ന്യൂഡല്‍ഹി: ഭാഷാ പണ്ഡിതനും നിരൂപകനുമായ ഡോ. അകവൂര്‍ നാരായണന്‍ ഡല്‍ഹിയില്‍ അന്തരിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന
അദ്ദേഹം പ്രശസതമായ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ കവിതാപ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം എഴുതിയ “വെന്മണി പ്രസ്ഥാനം” കൂടുതല്‍ ശ്രദ്ധ നേടി.
1929ല്‍ കാലടിക്കടുത്ത് ഐതിഹ്യചരിത്ര പ്രശസ്തമായ അകവൂര്‍ മനയിലാണ് അദ്ദേഹം ജനിച്ചത്. 1954ല്‍ തൃശൂരിലെ കേരളവര്‍മ്മ കോളേജില്‍ മലയാളം അദ്ധ്യപകനായ അദ്ദേഹം 1968 മുതല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചു. പഞ്ചാബ്, അലിഗഡ് സര്‍വകലാശാലകളിലും യു ജി സി, യു പി എസ് സി. എന്നീ സ്ഥാപനങ്ങളിലും മുസൂറിയിലെ പൊതുഭരണ അക്കാദമിയിലും മലയാളം ഉപദേഷ്ടാവായിരുന്നിട്ടുണ്ട്. 1994ല്‍ അദ്ധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ചു. പ്രണവം മാസികയുടെ പത്രാധിപരായും സേവനം അനുഷ്ട്ട്ടിച്ചിട്ടുണ്ട്.
അകവൂരിന്റെ ലോകം, വെണ്‍മണി പ്രസ്ഥാനം, വ്യക്തിവിവേകം, കൃഷി ബോധിനി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. അകവൂര്‍ ഗൗരി ഭാര്യയും എ എന്‍ രാജന്‍ , എ എന്‍ അനുജന്‍ , എ എന്‍ ആശ എന്നിവര്‍ മക്കളുമാണ്.
