തിരുവനന്തപുരം: ഡോ: മുഹമ്മദ് അഷീലിനെ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സ്ഥാനത്ത് നീക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. എന്‍ഡോസള്‍ഫാനെതിരെ സ്റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ ശക്തമായി പ്രതികരിച്ചതാണ് നടപടിക്കു കാരണമെന്ന് പറയപ്പെടുന്നു.

ഡോ. അഷീലിന്റെ നേതൃത്വത്തില്‍ അടുത്തയാഴ്ച കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

വി.എസ് സര്‍ക്കാരിന്റെ കാലത്താണ് എന്റോസള്‍ഫാന്‍ റെമഡിയേഷന്റെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി അഷീലിനെ നിയമിക്കുന്നത്. ആ സമയത്തുതന്നെ പ്രതിപക്ഷം ശക്തമായി ഇതിനെ എതിര്‍ത്തിരുന്നു. കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കാരണമാണെന്ന നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് നടന്ന 200 ഓളം പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് അദ്ദേഹം ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഇതിനു പുറമേ എന്‍ഡോസള്‍ഫാനെതിരായി ഡി.വൈ.എഫ്.ഐയുടെ കേസിന് അഷീലിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു.

സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ സ്വതന്ത്ര പ്രതിനിധിയായി പങ്കെടുത്തത് ഡോ. അഷീലായിരുന്നു. ആ സമയത്ത് ഇതിനെതിരെ വിമര്‍ശനവുമായി യു.ഡി.എഫ് രംഗത്തെത്തിയിരുന്നു. അഷീലിനെ വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ലേഖനം മനോരമ പത്രത്തില്‍ വന്നിരുന്നു.

കഴിഞ്ഞ മെയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ അഷീലിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കാസര്‍കോടു നിന്നും ശക്തമായ എതിര്‍പ്പുണ്ടാകുമെന്നതിനാല്‍ തീരുമാനം വൈകിപ്പിക്കുകയായിരുന്നു.