നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടലിനെ മൗനംകൊണ്ടു ന്യായീകരിച്ചവരും സിനിമയെ അനുമോദിക്കുന്നുണ്ടായിരുന്നു. നാട്ടില്‍ അനീതിയാളുമ്പോള്‍ ഒരു വാക്കുകൊണ്ടുപോലും പ്രതിഷേധിക്കാന്‍ ധീരത കാട്ടാത്തവര്‍ ഇനി നിരൂപണവുമായി വരും. വരട്ടെ. അത്രയെങ്കിലും ചെയ്യിക്കാന്‍ ബിജുവിനു കഴിയുന്നു. അഭിവാദ്യം സഖാവേ.


kadu

ഭരണകൂടത്തിന്റെ ഉപശാലകളും ഉപകരണങ്ങളുമെല്ലാം നിസ്സഹായമാകുന്ന ചില നേരങ്ങളുണ്ട്. അപ്പോഴത് ആയുധങ്ങള്‍ താഴെവച്ച് കരുണയ്ക്കുവേണ്ടി യാചിക്കും. മുറിവേറ്റ മനുഷ്യത്വം പിടഞ്ഞെണീക്കുന്ന, മരവിച്ച പൗരബോധം പൊള്ളിപ്പിടയുന്ന നേരമാവണം അത്. അധികാരം എത്ര ദുര്‍ബ്ബലമായ അടിത്തറയില്‍ കാലൂന്നിയാണ് മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്നതെന്ന് തുറന്നുകാട്ടുകയാണ് ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം .

പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലമാണ് കഥയുടേത്. വനത്തിലെ ആദിവാസികള്‍ പഠിക്കുന്ന ഒരു സ്‌കൂള്‍ പൊലീസ് ക്യാമ്പാവുന്നു. സ്‌കൂളിനെ പൊലീസ് ക്യാമ്പാക്കുന്നത് പ്രദേശത്ത് ആരും ഇഷ്ടപ്പെടുന്നില്ല. തുടര്‍ന്നു നടക്കുന്ന പോസ്റ്റര്‍ പ്രചാരണത്തിനിടെ കാട്ടിനകത്തുവച്ച് ഒരു ആക്റ്റിവിസ്റ്റ് യുവതിയെ പൊലീസ് കീഴ്‌പ്പെടുത്തുന്നു. യുവതിയെ പിന്തുടര്‍ന്ന് ഓടുന്നതിനിടയില്‍ പൊലീസുകാരന്‍ ഏറെ ദൂരം കാട്ടിനകത്തേക്ക് എത്തിയിരുന്നു. സംഘത്തില്‍നിന്ന് അയാള്‍ ഒറ്റപ്പെട്ടു. യുവതി പിടിയിലായെങ്കിലും പുറത്തു കടക്കാന്‍ അവരുടെ സഹായം കൂടിയേ കഴിയു. അധികാര ധാര്‍ഷ്ട്യം നിസ്സഹായതയിലേക്കു വഴി മാറുന്നു. വെറും മനുഷ്യനാവുന്ന പൊലീസുകാരന്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെന്തെന്നു തിരിച്ചറിയുന്നു.

അടിത്തട്ടിലെ ക്ഷോഭങ്ങളുടെ യുക്തിയും ഭരണകുട ഭീരുത്വവും ഇപ്പോള്‍ അയാള്‍ക്കറിയാം. ആദിവാസികളുടെ ഉണര്‍വ്വാണ് കാടിന്റെ വസന്തം. യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു വെട്ടിമാറ്റപ്പെട്ട ആയുധജീവിതങ്ങളുടെ വിധി പൊലീസുകാരനെ പൊള്ളിച്ചുതുടങ്ങി. കാട്ടില്‍വച്ച് മനുഷ്യത്വത്തെ പരിചയപ്പെട്ടതിനു ശേഷം അയാള്‍ക്കു ലോകം പഴയതുപോലെയാവുക വയ്യ.
kadu
അനീതിക്കെതിരായ ശബ്ദമുയരുമ്പോള്‍ മാവോയിസമെന്ന് അലമുറയിടുന്നതിന്റെ കാപട്യവും കൗശലവും ബിജു തുറന്നടിക്കുന്നു. നീതിയുടെ ശബ്ദത്തിനും ശരീരത്തിനും മാവോയിസമെന്നാണു പേരെങ്കില്‍ തങ്ങളുടെ പേരതുതന്നെയെന്ന് പോരാളികള്‍ക്കു പ്രഖ്യാപിക്കേണ്ടി വരുന്നു. മണ്ണുള്‍പ്പെടെ പൊതു വിഭവങ്ങളെല്ലാം കവര്‍ന്നെടുത്ത് ജനങ്ങളെ ജീവിതത്തില്‍നിന്നു പുറന്തള്ളുന്ന ഭരണകൂടമാണ് ആദ്യം വിചാരണ ചെയ്യപ്പെടേണ്ടതെന്ന് ഈ ചലച്ചിത്രം ഓര്‍മ്മിപ്പിക്കുന്നു. കാടിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായി ബിജു രാജ്യത്തു തീ പടര്‍ത്തുന്ന രാഷ്ട്രീയ കഥ പറഞ്ഞിരിക്കുന്നു.

പ്രേക്ഷകര്‍ നല്ല പിന്തുണയാണ് സിനിമയ്ക്കു നല്‍കിയത്. സംഭാഷണങ്ങളുടെ രാഷ്ട്രീയ ധ്വനികള്‍ തിയേറ്ററിര്‍ പലതവണ കയ്യടികളുയര്‍ത്തി. നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടലിനെ മൗനംകൊണ്ടു ന്യായീകരിച്ചവരും സിനിമയെ അനുമോദിക്കുന്നുണ്ടായിരുന്നു. നാട്ടില്‍ അനീതിയാളുമ്പോള്‍ ഒരു വാക്കുകൊണ്ടുപോലും പ്രതിഷേധിക്കാന്‍ ധീരത കാട്ടാത്തവര്‍ ഇനി നിരൂപണവുമായി വരും. വരട്ടെ. അത്രയെങ്കിലും ചെയ്യിക്കാന്‍ ബിജുവിനു കഴിയുന്നു. അഭിവാദ്യം സഖാവേ.

Read more