ന്യൂദല്‍ഹി:സ്ത്രീധന നിരോധന നിയമം കൂടുതല്‍ ശക്തമാക്കുന്നു. സ്ത്രീധനം വാങ്ങുന്നവര്‍ക്ക് ഏഴുവര്‍ഷം  തടവും നല്‍കുന്നവര്‍ക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയുമാണ് ലഭിക്കുക.

Ads By Google

നിലവില്‍ പരമാവധി അഞ്ചുവര്‍ഷം തടവു ശിക്ഷയാണ് സ്ത്രീധനം വാങ്ങുന്നവര്‍ക്ക് ലഭിച്ചിരുന്നത്. ഒരു വര്‍ഷത്തെ ആലോചനയ്ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

സ്ത്രീധന നിരോധന നിയമത്തില്‍ വനിതാശിശുക്ഷേമ വകുപ്പ് വരുത്താന്‍ ഉദ്ദേശിക്കുന്ന ഭേദഗതികള്‍ ഉടന്‍ കേന്ദ്ര മന്ത്രിസഭയില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

വിവാഹിതരാകുന്ന ദമ്പതികള്‍ കൈമാറുന്ന വസ്തുക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ഇതില്‍ 5000 രൂപയില്‍ കൂടുതല്‍ മൂല്യമുളള വസ്തുക്കള്‍ സ്ത്രീധന നിരോധന ഉദ്യോഗസ്ഥനെ കാണിച്ച് സാക്ഷ്യപ്പെടുത്തണമെന്നുള്ള നിയമവും നിര്‍ബന്ധമാക്കാന്‍ പുതിയ ഭേദഗതിയില്‍ പറയുന്നു.

ഈ മാനദണ്ഡം പാലിക്കാതെ വിവാഹം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. കേസില്‍ അടക്കേണ്ട പിഴ കോടതി തീരുമാനിക്കും.

വിവാഹത്തിന്റെ ഭാഗമായി നല്‍കുന്ന വസ്തുക്കള്‍ രജിസ്ട്രര്‍ ചെയ്യുന്നത് വഴി വിവാഹബന്ധം തകരുന്ന സാഹചര്യത്തില്‍ ഇതു അവകാശപ്പെടാനുള്ള സാധ്യത കൂടി ലഭിക്കുമെന്നും വനിതശിശുക്ഷേമ വകുപ്പ് പുതിയ ഭേദഗതി നിര്‍ദേശത്തിലൂടെ വ്യക്തമാക്കുന്നു.

വിവാഹ തിയ്യതി മുതല്‍ ഏഴു വര്‍ഷമായിരിക്കും പുതിയ നിയമം പ്രബാല്യത്തില്‍ ഉണ്ടാകുക. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 8618 സ്ത്രീധന മരണങ്ങളും സ്ത്രീധന നിരോധന നിയമപ്രകാരം 6619 കേസുകളും രജ്‌സ്ട്രര്‍ ചെയ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ ഭേദഗതി സ്ത്രീകള്‍ക്ക് കൂടുതല്‍ നിയമ സുരക്ഷയാണ് ഉറപ്പു നല്‍കുന്നത്.