത് കേരളത്തിലെ പ്രധാനപ്പെട്ട വിനോദ ചാനലുകള്‍ ആണ്. താരം അഭിനയിക്കുന്നുണ്ടോ എന്നത് മാത്രമായിരുന്നു ടെലിവിഷന്‍ ചാനലുകള്‍ സിനിമയ്ക്ക് പണം നല്‍കുന്നതിലെ ഒരേ ഒരു മാനദണ്ഡം. ആ സിനിമ എന്ത് വിഷയം കൈകാര്യം ചെയ്യുന്നു എന്നതോ ആ സിനിമയുടെ കഥ എന്ത് എന്നതോ പോകട്ടെ ആ സിനിമയുടെ നിര്‍മാതാവോ , സംവിധായകനോ, പിന്നണി പ്രവര്‍ത്തകരോ ആരാണ് എന്നത് പോലും ചാനലുകള്‍ക്ക് വിഷയം അല്ലായിരുന്നു.

സൂപ്പര്‍ താരങ്ങളുടെ അനേകം അനേകം സിനിമകള്‍ ദയനീയമായി തിയറ്ററില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ആ താരങ്ങളെ സൂപ്പര്‍ താരങ്ങളായി തന്നെ നിലനിര്‍ത്താന്‍ സഹായിച്ചത് സാറ്റലൈറ്റ് റൈറ്റ് എന്ന ടെലിവിഷന്‍ ചാനലുകളുടെ ഔദാര്യം ആയിരുന്നു. അതിലൂടെ സിനിമാ നിര്‍മാണരംഗം താരങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതായി മാറ്റുന്നതില്‍ ടെലിവിഷന്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചു. ചെറു സിനിമകളും , കലാമൂല്യ സിനിമകളും , പരീക്ഷണ സിനിമകളും , സമാന്തര സിനിമകളുമൊക്കെ ഈ ടെലിവിഷന്‍ സാറ്റലൈറ്റ് റൈറ്റ് എന്ന ദുര്‍ഭൂതത്തിന്റെ പ്രഹരമേറ്റ് നില തെറ്റി വീണു.

മലയാളത്തിലെ സിനിമാ രംഗത്തെ എല്ലാ നല്ല നിലപാടുകളുടെയും കൂമ്പടച്ച് മലയാള സിനിമയെ മാഫിയവല്‍ക്കരിക്കുകയും കോക്കസ് വല്‍ക്കരിക്കുകയും ചെയ്തത് വീണ്ടു വിചാരമില്ലാത്ത ഈ സാറ്റലൈറ്റ് റൈറ്റ് വിതരണം ആയിരുന്നു. മറ്റെല്ലാ ഭാഷകളിലും വലിയ താരങ്ങള്‍ അഭിനയിക്കുമ്പോള്‍ ഒരു മിനിമം തുക സാറ്റലൈറ്റ് റൈറ്റ് ആയി നല്‍കുകയും പിന്നീട് സിനിമ തിയറ്ററില്‍ വിജയിക്കുകയാണെങ്കില്‍ മാത്രം കൂടുതല്‍ തുക ആനുപാതികമായി നല്‍കുകയും ആയിരുന്നു ടെലിവിഷന്‍ ചാനലുകളുടെ രീതി. മലയാളത്തില്‍ മാത്രമാണ് അത് മാറി താരത്തിന്റെ ഡേറ്റ് ഉണ്ടായാല്‍ മാത്രം മതി സിനിമ എങ്ങനെയായാലും പ്രശ്‌നമില്ല ഉയര്‍ന്ന സാറ്റലൈറ്റ് തുക നല്‍കാം എന്ന അസംബന്ധം നിലനിന്നത്. അതിലും ഉള്ള വിചിത്രമായ കാര്യം മലയാളത്തില്‍ സ്ത്രീ താരങ്ങള്‍ക്ക് ഒന്നും സാറ്റലൈറ്റ് റൈറ്റ് ഇല്ല എന്നതാണ്. സിനിമ എത്ര മേല്‍ പുരുഷ താര കേന്ദ്രീകൃതമാക്കാന്‍ ടെലിവിഷന്‍ ചാനലുകള്‍ സഹായിച്ചു എന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇതില്‍ പല താരങ്ങള്‍ക്കും അവരുടെ മൂല്യം ഉറപ്പിച്ചു നിര്‍ത്തുന്നതിനായി ടെലിവിഷന്‍ കമ്പനികളുമായി വാണിജ്യ പങ്കാളിത്തം വരെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.

4. മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ വിനോദ ചാനലുകളും വാങ്ങിയിരുന്നത് ഏറ്റവും സ്ത്രീ വിരുദ്ധമായ , ഏറ്റവും കീഴാള വിരുദ്ധമായ , നിലവാരം കുറഞ്ഞ തമാശകള്‍ മാത്രം കുത്തി നിറച്ച സിനിമകള്‍ ഒക്കെ തന്നെയായിരുന്നു. പ്രേത്യേകിച്ചും സാറ്റലൈറ്റ് റൈറ്റ് വന്നതിനു ശേഷം. ഒരു വിധത്തിലുള്ള കലാ മൂല്യ സിനിമകളും പരീക്ഷണ സിനിമകളും മലയാളത്തിലെ ചാനലുകള്‍ വാങ്ങിയിരുന്നില്ല. ദേശീയമോ അന്തര്‍ ദേശീയമോ ആയി ശ്രദ്ധേയമായ എത്ര സിനിമകള്‍ മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ ഇത്രയും കാലത്തിനോടകം വാങ്ങിയിട്ടുണ്ട്? . വിരലിലെണ്ണാവുന്നവ പോലുമില്ല. മലയാളത്തെ ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ശ്രദ്ധേയ ചിത്രങ്ങളോട് ചാനല്‍ മേധാവികള്‍ പറയുന്നത് അയ്യോ ഇത് നല്ല സിനിമയാണ് ഞങ്ങള്‍ക്ക് വേണ്ട എന്നാണ് . നല്ല സിനിമ വേണ്ട എന്ന് പറയുന്ന ഒരേ ഒരു ഇടമാണ് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍. ഹിന്ദിയിലും മറാത്തിയിലും ഒക്കെ സീ ടി വിയും, സ്റ്റാര്‍ ടി വിയും ഒക്കെ കലാ മൂല്യ സിനിമകളും ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരം നേടിയ സിനിമകളും വാങ്ങിക്കാന്‍ മത്സരിക്കുമ്പോഴാണ് മലയാളത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ ഇങ്ങനെ പിന്തിരിപ്പന്‍ നിലപാട് എടുക്കുന്നത്. മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലും ഇക്കാര്യത്തില്‍ മോശക്കാരല്ല.

5. മലയാളത്തില്‍ ഏറ്റവും കടുത്ത സ്ത്രീ വിരുദ്ധമായ സിനിമകള്‍ പോലും ഏറ്റവും കൂടുതല്‍ ആഘോഷിച്ചതിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. അടിമുടി സ്ത്രീ വിരുദ്ധമായ മലയാള സിനിമയെ, പുരുഷ കേന്ദ്രീകൃതമായ, സവര്‍ണ്ണ കേന്ദ്രീകൃതമായ മലയാള സിനിമയെ പാലൂട്ടി വളര്‍ത്തുക ആണ് മാധ്യമങ്ങള്‍ മിക്കപ്പോഴും ചെയ്തിട്ടുള്ളത്. 90 വര്‍ഷങ്ങള്‍ ആയിട്ടും പി.കെ റോസിക്ക് ശേഷം ഇന്നേവരെ ഒരു കറുത്ത നായിക ഉണ്ടായിട്ടില്ലാത്ത ഇടമാണ് മലയാള സിനിമ. പുരുഷ താരത്തിന് കോടികള്‍ പ്രതിഫലം കൊടുക്കുമ്പോള്‍ സ്ത്രീ താരത്തിന് ഏറ്റവും കുറഞ്ഞ പ്രതിഫലം മാത്രം കൊടുക്കുന്ന ഒരു തൊഴിലിടം ആണ് മലയാള സിനിമ. സിനിമയില്‍ അടിസ്ഥാനപരമായ തൊഴില്‍ എടുക്കുന്നവരെ അടിമകളെ പോലെ കണക്കാക്കുകയും പെരുമാറുകയും ചെയ്യുന്ന ഭൂരിപക്ഷം ആളുകള്‍ ഉള്ള ഒരു ഇടമാണ് മലയാള സിനിമ. ഏറ്റവും തൊഴിലാളി വിരുദ്ധമായ ഒരു മേഖല ആണ് മലയാള സിനിമ. പക്ഷെ ഈ വിഷയങ്ങളൊക്കെ പലപ്പോഴും മാധ്യമങ്ങള്‍ കാണാറില്ല.

6. കാര്യമായ അഭിനയശേഷി പോലുമില്ലാത്ത ആവറേജ് മനുഷ്യന്മാരെ പോലും ഏതാനും സിനിമകളില്‍ അഭിനയിച്ചു എന്നത് കൊണ്ട് വമ്പന്‍ താരങ്ങളും നടന്മാരും ആക്കി അവരുടെ താരപരിവേഷം അരക്കിട്ട് ഉറപ്പിച്ചു കൊടുക്കാന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇക്കൂട്ടത്തില്‍ നല്ല നടന്മാരും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല. ജീവിതകാലം മുഴുവന്‍ കലയ്ക്ക് വേണ്ടി സമര്‍പ്പിച്ച യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ ജീവിക്കുന്ന അനേകം കലാകാരന്മാര്‍ ഉള്ള നാടാണ് നമ്മുടേത്. നാടക പ്രവര്‍ത്തകരും , അനുഷ്ഠാന കലാകാരന്മാരും, പാരമ്പര്യ കലകളിലെ ആചാര്യന്മാരും, ചിത്രകാരന്മാരും അങ്ങനെ അങ്ങനെ എത്രയോ ശുദ്ധ കലാകാരന്മാര്‍ നമുക്കുണ്ട്. പക്ഷെ മാധ്യമങ്ങളില്‍ അവര്‍ക്ക് താരപരിവേഷം ഇല്ല. മാധ്യമങ്ങള്‍ക്ക് അവരെ അറിയുക പോലുമില്ല . കലയുടെയും കലാകാരന്മാരുടെയും സംസ്‌കാരവും നിര്‍മിതിയും പ്രയോഗവുമൊക്കെ ചാനലുകള്‍ നിര്‍ണ്ണയിക്കുന്നത് പുറംമോടി മാത്രം നോക്കിയാണ്. നിങ്ങള്‍ ഇങ്ങനെ നിര്‍മിക്കപ്പെട്ട ഈ താരങ്ങള്‍ ആരെങ്കിലും ഏതെങ്കിലും ജനകീയ വിഷയങ്ങളില്‍ എപ്പോഴെങ്കിലും പ്രതികരിച്ചു കണ്ടിട്ടുണ്ടോ?

അത് കൊണ്ട് നിങ്ങള്‍ തന്നെ വലിയ താര പരിവേഷം നിര്‍മിച്ചു കൊടുത്ത നിങ്ങള്‍ തന്നെ രൂപപ്പെടുത്തിയെടുത്ത ആ താരങ്ങള്‍ ആണ് നിങ്ങളെ ഇന്നലെ അവിടെ ഇരുന്ന് കൂവി വിളിച്ചു പുറത്താക്കിയത്. പക്ഷെ ഇന്നലെ നിങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളും നിങ്ങള്‍ പുലര്‍ത്തിയ നിലപാടും പൊതുസമൂഹത്തിന് വേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ ആ കൂവലില്‍ നിങ്ങള്‍ക്ക് ഒട്ടും അപമാനം തോന്നേണ്ട കാര്യമില്ല. നിങ്ങളുടെ നിലപാടുകള്‍ക്ക് കിട്ടിയ അംഗീകാരമായി അതിനെ കണക്കാക്കിയാല്‍ മതി. പക്ഷെ ആ കൂവല്‍ മലയാള സിനിമയുടെ സാംസ്‌കാരികതയുമായി ബന്ധപ്പെട്ട് നിങ്ങള്‍ പുലര്‍ത്തിയിരുന്ന നിലപാടുകള്‍ ഒന്ന് തിരിഞ്ഞു നോക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.

സിനിമയിലെ കേമന്മാര്‍ താരങ്ങളാണെന്ന അഭിപ്രായം പങ്കുവെയ്ക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ‘കേരളം വിട്ടാല്‍ ഇന്ത്യയിലും ലോകത്തെ നിരവധി രാജ്യങ്ങളിലും സിനിമയെ ഗൗരവമായി വീക്ഷിക്കുന്ന സമൂഹത്തിന് മലയാള സിനിമ എന്നാല്‍ ഇപ്പോഴും മൂന്നോ നാലോ പേരുകളേ അറിയുള്ളൂ അവ അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ഷാജി എന്‍ കരുണ്‍, ടി.വി ചന്ദ്രന്‍ എന്ന പേരുകളാണ്. അല്ലാതെ ഏതെങ്കിലും താരങ്ങളുടെ അല്ല. നേരിട്ട് 23 രാജ്യങ്ങളില്‍ നിന്നും ബോധ്യപ്പെട്ട വസ്തുതയാണ്.’ അദ്ദേഹം കുറിക്കുന്നു.