കൊച്ചി: അധോലോക രാജാവും 1993 മുംബൈ സ്‌ഫോടന പരമ്പരകളിലെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് രഹസ്വാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് മലയാളത്തിലെ പ്രമുഖ പത്രമായ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലും മലയാള സിനിമ നര്‍മ്മാണ രംഗത്തുമാണ് ദാവൂദ് പണമിറക്കുന്നതായി ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്‌. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലെയും വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും ദാവൂദിന്റെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തെ കൂടാതെ മറ്റ് പ്രാദേശിക ഭാഷകളിലെ സിനിമകള്‍ നിര്‍മ്മിക്കാന്‍ ദാവൂദ് ബിനാമി പേരില്‍ പണം നല്‍കിയതായും സൂചനയുണ്ട്. ബോളിവുഡ് സിനിമ രംഗത്തെ ദാവൂദിന്റെ ബന്ധം പരസ്യമായ രഹസ്യമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളും മുംബൈ പോലീസും ഇതു സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ദാവൂദ് ഹിന്ദി സിനിമാ ലോകത്തു നിന്നും അന്യ ഭാഷാ സിനിമകളിലേക്ക് ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത്.

ദാവൂദിനെ സഹായിക്കുന്നതിനായി മൂന്നു പേര്‍ കേരളത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇവരുടെ ഇടപാടുകള്‍ പലതും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും പത്ര വ്യവസായ രംഗത്തും പ്രമുഖനായ ഒരു വ്യക്തി ഇവരുടെ കൂടെയുണ്ടെന്നാണ് സൂചന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാവൂദ് തന്റെ കൂട്ടാളികളെ ഉപയോഗിച്ച് കള്ള നോട്ട് വ്യാപിപ്പിക്കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. അതേസമയം ദാവൂദിന്റെ ആസ്തി 75,000 കോടി രൂപ കവിഞ്ഞതായി എഫ്.ബി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

1980-90കളില്‍ മുംബൈ അധോലോകം കീഴടക്കിയ ദാവൂദ് 1993 സ്‌ഫോടന പരമ്പരകള്‍ക്ക് ശേഷമാണ് രാജ്യം വിടുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ കുറ്റവാളിയെന്ന് ഇന്റര്‍പോള്‍ മുദ്ര കുത്തിയ ദാവൂദ് ഇന്ന് കറാച്ചിയിലുണ്ടെന്നാണ് സൂചന. ആയുധ കച്ചവടത്തിലും മയക്ക് മരുന്നു കള്ളക്കടത്തിലും ഏറെ കാലം തന്റെ സാനിധ്യമറിയിച്ച ദാവൂദ് കഴിഞ്ഞ കുറച്ച് കാലമായി റിയല്‍ എസ്‌റ്റേറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡി-കമ്പനിയെന്ന അധോലോക സംഘത്തിന്റെ തലവനായ ദാവൂദിനെ അധോലോകം ഭായ് എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഭായ് എന്ന പേര് മാറ്റി ബോസ് എന്ന അറിയപ്പെടാനുള്ള ശ്രമത്തിലാണ് ദാവൂദ്.

ഇന്ത്യക്ക് പൂറത്ത് നിന്ന് രാജ്യത്തിന്റെ ഓരോ കോണിലും ഇടപ്പെടുന്ന ദാവൂദിന്റെ മുംബൈയിലെ ബിസിനസ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഇക്ബാലും സഹോദരി ഹസീനയുമാണ് നോക്കിനടത്തുന്നത്. മുംബൈയിലെ റിയല്‍ എസ്‌റ്റേറ്റ് സാധ്യത മനസിലാക്കിയ ദാവൂദ് നേരത്തെ തന്നെ മുംബൈയില്‍ സ്ഥലങ്ങള്‍ തട്ടിയെടുത്തിരുന്നു. നിലവില്‍ പല ഷോപ്പിംങ് മാളുകളും ദാവൂദിന്റെ കൈവശമാണുള്ളത് ബിനാമി പേരുകളിലാണെന്ന് മാത്രം. മുംബൈയിലുള്ള വന്‍കിട സ്ഥലമിടപാടുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ഇക്ബാലാണ്.

 

Malayalam News

Kerala News in English