Categories

ഒളിമ്പിക് സ്റ്റേഡിയത്തിലെ ലോഗോ നീക്കം ചെയ്യാമെന്ന് ഡൗ കെമിക്കല്‍സ്

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലുള്ള എല്ലാ ലോഗോകളും നീക്കം ചെയ്യാമെന്ന് ഡൗ കെമിക്കല്‍സ് അറിയിച്ചു. എന്നാല്‍ 2012 ഒളിമ്പിക്‌സിലെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഡൗ കെമിക്കല്‍സ് ഒഴിവാകണമെന്നു തന്നെയാണ് ഇപ്പോഴും തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു.

1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമാണ് ഡൗ കെമിക്കല്‍സ്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‌സര്‍ ചെയ്യുന്നത് ഈ കമ്പനിയാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ഡൗ കെമിക്കല്‍സ് നേടിയിരിക്കുന്നത്. ഏഴ് മില്യന്‍ ബ്രിട്ടീഷ് പൗണ്ട് ആണ് സ്‌പോണ്‍സര്‍ഷിപ്പ് തുക.

ലണ്ടന്‍ ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരം ഡൗ കെമിക്കല്‍സിന് നല്‍കരുതെന്നാവശ്യപ്പെട്ട് ലോക പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോംസ്‌കി അടക്കമുള്ളവര്‍ ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി അദ്ധ്യക്ഷന്‍ ലോര്‍ഡ് സെബാസ്റ്റ്യന്‍ കോയക്ക് എഴുത്തെഴുതിയിരുന്നു.

ഡൗ കെമിക്കല്‍സ് സ്‌ഫോണ്‍സര്‍ ചെയ്യുന്ന ലണ്ടന്‍ ഒളിമ്പിക്‌സ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും രംഗത്തുവന്നിരുന്നു.

ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലും മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള 22 ഹോക്കി താരങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ഇതേ ആവശ്യം അസോസിയേഷനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ഹോക്കിയില്‍ 14 ഒളിമ്പിക്‌സ് താരങ്ങളേയും 36 ഇന്റര്‍നാഷണല്‍ കളിക്കാരേയും സംഭാവന ചെയ്ത നഗരമാണു ഭോപ്പാല്‍ എന്ന് ചൂണ്ടിക്കാട്ടിയ ഇവര്‍. സലിം അബ്ബാസിയെപ്പോലുള്ള ഒളിമ്പിക് താരത്തിന്റെ കായികജീവിതം അവസാനിപ്പിക്കാന്‍ കാരണമായത് ഭോപ്പാല്‍ ദുരന്തമാണെന്നും വ്യക്തമാക്കിയിരുന്നു.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.